കൊച്ചി: 19കാരനായ ദീപേന്ദ്ര നെഗി ഐ.എസ്.എല്ലിലെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോൾ പൊരുതി നിന്ന ഡൽഹിയെ 2-1ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്വല ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയ കേരളം രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ നെഗി കേരള ബ്ലാസ്റ്റേഴ്‌സിന് പുതുജീവൻ നൽകുകയായിരുന്നു. രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടിയ നെഗി രണ്ടാമത്തെ ഗോളിനുള്ള പെനാൽറ്റിയും നേടി കൊടുത്തു.

കാലു ഊച്ചയിലൂടെ ഡൽഹിയാണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. സെയ്ത്യാസെന്നിനെ പെനാൽറ്റി ബോക്‌സിൽ പ്രശാന്ത് മോഹൻ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഊച്ച ഡൽഹിക്ക് ലീഡ് നേടി കൊടുത്തത്. ആദ്യ പകുതി അവസാനിക്കുമ്‌ബോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിറകിലായിരുന്നു.

കാലു ഉച്ചെയുടെ പെനൽറ്റി ഗോളിലൂടെ 35ാം മിനിറ്റിൽ മുന്നിൽക്കയറിയ ഡൽഹിയെ ദീപേന്ദ്ര നേഗി (47), ഇയാൻ ഹ്യൂം (75, പെനൽറ്റി) എന്നിവരുടെ ഗോളുകളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പിന്തള്ളിയത്. രണ്ടാം പകുതിയിൽ കരൺ സാഹ്നിയുടെ പകരക്കാരനായി കളത്തിലിറങ്ങി സമനില ഗോൾ നേടുകയും ഹ്യൂം പെനൽറ്റിയിലൂടെ നേടിയ വിജയഗോളിന് വഴിയൊരുക്കുകയും ചെയ്ത ദീപേന്ദ്ര നേഗിയുടെ പ്രകടനമാണ് ഈ മൽസരത്തിലെ ഹൈലൈറ്റ്. ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതും നേഗി തന്നെ.

13ാം മൽസരത്തിൽ സീസണിലെ അഞ്ചാം വിജയം കുറിച്ച ബ്ലാസ്റ്റേഴ്‌സ് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 12 മൽസരങ്ങളിൽനിന്ന് ഒൻപതാം തോൽവി വഴങ്ങിയ ഡൽഹി ഡെയർഡെവിൾസ് ഏഴു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.

ഡൽഹിയുടെ ആദ്യ ഗോൾ: ഡൽഹിയുടെ മികവിനേക്കാൾ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെ.പ്രശാന്തിന്റെ മണ്ടത്തരം സമ്മാനിച്ച ഗോളിലാണ് സന്ദർശകർ കൊച്ചിയുടെ കളിമുറ്റത്ത് ലീഡ് സ്വന്തമാക്കിയത്. ബോക്‌സിനുള്ളിലേക്ക് ചുവടുവച്ചു കയറിയ ഡൽഹി താരം സെയ്ത്യാസെൻ സിങ്ങിനെ ബോക്‌സിനുള്ളിൽ വലിച്ചു താഴെയിട്ട പ്രശാന്തിന്റെ പിഴവിൽനിന്ന് ഡൽഹിക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത കാലു ഉച്ചെയ്ക്ക് പിഴച്ചില്ല. സുഭാശിഷ് റോയിക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിൽ. സ്‌കോർ 10.

ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോൾ: രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ വെടി പൊട്ടിച്ചു. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്നായിരുന്നു ഗോളിന്റെ വരവ്. ജാക്കിചന്ദ് സിങ് ഉയർത്തിവിട്ട പന്തിന് കണക്കാക്കി ദീപേന്ദ്ര നേഗി കാലുവയ്ക്കുമ്പോൾ ഒപ്പത്തിനൊപ്പം ഡൽഹിയുടെ ആദ്യ ഗോൾ നേടിയ കാലു ഉച്ചെയുമുണ്ടായിരുന്നു. പിൻവലിഞ്ഞു നിന്ന് ദീപേന്ദ്ര നേഗി തഴുകിവിട്ട പന്ത് കാലു ഉച്ചെയുടെ ശിരസിൽ തട്ടി നേരെ വലയിൽ. ഉച്ചെയുടെ സെൽഫ് ഗോളാണോ എന്ന് സംശയം ഉയർന്നെങ്കിലും ഗോൾ നേഗിയുടെ പേരിൽത്തന്നെ. സ്‌കോർ 11. കൊച്ചിയുടെ കളിമുറ്റത്ത് പുത്തൻ താരോദയമായി നേഗി.

ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ: ആദ്യ ഗോളിന് വഴിയൊരുക്കിയ ദീപേന്ദ്ര നേഗി തന്നെ രണ്ടാം ഗോളിന്റെയും വിജയശിൽപി. മികച്ചൊരു മുന്നേറ്റത്തിലൂടെ ഡൽഹി ബോക്‌സിലേക്കു കയറിയ നേഗിയെ വീഴ്‌ത്തിയ പ്രതീക് ചൗധരിക്ക് മഞ്ഞക്കാർഡും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനൽറ്റിയും. കിക്കെടുത്ത ഹ്യൂമിന് പിഴച്ചില്ല. പന്തു നേരെ വലയിൽ. പെനൽറ്റിയിലൂടെ പിന്നിലായ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു പെനൽറ്റിയിലൂടെ വിജയഗോൾ നേടുന്ന സുന്ദരമായ കാഴ്ച. സ്‌കോർ 21.