പുണെ: സെമിഫൈനലിലേക്ക് മുന്നേറാൻ ഏറെ നിർണായകമായ മത്സരത്തിൽ പുണെയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് 2-1 ന് പൂണെ സിറ്റിയെ തോൽപ്പിച്ചു. സികെ. വിനീതാണ് നിർണായക ഗോൾ നേടിയത്.

സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയിൽ ഇഞ്ചുറി ടൈമിൽ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താൽ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം.

പുണെ ശ്രീ ശിവ ഛത്രപതി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 59-ാം മിനിറ്റിൽ ജാക്കീചന്ദ് സിംങ്ങാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ വലയിലാക്കിയത്. ആദ്യപകുതിയിൽ പരിക്കേറ്റ് മടങ്ങിയ ഇയാൻ ഹ്യൂമിന് പകരക്കാരനായി ഇറങ്ങിയ ഗുഡ്യോൺ ബാൽവിൻസൺ നൽകിയ കൃത്യതയ്യാർന്ന പാസിലാണ് ജാക്കീചന്ദ് പന്ത് വലയിലാക്കിയത്. 78-ാം മി്നിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളി സുബാസിഷ് റോയിയുടെ ഫൗളിന് റഫറി നൽകിയ പെനാൽറ്റിയിലാണ് പുണെയുടെ ഗോൾ. കിക്കെടുത്ത എമിലിയാനോ അൽഫാരോ പിഴവുകൂടാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു കളിയിലെ മൂന്നു ഗോളുകളും പിറന്നത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പൂനയെ ഹൈ ബോളുകളും ലോംഗ് ബോളുകളുംകൊണ്ട് നേരിട്ട കേരളം ആദ്യപകുതിയിൽ വെള്ളംകുടിപ്പിച്ചു. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ഇയാൻ ഹ്യൂം പുറത്തുപോയതും കേരളത്തെ ആശങ്കയിലാഴ്‌ത്തി. എന്നാൽ 58 ാം മിനിറ്റിൽ കേരളം ആഗ്രഹിച്ച ഗോൾ എത്തി. അടുത്തിടെ മാത്രം ടീമിനൊപ്പം ചേർന്ന ഗുഡ്‌ജോണിന്റെ പാസിൽ ജാക്കിയുടെ ലോംഗ് ഷോട്ട്. പൂനയുടെ ബോക്‌സിനു പുറത്തുനിന്നുമെടുത്ത കിടിലൻ ഷോട്ട് ഗോളിയേയും കടന്ന് വലയിൽ.

ഗോൾ വീണതോടെ ഉണർന്നുകളിച്ച പൂന 77 ാം മിനിറ്റിൽ സമനില പിടിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ സുബാശിഷ് ചൗധരി എമിലാനോയെ ബോക്‌സിൽ ഫൗൾ ചെയ്തതിന് പൂനയ്ക്കു അനുകൂലമായ പെനാൽറ്റി. എമിലാനോയെടുത്ത പെനാൽറ്റി സുബാശിഷ് ചൗധരിയെ കാഴ്ചക്കാരനാക്കി വലയിൽ. കേരളം നടുങ്ങിയ നിമിഷം. എന്നാൽ മുന്നേറാൻ വിജയം അനിവാര്യമായിരുന്ന കേരളത്തനു തോൽക്കാനാവില്ലായിരുന്നു. എല്ലാം അവസാനിച്ചു എന്നുതോന്നിയ അവസാന നിമിഷം സി.കെ വിനീതന്റെ ബൂട്ട് കേരളത്തിനായി മാജിക്ക് കാണിച്ചു. കളിതീരാൻ രണ്ടു മിനിറ്റ് മാത്രം ബാക്കി. മൈതാനത്തിന്റെ മധ്യത്തിൽനിന്നും പെകൂസണിന്റെ ലോംഗ് ബോൾ വിനീതിനെ തേടിവരുമ്പോൾ രണ്ടു ഡിഫണ്ടർമാർ കാവലുണ്ടായിരുന്നു. എന്നാൽ പൂനയുടെ പോസ്റ്റിനു പുറംതിരിഞ്ഞ് പന്ത് നെഞ്ചിൽ സ്വീകരിച്ച വിനീത് ഒന്നുവെട്ടിത്തിരിഞ്ഞു. നെഞ്ചിൽനിന്നു പുല്ലിലേക്കുവീണ പന്തിനെ വലംകാൽകൊണ്ട് ഉഗ്രൻപ്രഹരം. പൂന ഗോളി വിശാൽ കെയ്ത്തിനെ കടന്ന വലയുടെ വലത്തുകോർണറിൽ. സ്റ്റേഡിയം പൊട്ടിത്തെറിച്ചു. മഞ്ഞയല ആർത്തലച്ചു. വിലപ്പെട്ട മൂന്നു പോയിന്റുമായി കേരളം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി.