- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീസണിൽ മൂന്നാമത്തെ പരിശീലകനുകീഴിൽ ഭാഗ്യപരീക്ഷണത്തിന് ബ്ലാസ്റ്റേഴ്സ്; ദയനീയ പ്രകടനത്തിന് കാരണം പരിശീലകരോ ടീം തിരഞ്ഞെടുപ്പിന് പ്രാധാന്യം കൽപിക്കാതിരുന്ന മാനേജ്മെന്റോ?
തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ ഒരു സാധാരണ ടീം മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളെന്നതും ഏറ്റവും കൂടുതൽ കാണികളുടെ പിന്തുണയുള്ള ടീം എന്നതുമാണ് ബ്ലാസ്റ്റേഴ്‌സിനെ ഐ.എസ്.എല്ലിലെ മറ്റ് ടീമുകളിൽനിന്ന് വേറിട്ടുനിർത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്ന വാർത്താപ്രാധാന്യവും അതിനൊരു കാരണമാണ്.
തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ ഒരു സാധാരണ ടീം മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളെന്നതും ഏറ്റവും കൂടുതൽ കാണികളുടെ പിന്തുണയുള്ള ടീം എന്നതുമാണ് ബ്ലാസ്റ്റേഴ്‌സിനെ ഐ.എസ്.എല്ലിലെ മറ്റ് ടീമുകളിൽനിന്ന് വേറിട്ടുനിർത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്ന വാർത്താപ്രാധാന്യവും അതിനൊരു കാരണമാണ്. എന്നാൽ, എന്തൊക്കെയുണ്ടെങ്കിലും കളിക്കളത്തിൽ അതൊന്നും പ്രതിഫലിച്ചില്ലെങ്കിൽ എന്തുകാര്യം?
തുടരെ നേരിട്ട നാല് തോൽവികൾ നേരിട്ട ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെതിരെ നേടിയ സമനില അൽപംപോലും ആശ്വാസം പകരുന്നതല്ല. സെമി ഫൈനലിൽ ഇടം നേടണമെങ്കിൽ ഇനിയുള്ള ഏഴ് കളികളിൽ അഞ്ചെണ്ണത്തിലെങ്കിലും വിജയിക്കുകയും മറ്റു രണ്ടുകളികളിൽ തോൽക്കാതിരിക്കുകയും വേണം. ഒപ്പം മറ്റു ടീമുകളുടെ ഫലങ്ങൾ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി വരികയും വേണം.
ഇംഗ്ലണ്ടിന്റെ കെയർ ടേക്കർ പരിശീലകൻ വരെയായിട്ടുള്ള പീറ്റർ ടെയ്‌ലർക്ക് കീഴിലാണ് ബ്ലാസ്റ്റേഴ്‌സ്് ഈ സീസണിൽ തയ്യാറെടുപ്പ് തുടങ്ങിയത്. ടൂർണമെന്റ് തുടങ്ങുംവരെ ബ്ലാസ്‌റ്റേഴ്‌സിന്റെ തയ്യാറെടുപ്പുകൾ പരുങ്ങലിലായിരുന്നു. മറ്റു ടീമുകൾ വിദേശത്ത് പോയി പരിശീലിക്കുകയും അവിടുത്തെ ചെറുകിട ടീമുകളോട് സന്നാഹ മത്സരങ്ങളിൽ മാറ്റുരയ്ക്കുകയും ചെയ്തപ്പോൾ, ബ്ലാസ്‌റ്റേഴ്‌സ് തിരുവനന്തപുരത്താണ് തയ്യാറെടുപ്പുകൾ നടത്തിയത്. ഇതുതന്നെ ഏറെ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിൽ കേരളത്തെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇയാൻ ഹ്യൂം, സ്റ്റീവൻ പിയേഴ്‌സൺ, സെഡ്രിക് ഹെങ്ബർട്ട് എന്നിവരെയും മാർക്വീ താരമായിരുന്ന ഡേവിഡ് ജെയിംസിനെയും നിലനിർത്താൻ ഈ സീസണിൽ മാനേജ്‌മെന്റ് തയ്യാറായില്ല. കൊൽക്കത്തയുമായി കരാറിലേർപ്പെടുംമുമ്പ് ഹ്യൂം കേരള ടീമിന്റെ നിലപാടറിയാൻ കാത്തുനിന്നിരുന്നു.
ടീം തിരഞ്ഞെടുപ്പിൽ ബ്ലാസ്റ്റേഴ്‌സ് പുലർത്തിയ അലംഭാവം ടീമിന്റെ പ്രകടനത്തിൽ ഇപ്പോൾ പ്രതിഫലിക്കുന്നുണ്ട്. മറ്റു ടീമുകൾ ഇന്ത്യയിലെ പ്രമുഖ താരങ്ങളെ സ്വന്തമാക്കുന്നതിൽ മത്സരിച്ചപ്പോൾ, കഴിഞ്ഞ സീസണിൽ മികവ് കാട്ടിയ സന്ദേശ് ജിംഗാനെ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് വിശ്വാസത്തിലെടുത്തത്. ഇംഗ്ലണ്ടിൽനിന്നെത്തിയ ഒരുകൂട്ടം താരങ്ങൾ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തിൽ ആ ഇംഗ്ലീഷ് മികവ് ഉണ്ടായതുമില്ല.
തുടർച്ചയായ നാല് തോൽവികൾ കോച്ച് പീറ്റർ ടെയ്‌ലറുടെ പുറത്താകലിന് വഴിവച്ചു. ടെയ്‌ലർ പോയ ഒഴിവിൽ ഒരു മത്സരം സഹപരിശീലൻ ട്രെവർ മോർഗനുകീഴിൽ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ആ മത്സരത്തിൽ സമനില നേടുകയും ചെയ്തു. ഇപ്പോഴിതാ, മൂന്നാമത്തെ പരിശീലകന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് എത്തിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ് റൂട്ട് ടെക്‌നിക്കൽ ഡയറക്ടറായ ടെറി ഫെലനാണ് ഇനി ടീമിനെ ഏകോപിപ്പിക്കേണ്ട ചുമതല
പരിശീലകർ അടിക്കടി മാറുന്നത് കളിയെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ഇനിയേതായാലും പരീക്ഷണങ്ങൾക്കുള്ള സാവകാശം ബ്ലാസ്റ്റേഴ്‌സിനില്ല. നാലിന് പുണെയ്‌ക്കെതിരെയും പത്തിന് കൊൽക്കത്തയ്‌ക്കെതിരെയും കൊച്ചിയിൽ നടക്കുന്ന മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ വിധി നിർണയിക്കും. ഈ മത്സരങ്ങളിൽ വിജയിക്കാനായില്ലെങ്കിൽ, ആദ്യ നാല് ടീമുകളിലൊന്നാവുക എന്ന സ്വപ്‌നം നമുക്ക് അടുത്ത വർഷത്തേയ്ക്ക് മാറ്റിവെക്കാം.