തിരുവനന്തപുരം: കേരളത്തിൽ ബിജെപിയെ മുന്നോട്ട് നയിക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും കാസർഗോട്ടും പത്തനംതിട്ടയിലും ജയിച്ചേ മതിയാവൂവെന്നാണ് അമിത് ഷാ കേരള ഘടക്കിന് നൽകിയിരിക്കുന്ന നിർദ്ദേശം. ചിറയിൻകീഴും പാലക്കാടും വമ്പൻ പോരാട്ടം നടത്തണമെന്നും ആവശ്യപ്പെടുന്നു. ഇതിൽ പാലക്കാട് മികച്ച സാധ്യതയാണുള്ളതെന്നാണ് വിലയിരുത്തൽ. തൃശൂരും ബിജെപി പോരാട്ടം കടുപ്പിക്കും. ഇതിനുള്ള തന്ത്രങ്ങളാണ് അമിത് ഷാ തയ്യാറാക്കുന്നത്.

കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ തീർത്തും നിരാശനാണ് അമിത് ഷാ. വിവിധ ഡിപ്പാർട്ടുമെൻരുകൾ സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കാൻ നിയോഗിച്ചിരുന്നു. എന്നാൽ ഇതൊന്നും പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന ഘടകത്തോട് അടിയന്തര റിപ്പോർട്ട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സഹ സംഘടനാ സെക്രട്ടറി സന്തോഷ് നാളെ കേരളത്തിലെത്തും. വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. അമിത് ഷായുടെ അതൃപ്തി അറിയിക്കലാകും സന്തോഷിന്റെ പ്രധാന ഉദ്ദേശം. ഇങ്ങനെ പോയാൽ കേരളത്തിൽ ഒന്നും സംഭവിക്കില്ലെന്നാണ് അമിത് ഷായുടെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് സംഘടനാ സംവിധാനം പൊളിച്ചെഴുതുന്നത്.

കേരളത്തിൽ നിലവിൽ 14 ജില്ലാ പ്രസിഡന്റുമാരും 140 മണ്ഡലം പ്രസിഡന്റുമാരുമാണുള്ളത്. ഇത് പൊളിച്ചെഴുതിയുള്ള പരീക്ഷണമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കേരളത്തെ 28 പാർട്ടി ജില്ലകളായി വിഭജിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തോട് അമിത് ഷാ ആവശ്യപ്പെടുന്നത്. ഓരോ ജില്ലയ്ക്കും രണ്ട് ജില്ലാ പ്രസിഡന്റുമാർ എന്ന തരത്തിൽ വിഭജനം. മണ്ഡലങ്ങളുടെ എണ്ണവും പാർട്ടി തലത്തിൽ 280 ആക്കും. അതായത് നിലവിലെ എല്ലാ മണ്ഡലങ്ങളേയും വിഭജിച്ച് രണ്ടാക്കും. ഇതോടെ 280 മണ്ഡലം പ്രസിഡന്റുമാർ ബിജെപിക്കുണ്ടാകും. ഇതോടെ സ്ഥാന മോഹികളുടെ പരാതികൾ പ്രാദേശിക തലത്തിൽ പരിഹരിക്കാനുമാകും. കൂടുതൽ കാര്യക്ഷമമായ സംഘടനാ പ്രവർത്തനത്തിനാണ് ഇത്തരത്തിൽ കൂടുതൽ കമ്മറ്റികൾ രൂപീകരിക്കുന്നത്.

നേരത്തേയും വലിയ ജില്ലകളിൽ ബിജെപിക്ക് രണ്ട് പ്രസിഡന്റുമാർ ഉണ്ടായിരുന്നു. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നഗര ജില്ലയും ഗ്രാമ ജില്ലയും ഉണ്ടായിരുന്നു. ഇത് പത്തുകൊല്ലം മുമ്പ് വേണ്ടെന്ന് വയ്ക്കുകയും എല്ലാ ജില്ലയ്ക്കും ഓരോ അധ്യക്ഷനെ നിയമിക്കുകയുമായിരുന്നു. ഈ രീതിയാണ് ജില്ലാ തലത്തിൽ വീണ്ടും കൊണ്ടു വരുന്നത്. എന്നാൽ നിയോജക മണ്ഡലം കമ്മറ്റികളെ വിഭജിച്ച് എണ്ണം ഇരട്ടിയാക്കുന്നത് ആദ്യമായാണ്. കേരളത്തിലെ സാഹചര്യത്തിൽ താഴെ തലത്തിലെ സംഘടനാ പ്രവർത്തനം സജീവമാക്കണം. ഇതിന് വേണ്ടിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. അതിനിടെ ബിജെപിക്കാരെ തന്നെ പരമാവധി മണ്ഡലം പ്രസിഡന്റുമാരാക്കാനും തീരുമാനമുണ്ട്.

കഴിഞ്ഞ പുനഃസംഘടനയിൽ ആർ എസ് എസ് നേതാക്കളിൽ പലരേയും ബിജെപിയുടെ മണ്ഡലം ഭാരവാഹികളാക്കി. ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടായില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പരാതികൾ പരിഹരിക്കപ്പെടും വിധം ബിജെപിക്കാരെ തന്നെ ഭാരവാഹികളാക്കാനാണ് നീക്കം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ചർച്ചകൾ സജീവമാണ്. കഴിഞ്ഞ തവണ 10,000 വോട്ടുകൾക്കാണ് ഒ രാജഗോപാൽ പരാജയപ്പെട്ടത്. ഇത്തവണ മണ്ഡലം പിടിച്ചെടുത്തേ പറ്റൂവെന്നാണ് അമിത് ഷായുടെ പക്ഷം. സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ എന്നിവരിൽ ഒരാൾക്കാകും നറുക്ക് വീഴുക. വി മുരളീധരനും സാധ്യതാ പട്ടികയിലുണ്ട്.

പുതിയ ജില്ലാ കമ്മറ്റികളും മണ്ഡലം കമ്മറ്റികളും നിലവിൽ വന്ന ശേഷമാകും സ്ഥാനാർത്ഥികളിൽ തീരുമാനമെടുക്കുക. തിരുവനന്തപുരത്ത് ചിറയിൻ കീഴിലും വമ്പൻ മത്സരം തന്നെ കാഴ്ച വയ്ക്കും. ചിറയിൻകീഴ് സീറ്റ് ബിഡിജെഎസിന് നൽകി ടിപി സെൻകുമാറിനെ സ്ഥാനാർത്ഥിയാക്കുകയാണ് ലക്ഷ്യം. കാസർഗോട്ടും മികച്ച സ്ഥാനാർത്ഥിയെത്തും. കെ സുരേന്ദ്രൻ തന്നെയാകും മത്സരിക്കുകയെന്നാണ് സൂചന. പാലക്കാട്ടും തൃശൂരും ശക്തരായ സ്ഥാനാർത്ഥികളെത്തും. കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും പ്രമുഖരെ അടർത്തിയെടുക്കാനുള്ള നീക്കങ്ങളും സജീവമാണ്.

കേരളത്തിൽ ബിജെപിയുടെയും എൻഡിഎയുടെയും വിപുലീകരണത്തിനു സംസ്ഥാന നേതൃത്വത്തിന്റെ സങ്കുചിത നിലപാടുകളാണു തടസ്സമെന്നാണ് അമിത് ഷായുടെ നിഗമനം. അതുകൊണ്ട് തന്നെ മുന്നണി വിപുലീകരണത്തിനും അമിത് ഷാ നേരിട്ട് ഇടപെടൽ നടത്തും.