- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ലാസ്റ്റേഴ്സ് #SaluteOurHeroes തീമിൽ പ്രത്യേക മൂന്നാം കിറ്റ് പുറത്തിറക്കി
കൊച്ചി: ഒക്ടോബർ 30, 2020: ലോകമെമ്പാടുമുള്ള മുൻനിര തൊഴിലാളികളുടെ അചഞ്ചലവും ധീരവുമായ മനോഭാവത്തിനുള്ള ആദരവായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (കെബിഎഫ്സി) ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് പുറത്തിറക്കിയതായി അഭിമാനപുരസരം പ്രഖ്യാപിച്ചു. ഈ വർഷമാദ്യം തുടങ്ങിയ #SaluteOurHeroes കാമ്പെയിൻ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ്, കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കാൻ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന മുൻനിര പോരാളികൾക്ക് ഔദ്യോഗിക മൂന്നാം കിറ്റ് സമർപ്പിക്കാനുള്ള ക്ലബ്ബിന്റെ തീരുമാനം. ലോകമെമ്പാടുമുള്ള മലയാളി മുൻനിര തൊഴിലാളികളുടെ അനേക പ്രചോദനാത്മകമായ കഥകളും അശാന്ത പരിശ്രമങ്ങളും വെളിച്ചത്തുകൊണ്ടുവരാൻ ക്ലബ്ബിന്റെ ശക്തമായ സോഷ്യൽ മീഡിയ സാന്നിധ്യം ഈ കാമ്പെയിനിലൂടെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ തെരഞ്ഞെടുത്ത മത്സരങ്ങളിൽ ക്ലബ്ബ് താരങ്ങൾ ഈ കിറ്റ് അഭിമാനത്തോടെ അണിയും.
ക്ലബ്ബിന്റെ കടുത്ത ആരാധകരിലൊരാളാണ് ഈ പ്രത്യേക കിറ്റ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പ്രഖ്യാപിക്കുന്നതിലും ക്ലബ്ബിന് അഭിമാനമുണ്ട്. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഇരുപതുകാരിയായ ബി.എസ്.സി വിദ്യാർത്ഥിനി സുമന സായിനാഥാണ് അതുല്യവും ശ്രദ്ധാപൂർവം രൂപപ്പെടുത്തിയതുമായ ഈ ഡിസൈൻ രൂപകൽപ്പന ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച മുന്നൂറിലധികം ഡിസൈൻ എൻട്രികളിൽ നിന്നാണ് സുമനയെ വിജയിയായി തെരഞ്ഞെടുത്തത്. ക്ലബ്ബിനെ പിന്തുണക്കുന്നവർക്ക് ക്ലബ്ബിന് വേണ്ടി മൂലരൂപ മാതൃക നിർമ്മിക്കാനും ഈ മത്സരം വഴി ക്ലബ്ബ് അവസരം നൽകി.
മഹാമാരി സമയത്തെ നമ്മുടെ ഹീറോസിന് ആദരമർപ്പിച്ച് പ്രത്യേക ജേഴ്സി രൂപകൽപന ചെയ്തത് മുതൽ മത്സരം വിജയിക്കുന്നതുവരെയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള ഈ യാത്ര അവിസ്മരണീയമായി തുടരുമെന്ന് അഭിനന്ദന സൂചകമായി ക്ലബിൽ നിന്നുള്ള ഒരു കസ്റ്റമൈസ്ഡ് ജേഴ്സി ലഭിക്കുന്ന സുമന സായിനാഥ് പറഞ്ഞു. മികച്ചതും ഏറ്റവും അഭിനിവേശം നിറഞ്ഞ ആരാധകവൃന്ദവുമുള്ള ക്ലബ്ബിനായി ഒരു ജേഴ്സി ഡിസൈൻ പോലെ വലിയൊരു കാര്യം സംഭാവന ചെയ്യുന്നത് തീർച്ചയായും എന്റെ ജീവിതത്തിലെ ഒരു പ്രധാനകാര്യമായി തുടരും. എല്ലാ സ്നേഹത്തിനും കെബിഎഫ്സിയുടെ മുഴുവൻ ടീമിനും ആരാധകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനെല്ലാമുപരി കോവിഡ് 19നെതിരെ രാപ്പകൽ ധീരമായി പോരാടുന്ന ഞങ്ങളുടെ പോരാളികൾക്കും ഒരു വലിയ നന്ദി. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നു-സുമന പറഞ്ഞു.
വിവിധ വിഭാഗം മുൻനിര തൊഴിലാളികളെ പ്രതീകപ്പെടുത്തുന്ന ഘടകങ്ങൾ ഉപയോഗിച്ച് ഒരു കഥയുമായി ശ്രദ്ധാപൂർവം കൂടിച്ചേരുന്ന തരത്തിൽ കെബിഎഫ്സിയുടെ പ്രതീകമായ ആനയെ, കിറ്റ് രൂപകൽപനയിലൂടെ സമർഥമായി പുനർനിർമ്മിച്ചിട്ടുണ്ട്. പൊലീസിനുള്ള ബാഡ്ജുകൾ, ശുചിത്വ തൊഴിലാളികൾക്കുള്ള ചൂലുകൾ, ഗ്ലോബിന് മുകളിലുള്ള സ്റ്റെതസ്‌കോപ്പും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ എല്ലാ ആരോഗ്യപ്രവർത്തകരുടെയും സംരക്ഷിത കരങ്ങളും, കേരളത്തിന്റെ ഭൂപടം, ഇന്ത്യൻ പതാക, വാളുകളായുള്ള കൊമ്പുകൾ, ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും അവർ എവിടെ ആയിരുന്നാലും സമാധാനവും സംരക്ഷണവും പ്രതീകാത്മകമാക്കുന്ന പ്രാവ് എന്നിങ്ങനെയുള്ളവ ഡിസൈൻ ഉൾക്കൊള്ളുന്നുണ്ട്. വെള്ള, സ്വർണം എന്നീ നിറങ്ങൾ കസവ് മുണ്ടിനെ സാമ്യപ്പെടുത്തുന്നതും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് ആദരം അർപ്പിക്കുന്നവയുമാണ്.
#SaluteOurHeroes എന്നത് ക്ലബിലെ എല്ലാവരുമായും ഹൃദയസ്പർശിയായി നിൽക്കുന്ന സംരംഭമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. വീരഗാഥകളുള്ള ആളുകളെ തേടിയുള്ള തുടക്കത്തിൽ നിന്ന്, കോവിഡ് ഹീറോസിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്ന ആരാധകർ പങ്കുവെക്കുന്ന ആയിരക്കണക്കിന് കഥകൾ ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്ഫോമായി ഇതിനെ കെബിഎഫ്സി പരിണമിപ്പിച്ചെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾക്ക് വന്ന നിരവധി കഥകളിൽ നിന്ന് വളരെ കുറച്ച് മാത്രമേ അവതരിപ്പിക്കാൻ കഴിഞ്ഞുള്ളൂ, നമ്മുടെ എല്ലാ ഹീറോസിനും ഒരു കൂട്ടായ നന്ദി എന്ന നിലയിലാണ് കിറ്റ് മത്സരം ആരംഭിച്ചത്. നമ്മുടെ എല്ലാ ഹീറോസും കാണിച്ചത്ര ധൈര്യവും വ്യക്തിത്വവും പ്രതിബദ്ധതയുമോടൊപ്പം എല്ലാ ആരാധകരും താരങ്ങളും സ്റ്റാഫും ഈ സ്പെഷ്യൽ #SaluteOurHeroes ജേഴ്സി ധരിക്കുമെന്നാണ് എന്റെ ആത്മാർഥമായ പ്രതീക്ഷയും അഭിലാഷവും. ഹീറോസിന് നന്ദി, ഞങ്ങൾ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു-നിഖിൽ ഭരദ്വാജ് പറഞ്ഞു.