- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ നിന്നും ഒരു കേന്ദ്രമന്ത്രി കൂടി ഉണ്ടായേക്കുമോ? കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയിൽ പ്രതീക്ഷയോടെ നേതാക്കൾ; ഒരിക്കൽ വിരൽതുമ്പിൽ നിന്നും വഴുതിയത് കിട്ടുമെന്ന പ്രതീക്ഷയിൽ കുമ്മനം; സഭാ വിഷയത്തിൽ ഇടപെട്ട ശ്രീധരൻ പിള്ളയ്ക്കും സാധ്യത; സമവാക്യത്തിൽ പ്രതീക്ഷവെച്ച് പി കെ കൃഷ്ണദാസും
തിരുവനന്തപുരം: കേരളത്തിലും ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിൽ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് കേന്ദ്രമന്ത്രിസ്ഥാനം നൽകിയേക്കുമെന്ന പ്രതീക്ഷകളും നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ ഡൽഹിയിൽ നിന്നുള്ള തീരുമാനത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കയാണ് കേരളത്തിലെ ബിജെപി നേതാക്കൾ. കേന്ദ്ര മന്ത്രിസഭയിലും പാർട്ടി ദേശീയ തലത്തിലും അഴിച്ചുപണി ഈ മാസം ഉണ്ടാകുമെന്ന സൂചനകൾ ഡൽഹിയിൽ ശക്തമാണ്. അങ്ങനെ വന്നാൽ കേരളത്തിൽ വി മുരളീധരന് പുറമേ ഒരു കേന്ദ്രമന്ത്രി സ്ഥാനം കൂടി ലഭിച്ചേക്കുമെന്ന സൂചനയുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് പാർട്ടിയിലും മന്ത്രിസഭയിലും കൂടുതൽ പരിഗണനയെന്നതു ബിജെപിയുടെ രീതിയാണ്. മുൻകാലങ്ങളിൽ എല്ലാം തന്നെ ഇതായിരുന്നു ശീലം. ബിജെപി അതിജാഗ്രതയോടെ പ്രവർത്തിക്കുന്ന ബംഗാളിൽ നിന്നു നിലവിലുള്ള 2 കേന്ദ്ര മന്ത്രിമാർക്കു പുറമേ 2 മന്ത്രിമാരെക്കൂടി പരിഗണിക്കുമെന്ന് ഉറപ്പാണ്. അസമിൽ നിന്നും കേന്ദ്രമന്ത്രിമാരുടെ എണ്ണം ഉയർത്താനും ആലോചനകൾ സജീവമാണ്. തമിഴ്നാട്ടിൽ നിന്നു കേന്ദ്രമന്ത്രിമാരില്ലാത്തതിനാൽ അവിടെയും ബിജെപി നേതൃത്വത്തിൽ നിന്നു മന്ത്രിമാരെ പരിഗണിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും ഒരാൾക്ക് വീണ്ടും മന്ത്രിസ്ഥാനം നല്കാൻ ആലോചനകളും സജീവമായിരിക്കുന്നത്. അതേസമയം ഇതിൽ കേരള നേതാക്കളുടെ മനസ്സിൽ കുമ്മനം രാജശേഖരനും പി.കെ.കൃഷ്ണദാസുമാണ് മുൻനിരയിൽ. മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പേരും സമീപദിവസങ്ങളിൽ ഉയർന്നുവന്നു. അടുത്തകാലത്ത് സഭാതർക്കം പരിഹരിക്കാൻ അടക്കം ശ്രീധരൻ പിള്ള മുന്നിൽ നിന്നു പ്രവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യവും ശക്തമാകുന്നത്.
അതേസമയം കേരളത്തിലെ സംഘടനാ സംവിധാനത്തിൽ സന്തുലിതാവസ്ഥ വരണമെങ്കിൽ പി.കെ.കൃഷ്ണദാസിനും കുമ്മനം രാജശേഖരനും അർഹമായ പരിഗണന നൽകി സ്ഥാനക്കയറ്റം നൽകണമെന്ന നിർദ്ദേശം ബിജെപി നേതൃത്വത്തെ ആർഎസ്എസ് ധരിപ്പിച്ചിട്ടുണ്ട്. കുമ്മനത്തിന് സ്ഥാനം വേണമെന്ന് ആർഎസ്എസ് നിരന്തരം പറയുന്നുണ്ടെങ്കിലും അതു കേന്ദ്രം മുഖവിലയ്ക്കെടുത്തിട്ടില്ല.
തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഗവർണർ സ്ഥാനം രാജിവയ്പിച്ചു കൊണ്ടുവന്ന കുമ്മനത്തിന് പ്രവർത്തനമേഖലയിൽ സ്ഥാനം കൊടുക്കേണ്ടതുണ്ട്. സാധാരണ, ഗവർണർ സ്ഥാനത്തു നിന്നു കാലാവധി കഴിഞ്ഞെത്തുന്നവർക്കു മറ്റു പാർട്ടി സ്ഥാനങ്ങൾ കൊടുക്കുന്ന കീഴ്വഴക്കമില്ല. എന്നാൽ പാർട്ടി പറഞ്ഞിട്ട് ഇടയ്ക്ക് രാജിവച്ചതാണെന്നതിനാൽ കുമ്മനത്തിനു വഴിയടയില്ല. ആദ്യം ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പു കഴിഞ്ഞ് മറ്റു പരിഗണനയെന്നതാവും കുമ്മനത്തിന്റെ കാര്യത്തിലുണ്ടാവുക.
അദ്ധ്യാപക ജോലി ഉപേക്ഷിച്ച് പതിറ്റാണ്ടുകളായി ബിജെപിയിൽ മുഴുവൻ സമയ പ്രവർത്തനത്തിലേക്കു വന്ന പി.കെ.കൃഷ്ണദാസും ആർഎസ്എസിന്റെ പട്ടികയിൽ ആദ്യ പേരാണ്. ദേശീയ നിർവാഹക സമിതി സ്ഥാനത്ത് നിലനിർത്തുക, വീണ്ടും ഏതെങ്കിലും സംസ്ഥാന ചുമതലയുമായി പ്രഭാരിയായി വിടുക, കേന്ദ്രമന്ത്രി സഭയിൽ എത്തിക്കുക എന്നിങ്ങനെ സാധ്യതകളാണ് കൃഷ്ണദാസിന്. ഇടഞ്ഞുനിന്ന ശോഭ സുരേന്ദ്രനെയും ദേശീയ നിർവാഹക സമിതിയിൽ നിലനിർത്തിയേക്കും.
അതേസമയം കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം എങ്കിൽ അത്ഭുതം പ്രതീക്ഷിക്കുന്നവരും ബിജെപി നിരയിലുണ്ട്. ഇക്കൂട്ടത്തിൽ അഖിലേന്ത്യാ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയും അൽഫോൻസ് കണ്ണന്താനവും അടക്കമുള്ളവരുമുണ്ട്. ക്രൈസ്തവ സമൂഹത്തെ ഒപ്പം നിർത്തണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വത്തിൽ സജീവമാണ്. ഈ സാഹചര്യത്തിൽ കത്തോലിക്ക സഭയ്ക്ക് തൽപ്പരനനായ നേതാവിനെയും ഒരുപക്ഷേ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം.
മറുനാടന് മലയാളി ബ്യൂറോ