കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസൺ ഉദ്ഘാടന മത്സരത്തിൽ എടികെയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്വല തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്റ്റീവ് കോപ്പലിന്റെ കുട്ടികളെ മഞ്ഞപ്പട തറപറ്റിച്ചത്. 76ാം മിനിറ്റിൽ സ്ലൊവേനിയൻ താരം മറ്റേജ് പോപ്ലാറ്റ്‌നിക്കും 86-ാം മിനിറ്റിൽ സെർബിയൻ താരം സ്ലാവിസ സ്റ്റൊവാനോവിച്ചുമാണ് കേരളത്തിന്റെ ഗോളുകൾ നേടിയത്. മുൻ സീസണുകളെ അപേക്ഷിച്ച് മികച്ച ഒത്തിണക്കത്തോടെയാണ് ടീം കളിച്ചത്. മികച്ച പ്രതിരോധവും മധ്യനിരയുമാണ് കേരളത്തെ മികച്ച നീക്കങ്ങൾ നടത്താൻ സഹായിച്ചത്.

സ്ലോവേനിയൻ താരം മാറ്റെജ് പോപ്ലാട്‌നിക്കിന്റെ ഹെഡർ ഗോളിൽ എടികെയ്‌ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ലീഡ്. 76ാം മിനിറ്റിലാണ് പോപ്ലാട്‌നിക് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ സ്റ്റോജനോവിച്ച് തൊടുത്ത ഷോട്ട് എടികെ താരം ജേഴ്‌സന്റെ കാലിൽത്തട്ടി തെറിക്കുന്നു. ഓടിയെത്തിയ പോപ്ലാട്‌നിക് ഉയരം മുതലെടുത്ത് മികച്ചൊരു ഹെഡറിലൂടെ ലക്ഷ്യം കണ്ടു. സ്‌കോർ 10
പത്ത് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് വർധിപ്പിച്ചു.

ആദ്യ ഗോളിനു വഴിയൊരുക്കിയ സ്റ്റോജനോവിച്ചാണ് ഇക്കുറി ലക്ഷ്യം കണ്ടത്. ഹാളിചരൺ നർസാരിയിൽനിന്ന് കിട്ടിയ പന്തുമായി ജേഴ്‌സനെ കടന്നു മുന്നോട്ടു കയറി സെർബിയൻ താരം തൊടുത്ത പൊള്ളുന്ന ഷോട്ട്, എടികെ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു.