കൊച്ചി: ഹോം ഗ്രൗണ്ടിൽ ഇരമ്പിയാർത്തെത്തിയ കാണികളെ നിരാശരാക്കാൻ മാസ്റ്റർ ബ്ലാസ്റ്ററുടെ കേരള ബ്ലാസ്റ്റേഴ്‌സിന് ആകുമായിരുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനത്തെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം. എഫ്‌സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്. ഗാലറികളെ ആവേശം കൊള്ളിച്ച് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും കേരളത്തിന്റെ വിജയത്തിന് സാക്ഷിയാകാനെത്തി. 64-ാം മിനിറ്റിൽ മിലാഗ്രെസ് ഗോൺസാൽവസ് കേരളത്തിന്റെ വിജയഗോൾ നേടുമ്പോൾ കലൂർ ജവഹർലാൽ നെഹ്രു രാജ്യാന്തരസ്റ്റേഡിയത്തിൽ ആവേശത്തിരകളുടെ അലയൊലികൾ പടരുകയായിരുന്നു.

ആദ്യപകുതിയിൽ അവസരങ്ങൾ നിരവധി ലഭിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് ഗോൾ നേടാനായില്ല. തന്ത്രങ്ങളിൽ വരുത്തിയ മാറ്റമാണ് രണ്ടാം പകുതിയിൽ ഗോളിനും ജയത്തിനും വഴിയൊരുക്കിയത്. അർഹിക്കുന്ന ജയമാണ് കേരളം സ്വന്തമാക്കിയത്. ഈ ജയത്തോടെ ആറു കളിയിൽനിന്ന് ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം പടിയിലേക്കു കയറി. നാലു പോയിന്റുള്ള ഗോവ അവസാനപടിയിൽ തുടരുകയാണ്. ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സ് ഇതേ വേദിയിൽ ഡൽഹി ഡൈനാമോസിനെ നേരിടും.

രണ്ടാം പകുതിയിൽ തന്ത്രം മാറ്റി മുന്നേറ്റക്കാരായ മിലാഗ്രസ് ഗോൺസാൽവസിനെയും ആൻഡ്രു ബാരിസിച്ചിനെയും ഇറക്കിയതാണ് വഴിത്തിരിവായത്. ഈ സഖ്യത്തിന്റെ നീക്കമാണ് 64-ാം മിനിറ്റിൽ വിജയഗോളിൽ കലാശിച്ചത്. ബാരിസിന്റെ അതിമനോഹരമായ പാസിലാണ് ഗോൺസാൽവസ് ഗോൾ നേടിയത്. കളംനിറഞ്ഞു കളിച്ച സ്‌കോട്ട്‌ലൻഡുകാരൻ സ്റ്റീഫൻ പിയേഴ്‌സണോടാണ് ഈ ജയത്തിന് ബ്ലാസ്റ്റേഴ്‌സ് കടപ്പെട്ടിരിക്കുന്നത്. പരിക്കിൽനിന്ന് മുക്തനായ നായകൻ ഡേവിഡ് ജെയിംസ് ഗോൾപോസ്റ്റിനു മുന്നിൽ പിഴവുകളൊന്നും വരുത്താതിരുന്നപ്പോൾ കേരളം വിജയത്തേരിലേക്ക് കുതിച്ചു.

ഇടവേളയ്ക്ക് അഞ്ചുമിനിറ്റുള്ളപ്പോഴാണ് കളിയിലെ ഏറ്റവും മനോഹരമായ നീക്കം കണ്ടത്. എതിർതാരം ബ്രൂണോ പിൻഹീറോയുടെ കാലിൽനിന്ന് പന്ത് റാഞ്ചിയ പിയേഴ്‌സൺ സ്വന്തം ഏരിയയിൽനിന്ന് കുതിച്ചു. സബീത്തിനു കൊടുത്ത പന്ത് പെൻ ഓർജിക്ക് കൈമാറി. ഓർജി ബോക്‌സിനു സമാന്തരമായി ഉയർത്തി നൽകിയ ക്രോസിൽ തൊടാൻ പിയേഴ്‌സൺ ചാടിയെങ്കിലും ഫലം കണ്ടില്ല. രണ്ടുമിനിറ്റിനുശേഷം ഇതിലും തുറന്ന അവസരം സബീത്ത് തുലയ്ക്കുകയും ചെയ്തു. പതിവുപോലെ പിയേഴ്‌സണിൽനിന്നായിരുന്നു തുടക്കം. കുതിച്ചോടിയ ഈ 25-ാം നമ്പറുകാരൻ ഓർജിക്ക് പന്തുകൊടുത്തു. നായകനിൽനിന്നു പന്ത് തിരിച്ചുവാങ്ങിയ സ്‌കോട്ട്‌ലൻഡുകാരൻ സബീത്തിനു കൈമാറി. സബീത്ത് ആത്മവിശ്വാസത്തോടെ പായിച്ച അടി പോസ്റ്റിൽതട്ടി മടങ്ങി.

ആദ്യപകുതിയിൽ അവസരം തുടർച്ചയായി തുലച്ച സബീത്തിനെ പിൻവലിച്ചാണ് മിലാഗ്രസ് ഗോൺസാൽവസിനെ ഇറക്കി. തൊട്ടുപിന്നാലെ പ്രതിരോധക്കാരൻ റാഫേൽ റോമിയെ മടക്കിവിളിച്ച് ആൻഡ്രു ബാരിസിച്ചിനെ ഇറക്കിയതോടെ കളത്തിൽ രണ്ടു മുന്നേറ്റക്കാരായി. ഈ മാറ്റമാണ് 64-ാം മിനിറ്റിൽ വിജയഗോളായി മാറിയത്. 80-ാം മിനിറ്റിൽ ഇഷ്ഫാഖിനെ മാറ്റി ബ്ലാസ്റ്റേഴ്‌സ് മലയാളിതാരം സുഷാന്ത് മാത്യുവിനും സ്വന്തം മൈതാനത്ത് കളിക്കാൻ അവസരം നൽകി.