കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനുവേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പ്രീ സീസൺ മത്സരത്തിലും മിന്നുന്ന വിജയം. എം.എ ഫുട്ബോൾ അക്കാദമിയെയാണ് മഞ്ഞപ്പട പരാജയപ്പെടുത്തിയത്. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ നേവിയെ കീഴടക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

എറണാകുളം പനമ്പിള്ളി ഗ്രൗണ്ടിൽ എം.എ ഫുട്ബോൾ അക്കാദമിക്കെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജയം നേടിയത്. പെരേര ഡയസ്, ലെസ്‌കോവിച്ച്, വാസ്‌ക്വെസ് എന്നിവർ ടീമിന് വേണ്ടി ലക്ഷ്യം കണ്ടു.

 

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് 15-ാം മിനിറ്റിൽ പെരേര ഡയസിലൂടെ ലീഡെടുത്തു. കോർണർ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് പെരേര ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ടീം 1-0 ന് മുന്നിൽ നിന്നു.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് 70-ാം മിനിട്ടിൽ സൂപ്പർ താരം ലെസ്‌കോവിച്ചിലൂടെ ലീഡുയർത്തി. ഇത്തവണയും കോർണർ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയത്.

നാലുമിനിറ്റുകൾക്കുശേഷം വാസ്‌ക്വെസിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾപട്ടിക പൂർത്തിയാക്കി. ചെഞ്ചോയുടെ തകർപ്പൻ പാസ് സ്വീകരിച്ച വാസ്‌ക്വെസിന് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യമേ വന്നുള്ളൂ. ഇതോടെ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചു.