കൊച്ചി: കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇന്ന് നടക്കുന്ന മത്സരം കേരളത്തിന് വളരെ അധികം നിർണായകമാണ്, ആദ്യ മൂന്ന് മൽസരങ്ങൾ സമനിലയിലായതും അടുത്ത മൽസരം ഗോവയോട് വൻ പരാജയവും ഏറ്റ് വാങ്ങിയതോടെ ടീം വളരെ അധികം സമ്മർദ്ദങ്ങൾക്ക് നടുവിലാണ് നിൽക്കുന്നത്.

മലയാളി സൂപ്പർതാരം സി.കെ വിനീത് ടീമിൽ തിരിച്ചെത്തുന്നത് ടീമിന് വലിയ ആശ്വാസമാണ്. എന്നാൽ പ്ലേമേക്കറുടെ റോളിൽ ബെർബറ്റോവ് ഇല്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സിന് പുതിയ കോമ്ബിനേഷൻ കണ്ടെത്തേണ്ടിവരും. ബെർബറ്റോവിന് കളിക്കാൻ പറ്റാത്തത് ടീമിന് വലിയ തിരിച്ചടിയാണ്.

പോയന്റ് നിലയിൽ ഏഴാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് ഏറ്റ് മുട്ടുമ്പോൾ ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും ഭയക്കുന്നത് ആരാധകരേയാണ് കാരണം ഇന്ന് വിജയത്തിൽ കുറഞ്ഞത് ഒന്നും ആരാധകരെ തൃപ്തിപ്പെടുത്തില്ല എന്ന് ടീമിന് അറിയാം.

പരിക്കിന്റെ പിടിയിലായിരുന്ന വെസ് ബ്രൗണും ഇയാൻ ഹ്യൂമും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെസ് ബ്രൗൺ കളിച്ചാൽ ഡിഫൻസ് ശക്തമാകുമെന്നത് ടീമിന് പ്രതീക്ഷ ഉയർത്തുന്നു.കൊച്ചിയിൽ ഇതുവരെ നോർത്ത് ഈസ്റ്റിനോട് തോറ്റിട്ടില്ലെന്ന ചരിത്രവും ആത്മവിശ്വാസവുമായാണ് മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങുക.

അതേ സമയം സി.കെ വിനീതനെ കോച്ച് റെനെ മ്യൂളൻസ്റ്റീൻ പ്രശംസിച്ചു. ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങൾക്കും മലയാളി താരങ്ങൾക്കും വിനീത് ആവേശമാണെന്നും വിനീതിന്റെ ബൂട്ടിൽ നിന്നും ഒരൊറ്റ ഗോൾ നേടിയാൽ പുതിയ ഊർജ്ജം താരത്തിന് ലഭിക്കുമെന്നും പറഞ്ഞു. വിനീത് മാത്രമല്ല ടീമിലെ മുന്നേറ്റ നിര മുഴുവനും ഒരു ബ്രേക്ക് ത്രൂവിനായി കാത്തിരിക്കുകയാണെന്നും റെനെ മ്യൂളൻസ്റ്റീൻ പറഞ്ഞു.

ബെർബയില്ലാത്തത് ക്ഷീണമാണ്. പക്ഷേ, മുമ്‌ബോട്ടുപോയേ പറ്റൂ. ടീമിന് വിജയദാഹമുണ്ട്. ഹാളിചരൺ നർസാറി, ദുംഗൽ എന്നിവരെ സൂക്ഷിക്കണമെന്നും റെനെ പറഞ്ഞു.