കൊച്ചി: ഐ എസ് എല്ലിൽ അത്ഭുതങ്ങൾ സംഭവിച്ച് ബ്ലാസ്‌റ്റേഴ്‌സ് തിരിച്ച് വരുമെന്ന് ഡേവിഡ് ജെയിംസ്. വെള്ളിയാഴ്ച പുണെ എഫ്.സി.ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി അതിലൂടെ ബാസ്‌റ്റേഴ്‌സിലെ മുൻ താരമായിരുന്േന പുൾഗയും തിരിച്ചെത്തുമെന്നും കോച്ച് പറഞ്ഞു.

ഐ.എസ്.എല്ലിന്റെ ആദ്യ സീസണിൽ എനിക്കൊപ്പം ഹ്യൂമും പുൾഗയും ഒരുമിച്ച് കളിച്ചിരുന്നതാണ്. അവർ തമ്മിലുള്ള പരസ്പരധാരണയുണ്ട്. മധ്യനിരയിലേക്ക് പുൾഗ വരുമ്‌ബോൾ അതൊരു പുതിയ താരത്തിന്റെ വരവായി കാണുന്നില്ല. മുന്നേറ്റത്തിൽ പഴയ കൂട്ടുകാരൻ ഹ്യൂമാണ് പുൾഗയ്ക്കു മുന്നിലുണ്ടാകുക. ജിംഗാനും വെസ്ബ്രൗണും ഉൾപ്പെട്ട പ്രതിരോധവുമായി ഇണങ്ങാനും പുൾഗയ്ക്ക് അധികം സമയം വേണ്ടിവരില്ല. ആക്രമിക്കാനും പ്രതിരോധിക്കാനും ഒരുപോലെ മികവുകാട്ടുന്ന സ്പാനിഷ് താരത്തിന്റെ വരവ് ടീമിന് ഗുണകരമാകുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

അത് പോലെത്തന്നെ ബെർബ പരിക്കിൽനിന്ന് തിരിച്ചുവരികയാണ്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിലും ബെർബ ഏറെനേരം പങ്കെടുത്തിരുന്നു. ബെർബയെപ്പോലെ പരിചയസമ്ബന്നനായ ഒരു താരത്തിന്റെ സാന്നിധ്യം മധ്യനിരയിലെ കളി ആകെ മാറ്റിമറിക്കുമെന്നതിൽ സംശയമില്ല. ഡോക്ടർമാരുടെ പരിശോധനയിലേ ബെർബയുടെ ഇപ്പോഴത്തെ ശാരീരികക്ഷമതയെക്കുറിച്ചുള്ള പൂർണചിത്രം കിട്ടുകയുള്ളുവെന്നും കോച്ച് അഭിപ്രായപ്പെട്ടു.

അതേ സമയം മുൻനിരയിൽ കളിക്കുന്ന ഒരു താരത്തിനുവേണ്ട മികവെല്ലാം ഉണ്ടെന്നതാണ് ഗുഡ്‌ജോണിന്റെ പ്ലസ് പോയന്റ്. മധ്യനിരയിലേക്ക് ഇറങ്ങിവന്ന് പന്തെടുത്ത് കുതിക്കാനും മടിയില്ലാത്തത് വലിയ സവിശേഷതയാണ്. ഡൽഹിക്കെതിരായ കളി അവൻ ഏറെ ആസ്വദിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് അടുത്ത കളികളിലും പ്രതീക്ഷിക്കുന്നതെന്നും കോച്ച് പറഞ്ഞു.

ഡൽഹിക്കെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ മൂന്ന് വിദേശതാരങ്ങളെ മാത്രം ഇറക്കിയതിൽ പലരും അദ്ഭുതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എന്റെ കളിക്കാരെയെല്ലാം എനിക്ക് വിശ്വാസമാണ്. ഇന്ത്യനാണോ വിദേശിയാണോ എന്നൊന്നും ഞാൻ നോക്കാറില്ല. ലഭ്യമായതിൽ മികച്ചവരെ കളത്തിലിറക്കലാണ് പ്രധാനം. ദീപേന്ദ്ര നേഗി എന്ന പയ്യന്റെ കളി അദ്ഭുതപ്പെടുത്തിയെന്ന് പലരും പറഞ്ഞു. എന്നാൽ, എനിക്ക് അവന്റെ കളിയിൽ അദ്ഭുതം തോന്നിയില്ല. മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവ് അവനിലുണ്ടെന്ന് നേരത്തേ അറിയാമായിരുന്നു.

ബ്ലാസ്റ്റേഴ്‌സിലേക്ക് ഇനിയും ചില താരങ്ങൾ വന്നേക്കാം. ട്രാൻസ്ഫർ വിൻഡോ എന്ന സാധ്യത ഇത്തവണത്തെ ഐ.എസ്.എല്ലിന്റെ സവിശേഷതയാണ്. നീൽമർ വരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. കെസിറോൺ കിസിത്തോയുടെ പരിക്ക് തുടരുകയും അദ്ദേഹത്തിന്റെ സേവനം ഇനി ലഭിക്കാതിരിക്കുകയും ചെയ്താൽ ഒരാളെ പകരം കൊണ്ടുവന്നേക്കാം. ട്രാൻസ്ഫർ വിൻഡോയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ളതല്ലേ എന്നും ഡേവിഡ് ജെയിംസ് ചോദിച്ചു.