കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ട്രേഡഡ്, ഫാബ്ലെസ് സെമികണ്ടക്ടർ കമ്പനിയായ മോസ്ചിപ്പ് ടെക്നോളജീസിനെ മെയിൻ സ്പോൺസർമാരാക്കി, മോസ്ചിപുമായുള്ള പങ്കാളിത്തം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അഭിമാനപൂർവം പ്രഖ്യാപിച്ചു. എയ്റോസ്പേസ് ആൻഡ് ഡിഫൻസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, മെഡിക്കൽ ആൻഡ് നെറ്റ്‌വർക്കിങ്, ടെലികമ്മ്യൂണിക്കേഷൻ മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മോസ്ചിപ് ടെക്നോളജീസ് 1999ലാണ് രൂപീകൃതമായത്. കൃത്യസമയത്തെ വിതരണം ഉറപ്പാക്കിയും സമാനതകളില്ലാത്ത സേവനത്തിലൂടെയും ഉപഭോക്താക്കളെ പിന്തുണച്ച് ക്രമേണ സാങ്കേതികവിദ്യയ്ക്കും അത്യന്തം മികവിനും കൂടുതൽ യോഗ്യമായ പങ്കാളികളെന്ന് മോസ്ചിപ് സ്വമേധയാ തെളിയിച്ചു. കെബിഎഫ്സിയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി വരുന്ന സീസണിൽ താരങ്ങൾ ധരിക്കുന്ന ക്ലബ്ബിന്റെ ഔദ്യോഗിക ജേഴ്സിയുടെ കോളറിന് താഴെ മോസ്ചിപ്പിന്റെ ലോഗോ പ്രദർശിപ്പിക്കും.

മറ്റൊരു സമൂഹത്തിലും കാണാത്ത വിധം ഫുട്ബോളിലും കായിക കൂട്ടായ്മകളിലും കേരളത്തിന് അഭിമാനകരമായ പാരമ്പര്യമുണ്ടെന്ന് മോസ്ചിപ് ടെക്നോളജീസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയറാം സുസർല പറഞ്ഞു. വരാനിരിക്കുന്ന സീസണിൽ ഇന്ത്യൻ സൂപ്പർലീഗിലെ ഏറ്റവും യുവത്വവും ഊർജസ്വലതയും നിറഞ്ഞ ടീമുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ പങ്കാളിത്തത്തിലൂടെ അഭിനിവേശം നിറഞ്ഞ യെല്ലോ ആർമിക്ക് ഞങ്ങളുടെ പിന്തുണ അറിയിക്കാൻ ആഗ്രഹിക്കുന്നതായും ആവേശകരമായ ഒരു സീസൺ പ്രതീക്ഷിക്കുന്നതായും ജയറാം സുസർല പറഞ്ഞു.

നവീന ചിന്താഗതികളിലൂടെയും നിർവഹണ മികവിലൂടെയും കഴിഞ്ഞ 20 വർഷമായി മോസ്ചിപ് തുടർച്ചയായി അവരുടെ സ്ഥാനം മുന്നോട്ടുകൊണ്ടുപോവുകയാണെന്നും, ഈ സവിശേഷത, കെബിഎഫ്സിയിൽ ഞങ്ങൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുമായി അടുത്തുനിൽക്കുന്നതാണെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. മോസ്ചിപിനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്, ഒപ്പം ഒരുമിച്ച് വിജയത്തിനായുള്ള ശരിയായ തന്ത്രം ഞങ്ങൾ മെനയുമെന്നും സുനിശ്ചിതമാണ്-നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.