കൊച്ചി: കോവിഡ് 19നെതിരായ പോരാട്ടത്തിന് പിന്തുണ തുടരുന്നതിന്റെ ഭാഗമായി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സംസ്ഥാന സർക്കാരിന് 10,000 എൻ 95 മാസ്‌കുകൾ സംഭാവന ചെയ്തു. എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് ഐഎഎസ്, കൊച്ചി കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ റനീഷ്, വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത് എന്നിവർക്ക്, സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായ മുൻനിര പ്രവർത്തകരെ പിന്തുണയ്ക്കുന്നതിന് എൻ95 മാസ്‌കുകൾ കൈമാറി.

ക്ലബിന്റെ യെല്ലോ ഹാർട്ട് സംരംഭത്തിന് കീഴിൽ, ആവശ്യ സേവനങ്ങൾ വേണ്ട പൗരന്മാരെ സഹായിക്കുന്നതിന് ക്ലബ് അതിന്റെ എല്ലാ മാർഗങ്ങളും പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നത് തുടരുകയാണ്. മറ്റ് ട്വിറ്റർ പ്രൊഫൈലുകളിൽ നിന്നുള്ള കോവിഡ് 19 പിന്തുണ അഭ്യർത്ഥന ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നതിനും, വൈറസ്, വാക്സിനേഷൻ ഡ്രൈവുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിനും, ടീമിന്റെ ട്വിറ്റർ അക്കൗണ്ടും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളും ഉപയോഗിക്കുന്നുണ്ട്.

സാധ്യമായ എല്ലാ വഴികളിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചേരാൻ ക്ലബ് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സാഹചര്യത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോൾ, കുതിച്ചുയരുന്ന പകർച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തിൽ ധീരരായ മുൻനിര പ്രവർത്തകരെ സഹായിക്കുന്നതിന്, എൻ95 മാസ്‌കുകൾ കൈമാറേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. ആരോഗ്യ, പൊതു ഉദ്യോഗസ്ഥരുടെ ഉത്തരവുകളും നിർദേശങ്ങളും മാനിച്ച് നമുക്ക് കാര്യങ്ങൾ ചെയ്യാം-നിഖിൽ ഭരദ്വാജ് ആഹ്വാനം ചെയ്തു.

മാസ്‌ക് വിതരണത്തിന് പുറമെ, 2020 മെയ് മാസത്തിൽ 25,000ത്തോളം മുൻനിര പ്രവർത്തകർക്ക് പ്രതിരോധ പിന്തുണയായി രണ്ടു ലക്ഷം ഹൈഡ്രോക്ലോറോക്വിൻ സൾഫേറ്റ് ഗുളികകളും ക്ലബ്ബ് വിതരണം ചെയ്തിരുന്നു.