തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപി.യുടെ പരാജയകാരണങ്ങൾ നിരത്തി നേതാക്കളുടെ പഠനറിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗൗരവത്തോടെ എടുക്കും. സ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എം ടി.രമേശ്, സി.കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി.സുധീർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുസംഘമായിട്ടായിരുന്നു പഠനം. സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ഈ സാഹചര്യത്തിൽ സുരേന്ദ്രന്റെ സ്ഥാനം തെറിച്ചേക്കും.

ആർ എസ് എസിൽ നിന്നുള്ള സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശിനെ മാറ്റും. കേരളത്തിലെ ആർഎസ്എസ് പ്രചാരകർക്ക് ഈ ചുമതല ഏറ്റെടുക്കാനും താൽപ്പര്യമില്ല. ഇതോടെ മലയാളിയായ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ വേരുകളുള്ള തിരുവനന്തപുരത്തുകാരൻ ബിജെപിയുടെ കേരളത്തിലെ സംഘടനാ ചുമതലകൾ നയിക്കാൻ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടുപ്പമുള്ള ആർ എസ് എസിലെ ദേശീയ മുഖമാണ് ഈ നേതാവ്. നിലവിൽ ദക്ഷിണേന്ത്യയിലെ സംഘടനാ ചുമതലയാണ് ഈ മലയാളിക്കുള്ളത്. ശാസ്ത്ര മേഖകളിലെ ഇടപെടലിലൂടെ ശ്രദ്ധേയനായ നേതാവ് നേമം സ്വദേശിയുമാണ്.

കേരളത്തിലെ ആർ എസ് എസിനും ഈ നേതാവിനോട് എതിർപ്പില്ല. അരവന്ദ് മേനോനും ആർഎസ്എസ് പ്രചാരകനായിരുന്നു. എന്നാൽ പ്രചാരക് പദവി വിട്ട് കുടുംബ ജീവിതത്തിലേക്ക് ബിജെപിയുടെ ഈ നേതാവ് മാറി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മറ്റൊരു പ്രമുഖനെ ചുമതലയിലേക്ക് എത്തിക്കുന്നത്. രാജഗോപാൽ നേമത്ത് അക്കൗണ്ട് തുറന്നപ്പോൾ പ്രചരണത്തിന്റെ അണിയറയിൽ സജീവമായിരുന്നു ഈ നേതാവ്. ഈ ഘടകവും തിരുവനന്തപുരത്തുകാരനെ ഈ പദവിയിലേക്ക് എത്തിക്കും. പിപി മുകുന്ദന് ശേഷം ഉമാകാന്തനായിരുന്നു കേരളത്തിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറി.

ഉമാകാന്തന് ശേഷം എം ഗണേശ് പദവിയിൽ എത്തി. എന്നാൽ സംഘടനാ പ്രവർത്തനത്തിൽ ഈ കാസർകോടുകാരൻ പൂർണ്ണ പരാജയമായി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് വേരുകളുള്ള നേതാവിനെ സംഘടനാ ചുമതല ഏൽപ്പിക്കുന്നത്. സുരേഷ് ഗോപിയോ ജേക്കബ് തോമസോ പോലും ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് സംഘടനാ പരിചയമുള്ള ആർ എസ് എസുകാരനെ തലപ്പത്തേക്ക് നിയോഗിക്കുന്നത്. ഈ നേതാവ് സമ്മതം മൂളിയിൽ ഉടൻ പാർട്ടിയിൽ അടിമുടി അഴിച്ചു പണി നടക്കും.

35 സീറ്റുകിട്ടിയാൽ കേരളം ഭരിക്കുമെന്ന സംസ്ഥാനപ്രസിഡന്റിന്റെ പ്രസ്താവന പ്രചാരണത്തിനെത്തിയ ദേശീയനേതാക്കളും ആവർത്തിച്ചത് കുതിരക്കച്ചവടം നടക്കുമെന്ന ധാരണ ജനങ്ങൾക്കിടയിലുണ്ടാക്കിയെന്ന വിമർശനം പോലും തോൽവിയെ കുറിച്ച് പഠിച്ച സമിതി മുമ്പോട്ട് വയ്ക്കുന്നു. ഇടതുമുന്നണി ഈ പ്രചാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ ഫലപ്രദമായി ഉപയോഗിച്ചു. ശബരിമലപോലുള്ള മതപരമായ വിഷയങ്ങൾമാത്രമല്ല ജനകീയ വിഷയങ്ങളും സേവനപ്രവർത്തനങ്ങളും പാർട്ടി ഏറ്റെടുക്കണം. നേമം ഗുജറാത്താക്കുമെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന ന്യൂനപക്ഷങ്ങൾ സംശയത്തോടെയാണ് കേട്ടതെന്നും വിലയിരുത്തലുണ്ട്. ഇതിനെല്ലാം കാരണം സംഘടനാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.

ബി.ഡി.ജെ.എസിൽനിന്ന് കാര്യമായ ഗുണംകിട്ടിയില്ല, അമിത ആത്മവിശ്വാസം ദോഷം ചെയ്തു, കഴക്കൂട്ടത്തെ സ്ഥാനാർത്ഥിത്വപ്രശ്‌നം തിരിച്ചടിയായി എന്നുതുടങ്ങി ഒട്ടേറെ കാരണങ്ങളാണ് റിപ്പോർട്ടുകളിൽ എടുത്തുപറയുന്നത്. റിപ്പോർട്ടിൽ ഓരോ മണ്ഡലം കേന്ദ്രീകരിച്ച് സമഗ്രചർച്ചയുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് നേതൃത്വത്തെ തന്നെ മാറ്റാനുള്ള നീക്കം.