പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒടുവിലെ പ്രതീക്ഷയും അസ്തമിച്ചു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ കോൽക്കത്തയെ കെട്ടുകെട്ടിച്ച് എഫ്‌സി ഗോവ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഇതോടെ സീസണിലെ അവസാന മത്സരമായ ഗോവ-ജംഷഡ്പുർ വിജയികൾ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കും. ഈ മത്സരം സമനിലയായാലും കേരളത്തിനു പ്രതീക്ഷയില്ല. ഗോൾ ശരാശരിയിൽ കേരളത്തെ പിന്തള്ളി ഗോവ സെമിയിൽ പ്രവേശിക്കും.

ഗോവയുടെ വമ്പൻ ജയത്തോടെ ബംഗളൂരു എഫ്‌സിയുമായുള്ള വ്യാഴാഴ്ചത്തെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന അങ്കം അപ്രസക്തമായി. ബംഗളൂരു ഒന്നാം സ്ഥാനക്കാരായി ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ചെന്നൈയ്ൻ എഫ്‌സിയും, പൂന സിറ്റി എഫ്‌സിയുമാണ് പ്ലേ ഓഫിന്റെ മറ്റ് അവകാശികൾ.

ഇതിനകം തന്നെ പ്ലേ ഓഫിൽനിന്നും പുറത്തുപോയ നിലവിലെ ചാമ്പ്യന്മാർ ആശ്വാസ ജയം തേടിയാണ് ഇറങ്ങിയതെങ്കിലും ഗോവയുടെ ആക്രമണ ഫുട്‌ബോളിൽ അരിഞ്ഞുവാടിപ്പോകുകയായിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റിൽ ആരംഭിച്ച ഗോളടി ഗോവ അവസാനിപ്പിച്ചത് 90ാം മിനിറ്റിലായിരുന്നു. ആദ്യ പകുതിയിൽ മൂന്നു ഗോൾ നേടി നിലഭദ്രമാക്കിയ ഗോവ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി സ്വന്തമാക്കി. സീസണിൽ ഇതുവരെ 39 ഗോളുകളാണ് ഗോവ എതിരാളികൾക്കെതിരെ അടിച്ചുകൂട്ടിയിരിക്കുന്നത്.

സെർജിയോ ജസ്റ്റെ ആണ് ഗോവൻ കാർണിവലിന് തുടക്കമിട്ടത്. ഹൂഗോ കൾസ് എടുത്ത കോർണർകിക്ക് തലകൊണ്ട് ചെത്തിവലയിലാക്കി സെർജിയോ ഗോവയ്ക്കു ലീഡ് നൽകി. പിന്നീട് മാനുവൽ ലാൻസറോട്ടെയുടെ ഊഴമായിരുന്നു. 15, 21 മിനിറ്റുകളിൽ ലാൻസറോട്ടെ എടികെ വലചലിപ്പിച്ചു. ഏകപക്ഷീയമായ മൂന്നു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച ഗോവ ഗോളടി അവിടെയും നിർത്തിയില്ല.

ഫെറാൻ കൊറോമിനാസ് 64 ാം മിനിറ്റിൽ നാലാം ഗോൾ നേടി. ബ്ലാസ്റ്റേഴ്‌സുവിട്ടു ഗോവയിലെത്തിയ മാർക് സിഫ്‌നിയോസിസ് 90 ാം മിനിറ്റിൽ പട്ടിക പൂർത്തിയാക്കി. എടികെയുടെ ആശ്വാസ ഗോൾ ക്യാപ്റ്റൻ റോബി കീനിന്റെ ബൂട്ടിൽനിന്നായിരുന്നു. കളി തീരാൻ മൂന്നു മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഗോൾ.