കൊച്ചി: തുടർച്ചയായ തോൽവികളെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് പീറ്റർ ടെയ്‌ലർ രാജിവച്ചു. അസിസ്റ്റന്റ് കോച്ച് ട്രെവർ മോർഗനാണ് ഇനി മുഖ്യ പരിശീലകന്റെ ചുമതല.

ഐഎസ്എലിൽ തുടർച്ചയായ നാലു കളികളാണ് കേരളം തോറ്റത്. ആറു കളിയിൽ ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

ടെയ്‌ലർ നിരന്തരമായി നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവിക്ക് വഴിവച്ചതെന്ന് വ്യാപകമായ വിമർശമുണ്ടായിരുന്നു. കളിക്കാരെ വിശ്വാസത്തിലെടുക്കാതെയാണ് പരീക്ഷണങ്ങൾ നടത്തിയതെന്നും വിമർശനമുയർന്നു.

ആറു കളികളിൽ ആറു ഫോർമേഷനിലാണ് ടീം കളിച്ചത്. എല്ലാ മത്സരങ്ങളിലും മധ്യനിര പരാജയപ്പെട്ടു. ഗോളുകൾ ഒഴിഞ്ഞുനിന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ആക്ഷേപമുണ്ടായിരുന്നു. പുണെയിൽ ഒന്നാം മിനിറ്റിൽ തന്നെ ലീഡ് നേടിയശേഷം തോൽവി വഴങ്ങിയതുമുതൽ തന്നെ ടെയ്‌ലറുടെ തലയ്ക്ക് മുറവിളി ഉയർന്നിരുന്നു.

കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിൽ ആറു മത്സരങ്ങളിൽ നാലെണ്ണവും തോറ്റ് എട്ടാം സ്ഥാനത്താണ്. ആദ്യ മത്സരം നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ 3-1ന് വിജയിച്ച് സ്വപ്‌ന സമാനമായി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരം മുതൽ മങ്ങി.

രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയോട് സമനില വഴങ്ങിയ കേരളം തുടർന്നുള്ള മത്സരങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, ഡൽഹി എഫ്‌സി, എഫ്‌സി ഗോവ, പൂണെ എഫ്‌സി എന്നീ ടീമുകളോട് തോൽവി ഏറ്റുവാങ്ങി.

പീറ്റർ ടെയ്‌ലർ ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്. ഇംഗ്ലണ്ടിന്റെ മുൻ ദേശീയ താരമായിരുന്നു പീറ്റർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിവിധ ക്ലബ്ബുകളുടെയും ബഹ്‌റൈൻ ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു. 2013ൽ ഇംഗ്ലണ്ട് അണ്ടർ20 ടീമിന്റെ പരിശീലകനായിരുന്നു. 1976ൽ ഇംഗ്ലണ്ടിനുവേണ്ടി നാലു മത്സരങ്ങൾ കളിച്ചു. ക്രിസ്റ്റൽ പാലസ്, ടോട്ടനം ഹോട്‌സ്പർ എന്നിവയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

Official Club Statement : Peter Taylor Leaves Kerala Blasters

Posted by Kerala Blasters on Wednesday, 28 October 2015