- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗണേശിനെ മാറ്റുമെന്ന് ഉറപ്പായപ്പോൾ യോഗത്തിന് എത്തി സുഭാഷ്; തിരുവനന്തപുരം ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധനായി വിവി രാജേഷ്; തിരുവനന്തപുരത്ത് മാറ്റം വേണ്ടെന്ന് തീരുമാനിച്ച് കോർ കമ്മറ്റി; മണ്ഡലം കമ്മറ്റികളെ എല്ലാം രണ്ടാക്കും; സംഘടനാ ജനറൽ സെക്രട്ടറിക്ക് ഇനി അധികകാലമില്ലെന്ന് ആർ എസ് എസും

കൊച്ചി: കേരളത്തിൽ ബിജെപിയിൽ വീണ്ടും സജീവമായി സഹ സംഘടനാ സെക്രട്ടറി കെ.സുഭാഷ്. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ നിന്നു മാസങ്ങളായി വിട്ടുനിന്നിരുന്ന സഹ സംഘടനാ സെക്രട്ടറി കെ.സുഭാഷ് ഇന്നലെ യോഗത്തിനെത്തിയതു ശ്രദ്ധേയമായി. സംഘടനാ സെക്രട്ടറി എം.ഗണേശും ഇദ്ദേഹവും തമ്മിലുള്ള പൊരുത്തമില്ലായ്മ സംഘടനയിൽ വലിയ ചർച്ചയായിരുന്നു. ഗണേശിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് പ്രചാരകൻ കൂടിയായ സുഭാഷ് യോഗത്തിന് എത്തിയത്. ഗണേശിനെ ഉടൻ മാറ്റുമെന്നാണ് ബിജെപി കേന്ദ്രങ്ങളും നൽകുന്ന സൂചന. പാർട്ടി സംസ്ഥാന ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഇന്നലത്തെ കോർ കമ്മറ്റി യോഗം.
പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യമാണെന്നു സംസ്ഥാന കോർ കമ്മിറ്റി നിർദ്ദേശിച്ചു. കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യം പി.കെ.കൃഷ്ണദാസ് പക്ഷം ഉന്നയിച്ചെങ്കിലും അതല്ല, താഴെത്തട്ടിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കുകയാണ് ആവശ്യമെന്നു മറുപക്ഷം വാദിച്ചു. നിലവിലുള്ള 140 മണ്ഡലം കമ്മിറ്റികൾ വിഭജിച്ച് ഇരട്ടിയാക്കി പ്രവർത്തനം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. 4 ജില്ലകളിലെങ്കിലും നേതൃമാറ്റമുണ്ടാകും. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതൽ രാഷ്ട്രീയ ഇടപെടലുകൾക്ക് സംഘടനാ ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് ആവശ്യം. എന്നാൽ ഇത് കോർ കമ്മറ്റി അംഗീകരിച്ചിട്ടില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനെ അടക്കം മാറ്റാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇതിനിടെയാണ് കോർ കമ്മറ്റി യോഗം ചേർന്നത്. പൊട്ടിത്തെറികൾ ഉണ്ടായാൽ എല്ലാവർക്കും പണിയാകുമെന്ന് സംസ്ഥാന നേതൃത്വം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ കോർ കമ്മറ്റിയിൽ വലിയ കടന്നാക്രമങ്ങൾ ഉണ്ടായില്ല. ഗണേശിനെ മാറ്റുമെന്ന സൂചന എല്ലാ കോർ കമ്മറ്റി അംഗങ്ങൾക്കും ആർഎസ്എസ് നൽകിയിട്ടുണ്ട്. ചില സംസ്ഥാന ഭാരവാഹികളെ മാറ്റാനും ധാരണയായിട്ടുണ്ട്. ഇതെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ വേണമെന്ന നിലപാടുമുണ്ട്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെ സംഘടനാ വിഷയത്തിൽ മൗനം തുടരുകയാണ്.
സുരേഷ് ഗോപിയെ പോലുള്ള വ്യക്തിയെ അധ്യക്ഷനാക്കാനാണ് അമിത് ഷായ്ക്ക് താൽപ്പര്യം. 35 സീറ്റുകളിൽ ജയിച്ചാൽ ഭരണം പിടിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിയമസഭ തിരഞ്ഞെടുപ്പിനിടെ ആവർത്തിച്ചു പറഞ്ഞതു പരാജയത്തിനു പ്രധാന കാരണമായെന്നു ജില്ലാ, മണ്ഡലം, പഞ്ചായത്തുതല നേതാക്കൾക്ക് അഭിപ്രായമുണ്ടെന്ന റിപ്പോർട്ടാണ് കോർ കമ്മറ്റി യോഗം ചർച്ച ചെയ്തത്. നേതൃമാറ്റത്തിന്റെ സാധ്യതകളാണ് ഈ റിപ്പോർട്ടിലുള്ളത്.
സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള 4 സമിതികളുടെ വസ്തുതാന്വേഷണ റിപ്പോർട്ടിലാണ് ഈ പരാമർശം. കേവലഭൂരിപക്ഷം ലഭിക്കാതെ ഭരണം നേടുമെന്നു സംസ്ഥാന പ്രസിഡന്റ് തന്നെ പറയുന്നതു തെറ്റായ സന്ദേശം ജനങ്ങളിലേക്കു നൽകി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉള്ളത്.
സംസ്ഥാന സംഘടനാ സെക്രട്ടറിയും മേഖലാ സംഘടനാ സെക്രട്ടറിമാരും അമ്പേ പരാജയമാണെന്നും റിപ്പോർട്ട് പറയുന്നു. പാർട്ടിയുടെ ശക്തി എന്നും ഹിന്ദുത്വത്തിലാണ്. ഒപ്പം ക്രിസ്തീയ വിഭാഗങ്ങളുടെ പിന്തുണ കൂടുതലായി ആർജിക്കണമെന്നും റിപ്പോർട്ട് പറയുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്‌നങ്ങളും ചില മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രികകൾ തള്ളിയതും തിരിച്ചടിയായെന്നു പി.കെ.കൃഷ്ണദാസ് പക്ഷം യോഗത്തിൽ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മണ്ഡലംപഞ്ചായത്ത് തലങ്ങളിൽ ഒട്ടേറെ പേർ പാർട്ടി വിട്ടു. കൊടകര കേസ്, സി.കെ.ജാനുവിനു പണം കൈമാറിയ സംഭവം തുടങ്ങിയവയെല്ലാം പാർട്ടിക്കു നാണക്കേടായെന്നും കുറ്റപ്പെടുത്തലുണ്ടായി.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മുൻ അധ്യക്ഷരായ കേന്ദ്രമന്ത്രി വി.മുരളീധരൻ, ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും സംസ്ഥാന ജനറൽ സെക്രട്ടറിമാരും സംഘടനാ സെക്രട്ടറി, സഹ സംഘടനാ സെക്രട്ടറി, പ്രത്യേക ക്ഷണിതാവായ വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മുൻ അധ്യക്ഷൻ സി.കെ.പത്മനാഭൻ ഇത്തവണയും എത്തിയില്ല.


