- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പ് നേടാൻ മഞ്ഞപ്പടയ്ക്ക് ഈ കളി മതിയോ? ഈ സീസണിൽ ആദ്യമായി കേരളാ ബ്‌ളാസ്റ്റേഴ്‌സിന്റെ കളികണ്ട ആരാധകർക്ക് നിരാശ
തിരുവനന്തപുരം ; ആദ്യമായി തിരുവനന്തപുരത്തെ ആരാധകർക്കു മുന്നിൽ കളിക്കാനിറങ്ങിയ കേരള ബ്‌ളാസ്റ്റേഴ്‌സ് ഗോൾമഴ പെയ്യിച്ച് വിജയിച്ചെങ്കിലും ആരാധകർക്ക് സംശയം തന്നെ. ഇങ്ങനെ കളിച്ചാൽ കൊൽക്കത്തയ്ക്കും, ചെന്നൈ എഫ്‌സിക്കുമൊപ്പം നിഴലായ് നിൽക്കാനെങ്കിലും കേരളത്തിന്റെ കൊമ്പന്മാർക്ക് കഴിയുമോ..? ചോദിക്കുന്നത് ഇന്നലെ തിരുവനന്തപുരം കാര്യവട്
തിരുവനന്തപുരം ; ആദ്യമായി തിരുവനന്തപുരത്തെ ആരാധകർക്കു മുന്നിൽ കളിക്കാനിറങ്ങിയ കേരള ബ്‌ളാസ്റ്റേഴ്‌സ് ഗോൾമഴ പെയ്യിച്ച് വിജയിച്ചെങ്കിലും ആരാധകർക്ക് സംശയം തന്നെ. ഇങ്ങനെ കളിച്ചാൽ കൊൽക്കത്തയ്ക്കും, ചെന്നൈ എഫ്‌സിക്കുമൊപ്പം നിഴലായ് നിൽക്കാനെങ്കിലും കേരളത്തിന്റെ കൊമ്പന്മാർക്ക് കഴിയുമോ..? ചോദിക്കുന്നത് ഇന്നലെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏജീസ് ഓഫീസ് ഫുട്‌ബോൾ ക്‌ളബ്ബുമായി ബ്‌ളാസ്റ്റേഴ്‌സിന്റെ പരിശീലന മത്സരം കണ്ട ആരാധകരാണ്. പരിശീലനമാണെങ്കിലും തിരുവനന്തപുരത്തെ ആരാധകർക്ക് മുന്നിൽ ആദ്യമായിട്ട് പന്തുതട്ടിയ ബ്‌ളാസ്റ്റേഴ്‌സിന്റെ 'തത്തിക്കളി' കണ്ടു ആരാധകർ മൂക്കിൽ വിരൽവച്ചുപോയി.
'ഇംഗ്‌ളണ്ടിലെ സാഞ്ചെസ് വാട്ട്, പീറ്റർ റമഗെ, ക്രിസ് ഡഗ്ല്!, അന്റോണിയോ ജർമൻ, സ്റ്റീഫൻ ബൈവട്ടർ, പോർച്ചുഗലിന്റെ ജാവോ കൊയിമ്പ്ര, സ്‌പെയിനിന്റെ കാർലോസ് മാർച്ചെ തുടങ്ങിയ ലോകോത്തര നിരയുമായി ഇറങ്ങിയിട്ട് ഏജീസ് ടീമിനോടു കളിച്ച കളി ഒരുമാതിരി ഇന്ത്യ ബർമൂഡയോട് ക്രിക്കറ്റ് കളിക്കുമ്പോലെ ആയിപ്പോയി' എന്നാണ് ഒരു യുവ ആരാധകന്റെ കമന്റ്. കാരണമെന്തെന്നോ, ബ്‌ളാസ്റ്റേഴ്‌സിന്റെ പകിട്ടിന്റെ അടുത്തൊന്നുമെത്താത്ത ഏജീസ് ടീമിനോട് മികച്ച കളി കാഴ്ചവയ്ക്കാൻ ടീമിനു കഴിഞ്ഞില്ല എന്നതുതന്നെ. സംഗതി എതിരില്ലാത്ത ഏഴുഗോളിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. എന്നാൽ ആരാധകരെ ഹരംകൊള്ളിക്കുന്ന ചടുലമായ കളിയായിരുന്നില്ല കൊമ്പന്മാരുടേത്. ഉറക്കപ്പായിൽനിന്ന് ഉണർന്നു വന്നവരെപ്പോലെ ആലസ്യമായിരുന്നു കളിക്കാർക്ക്. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ ബ്‌ളാസ്റ്റേഴ്‌സിനേക്കാളും ആരാധകർ പിന്തുണച്ചത് മലയാളികൾ മാത്രം കളിക്കുന്ന ഏജീസ് ടീമിനേയാണ്.
കളി കാൽഭാഗം കഴിഞ്ഞപ്പോൾ ബ്‌ളാസ്റ്റേഴ്‌സിന്റെ വമ്പന്മാർ സ്വന്തമാക്കി വച്ചിരുന്ന പന്ത് ഏജീസിന്റെ നാസറുദീനും മിഥുനും ചേർന്ന് തങ്ങളുടെ ഗോൾമുഖത്തെത്തിച്ചു. ഗോളടിക്കാൻവേണ്ടി ഏജീസ് ടീം കാണിച്ച ആവേശം കണ്ട് ബ്‌ളാസ്റ്റേഴ്‌സ് ഞെട്ടി ഉണരുകയായിരുന്നു. പിന്നീട് അവർ ചറപറാ ഏഴു ഗോൾ അടിച്ചെന്നേ ഉള്ളു. അഴക് നിറഞ്ഞ ഒരു പാസ്സോ, ഹെഡറോ, പ്രതിരോധമോ അവർ കാഴ്‌ച്ചവച്ചില്ല എന്നതാണ് ആരാധകരുടെ വിലയിരുത്തൽ. അതേസമയം മലയാളിതാരങ്ങളായ മുഹമ്മദ് റാഫിയുടേയും സി കെ വിനീതിന്റേയും കളി ആരാധകർ കൈയടികളോടെ പ്രോത്സാഹിപ്പിച്ചു. ഒരു ഗോൾ നേടിയ മുഹമ്മദ് റാഫിയുടേയും മധ്യനിരയിൽ സി കെ വിനീതിന്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങളും ഇടക്കിടയ്ക്ക് ഗാലറിയെ ഇളക്കി. ഇരുവരും ഇത്തവണ ബ്‌ളാസ്റ്റേഴ്‌സിന്റെ നട്ടെല്ലാകുമെന്നുതന്നെയാണ് ആരാധകരുടെ വിശ്വാസം.
പല താരങ്ങളുടെയും കാലുകളുടെയും ഗോൾ ഫിനിഷിങ്ങിലേയും വേഗതക്കുറവും മുന്നേറ്റ നിരയുടെ ഉത്സാഹക്കുറവും ഇന്ത്യൻ സൂപ്പർ ലീഗ് ഒന്നാം എഡിഷിൽ കണ്ട കേരള ബ്‌ളാസ്റ്റേഴ്‌സിന്റേതായിരുന്നില്ല. കഴിഞ്ഞതവണ റണ്ണേഴ്‌സ് അപ്പ് ആയവർ ഇത്തവണ ഒന്നാം സ്ഥാനം നേടണമെന്നാണ് ആരാധകരുടെ ആഗ്രഹം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തശേഷം ആദ്യമായി പൊതുജനങ്ങൾക്കുവേണ്ടി നടത്തിയ മത്സരമാണ് കേരള ബ്‌ളാസ്റ്റേഴ്‌സും ഏജീസ് ക്‌ളബ്ബും തമ്മിൽ നടന്നത്. അധികം പ്രചാരമൊന്നും കൊടുക്കാതിരുന്നിട്ടും സ്റ്റേഡിയത്തിലേക്ക് ആരാധകർ ഇരച്ചെത്തി. അയ്യായിരത്തിലേറെ ആരാധകർ ആടിയും പാടിയും ആർപ്പുവിളിച്ചും കളിക്കാരെ പ്രോത്സാഹിപ്പിച്ചു. കളി ഏകപക്ഷീയമായതിന്റെ നിരാശ പങ്കുവച്ചാണ് ആരാധകർ വേദിവിട്ടത്.
ഒക്ടോബർ ആറിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായാണ് കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. പരിശീലന മത്സരത്തിലെ ആലസ്യം വെടിഞ്ഞ് യഥാർത്ഥമത്സരങ്ങളിൽ മഞ്ഞപ്പട വീറുറ്റ പോരാട്ടം കാഴ്ചവയ്ക്കുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.