- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹൽ തുടങ്ങി വച്ചു; ഇരട്ട ഗോളുകളുമായി ആൽവരോ വാസ്കസും; നിർണ്ണായക മത്സരത്തിൽ മൂംബൈയെ തകർത്തെറിഞ്ഞ് കൊമ്പന്മാർ; ഒന്നിനെതിരെ മൂന്നു ഗോൾ ജയവുമായി സെമി പ്രതീക്ഷ സജീവമാക്കി ബ്ലാസ്റ്റേഴ്സ്; അടുത്തമത്സരത്തിൽ സമനില വഴങ്ങിയാലും ടീം സെമിയിലത്തും
പനാജി: നിർണായക പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയെ തകർത്തെറിഞ്ഞ് സെമി സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് വിജയ അനിവാര്യമായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാർ ജയിച്ച് കയറിയത്. ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം സഹൽ അബ്ദുൽ സമദ് ആദ്യ ഗോൾ നേടിയപ്പോൾ ആൽവരോ വാസ്‌കസ് ഇരട്ട ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സ് ജയം ഉറപ്പാക്കി.
ഈ പോരാട്ടത്തിൽ വിജയിച്ചതോടെ ഗോവയ്ക്കെതിരായ അടുത്ത പോരാട്ടത്തിൽ സമനില നേടിയാൽ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. പിന്നീട് രണ്ടാം പകുതിയിൽ മൂന്നാം ഗോളും വലയിലെത്തിച്ചു. 71ാം മിനിറ്റിൽ ഡീഗോ മൗറീസിയോ പെനാൽറ്റിയിലൂടെ മുംബൈയ്ക്ക് ആശ്വാസ ഗോൾ സമ്മാനിച്ചു.
ജീവൻ മരണ പോരാട്ടമായതിനാൽ തന്നെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ പാതയാണ് സ്വീകരിച്ചത്. മത്സരം തുടങ്ങി 19ാം മിനിറ്റിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ഈ സീസണിൽ സഹലിന്റെ അഞ്ചാം ഗോളായിരുന്നു അത്. മനോഹരമായ സോളോ ഗോളാണ് സഹൽ വലയിലെത്തിച്ചത്.
പിന്നീടും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നു. 34ാം മിനിറ്റിൽ വാസ്‌കസിന്റെ ഒരു വോളി മുംബൈ തടഞ്ഞു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ വാസ്‌കസ് പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ലീഡുയർത്തി.മുംബൈ ഗോൾകീപ്പർ നവാസിന്റെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ വന്നത്. നവാസിന്റെ ക്ലിയറൻസ് പാളിപ്പോയപ്പോൾ അതു നേരെ വന്നത് വാസ്‌കസിന്റെ കാലുകളിലാണ്. കിട്ടിയ അവസരം മുതലെടുത്ത് വാസ്‌കസ് ലീഡ് മൂന്നാക്കി.
71-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുംബൈ ഒരു ഗോൾ തിരിച്ചടിച്ചു. മൗറീസിയോ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു.ടീം ജയിച്ചുകയറിയതോടെ സോഷ്യൽ മീഡിയയും ആഘോഷം തുടങ്ങി. നാളെ പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലെ ഡയലോഗുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ട്രോളന്മാർ ആഘോഷിക്കുന്നത്.ബോംബെക്കാരായാൽ ജാവോ ന്ന് പറയണം... ജാവോ ജാവോ.. എന്നാണ് ട്രോളുകൾ
മറുനാടന് മലയാളി ബ്യൂറോ