മഡ്ഗാവ്: വിജയവഴിയിലേക്ക് തിരിച്ചെത്താൻ കേരളത്തിന്റെ കൊമ്പന്മാർ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളത്തിൽ ഇറങ്ങും. രാത്രി 7.30നാണ് മൽസരം. തുടർച്ചയായി 10 മൽസരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയ ബ്ലാസ്റ്റേഴ്സ് അവസാന മൽസരം ബംഗളൂരു എഫ്‌സി യോട് പരാജയപ്പെട്ടിരുന്നു . ടീമിൽ താരങ്ങൾക്ക് കോവിഡ് വന്നതിന് ശേഷം ആദ്യമായി കളിക്കാനിറങ്ങിയ മത്സരമായിരുന്നു അത്. അന്ന് പരിശീലനത്തിലെ കുറവ് ടീമിനെ ബാധിക്കുകയും ചെയ്തിരുന്നു.

നിലവിൽ കളിക്കാരുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിനെക്കാളേറെ മെച്ചപ്പെട്ടെന്നും ഇപ്പോഴത്തെ നിലയിൽ ടീം സംതൃപ്തരാണെന്നും പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ മത്സരം കളിച്ചവരെല്ലാം ഇന്നും കളത്തിലിറങ്ങാൻ ഫിറ്റാണെന്നു കോച്ച് വ്യക്തമാക്കി.

ടീം ഇപ്പോൾ ശരിയായ പാതയിലാണെന്നും കോവിഡ് ബാധിക്കുന്നതിനു മുൻപ് കളിച്ച അതേ പ്രകടനമാണു തങ്ങളുടെ ലക്ഷ്യമെന്നും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിലൊരാളായ അഡ്രിയൻ ലൂണ പറഞ്ഞു.

ലീഗിൽ അവസാനസ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും പരിശീലകൻ ഇവാൻ വുകോമാനോവിച്ചും സംഘവും പ്രതീക്ഷിക്കുന്നില്ല.

പന്ത്രണ്ടു കളികളിൽ നിന്ന് 20 പോയിന്റുള്ള ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിൽ സ്ഥാനം നിലനിർത്താൻ വരും മത്സരങ്ങളിലെ പ്രകടനം നിർണായകമാണ്. കോവിഡ് മൂലം രണ്ടു മത്സരങ്ങൾ മാറ്റിയതോടെ ആവശ്യമായ ഇടവേളയില്ലാതെയാകും ഇനി കേരളത്തിന് ഇറങ്ങേണ്ടിവരുക. എട്ടു കളികൾ ശേഷിക്കുന്ന ബ്ലാസ്റ്റേഴ്സിന് അതിലെ ആറു കളികളും ഉള്ളത് ഫെബ്രുവരിയിലാണ്.