തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങളിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വം തൽകാലം ഇടപെടില്ല. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനോട് ദേശീയ പ്രസിഡന്റ് ജെപി നദ്ദ കേരളത്തിലെ വിഷയങ്ങളിൽ ഒരു പ്രതികരണവും നടത്തിയില്ലെന്നതാണ് വസ്തുത. സുരേന്ദ്രനെ വിളിച്ചു വരുത്തിയാതാണെന്ന പ്രചരണങ്ങളും ദേശീയ നേതൃത്വം തള്ളുകയാണ്. വിവാദങ്ങളൊന്നും ചർച്ചയായില്ലെന്നും വിശദീകരിക്കുന്നു. അതിനിടെ കേരളത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ദേശീയ നേതൃത്വത്തിന് മുന്നിൽ സുരേന്ദ്രൻ വച്ചു കഴിഞ്ഞു. ശോഭാ സുരേന്ദ്രനെതിരായ ഫയലാണ് ദേശീയ അധ്യക്ഷന് നൽകിയതെന്നാണ് സൂചന.

കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സുരേന്ദ്രന്റെ ഫയൽ നൽകൽ. കേന്ദ്ര നേതൃത്വം ചോദിച്ചിട്ടല്ലിത് നൽകിയതെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ ചില പ്രമുഖരുടെ സാമ്പത്തിക ഇടപാടുമായുള്ള വിവരങ്ങളും നൽകിയെന്നാണ് സൂചന. കേരളത്തിലെ പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് കാരണം ഈ ഫയലിലെ വിഷയമാണെന്ന് സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചു. യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന കേന്ദ്ര നിർദ്ദേശം മാത്രമേ താൻ ഭാരവാഹി നിർണ്ണയത്തിൽ പരിഗണിച്ചിരുന്നുള്ളൂ. ആർ എസ് എസ് സംസ്ഥാന ഘടകവുമായി കൂടിയാലോചിച്ചാണ് എല്ലാം ചെയ്തതെന്നും സുരേന്ദ്രൻ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശത്തിലും മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് തെരഞ്ഞെടുപ്പും അടുത്തു വരുന്നതിനാൽ ഫണ്ട് പ്രശ്‌നമാകം. ഈ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ സഹായവും സുരേന്ദ്രൻ നദ്ദയോട് അഭ്യർത്ഥിച്ചു. ഫണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിസന്ധിയാകും. കേരളത്തിൽ ഇടതു ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് വൻതോതിൽ പണമൊഴുക്കൽ സിപിഎം നടത്തും. അതുകൊണ്ട് കൂടുതൽ ഫണ്ട് വേണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. ബീഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷത്തിലായിരുന്നു ബിജെപിയുടെ കേന്ദ്ര നേതൃത്വം. അതുകൊണ്ട് തന്നെ ഇന്നലെ കേരളത്തിലെ വിഷയത്തിൽ സുരേന്ദ്രനോട് ആരും ഒന്നും പറഞ്ഞില്ലെന്നതാണ് വസ്തുത.

ബിജെപിയുടെ കേന്ദ്ര വക്താവായ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനേയും സുരേന്ദ്രൻ സന്ദർശിച്ചു. കേരളത്തിലെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. തൃശൂർ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയും പറഞ്ഞു. പി പരമേശ്വരനുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പേരിലാണ് സുരേന്ദ്രൻ ഡൽഹിയിൽ എത്തിയത്. പുസ്തക പ്രകാശനത്തിന് നദ്ദയുടെ സമയവും ചോദിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് ബീഹാർ തെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും സുരേന്ദ്രന് ഡൽഹിയിലെ കൂടിക്കാഴ്ചകൾക്ക അവസരം കിട്ടിയത്. കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങൾ അതിഗൗരവമായി തുടരുകയാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

ബിജെപി.യിലെ അസംതൃപ്തരെ അനുനയിപ്പിക്കാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തിയ നീക്കം പാളിയിരുന്നു. കൊച്ചിയിൽ അദ്ദേഹം മുതിർന്ന നേതാവ് പി.എം. വേലായുധനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം വഷളായതല്ലാതെ പരിഹരിക്കാനായില്ല. പി.എം. വേലായുധൻ, കെ.പി. ശ്രീശൻ തുടങ്ങിയവർ പുതിയവർക്കായി വഴിമാറണമെന്ന നിർദേശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അസംതൃപ്തരെ ഏകോപിപ്പിക്കുന്ന ശോഭാ സുരേന്ദ്രന് കേന്ദ്രത്തിൽനിന്നും മറ്റുമുള്ള സമ്മർദങ്ങളുടെ ഫലമായി വേണ്ട പരിഗണന കിട്ടിയേക്കുമെന്നും സൂചനയുണ്ട്. ശോഭയെ കോർ കമ്മറ്റിയിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇതിനിടെയാണ് ഫയൽ കൈമാറ്റവും നടന്നത്.

ശോഭയുടേതല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ വ്യക്തമായ ഉറപ്പൊന്നുമില്ല. വി. മുരളീധരന്റെ ഉപദേശങ്ങളിൽ ക്ഷുഭിതാനായാണ് പി.എം. വേലായുധൻ ഗസ്റ്റ് ഹൗസിൽനിന്നു പോയത്. പാർട്ടിയിൽ ജന്മി-കുടിയാൻ ബന്ധമല്ല ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. ശോഭാ സുരേന്ദ്രന്റെയും സംസ്ഥാനത്തെ 24 നേതാക്കളുടെയും പരാതി കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണു കണ്ടിട്ടുള്ളത്. കേന്ദ്ര നേതൃത്വത്തിലുള്ള മലയാളികളായ ടോം വടക്കൻ, അരവിന്ദ് മേനോൻ, ബാലശങ്കർ, രാജീവ് ചന്ദ്രശേഖർ, അബ്ദുള്ളക്കുട്ടി എന്നിവരോട് കേന്ദ്രനേതൃത്വം കേരളത്തിലെ വിഷയങ്ങളിൽ അഭിപ്രായം തേടിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടി പുതിയ ആളാണെന്നു പറഞ്ഞ് കാര്യങ്ങൾ അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റു നാലുപേരും വിഷയം പരിഹരിക്കേണ്ടതാണെന്ന അഭിപ്രായമാണ് സൂചിപ്പിച്ചിട്ടുള്ളത്.

പാർട്ടിയിലെ വിഷയങ്ങൾ നീളുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കോർ കമ്മിറ്റി കൂടി ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനായിട്ടില്ല. പല ജില്ലകളിലെയും നേതൃത്വം ഗ്രൂപ്പ് തിരിഞ്ഞ് നിൽക്കുന്നതിനാൽ പ്രശ്നപരിഹാരം കാണാൻ കഴിയാത്ത അവസ്ഥയുമുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും തൽകാലം ഈ പ്രശ്‌നങ്ങൾ ഇവിടെ തന്നെ തീർക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.

ശബരിമലവിഷയത്തിൽ വിശ്വാസിസമൂഹത്തിൽനിന്നുണ്ടായ പ്രതികരണംപോലും വോട്ടാക്കുന്നതിൽ കേരളനേതൃത്വം പരാജയപ്പെട്ടത് ബിജെപി. കേന്ദ്രനേതൃത്വത്തെയും അലോസരപ്പെടുത്തുന്നു. വർഷങ്ങളായി സംസ്ഥാനതലത്തിലെ നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പുയുദ്ധമാണ് സംഘടനയെ എങ്ങുമെത്താത്ത നിലയിലേക്ക് കൊണ്ടുപോകുന്നതെന്നാണ് വിലയിരുത്തൽ. ത്രിപുരയിൽപ്പോലും ബിജെപി. ഭരണംപിടിച്ചപ്പോൾ കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്നും കേന്ദ്ര നേതൃത്വത്തിന് അറിയാം. അതുകൊണ്ട് കൂടിയാണ് തന്ത്രപരമായ മൗനം പാലിക്കൽ.