കൊച്ചി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്ക് ഇക്കുറിയും നിരാശ തന്നെ. ഏക ആശ്വാസം തോറ്റില്ല എന്നതു മാത്രം. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ അവരുടെ തട്ടകത്തിൽ പോയി തളച്ച ഡൽഹി ഡൈനാമോസിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞു.

കളിക്കാർക്ക് ആവേശമുണർത്താൻ മഞ്ഞക്കടലായി മാറിയ ഗാലറി കളി തുടങ്ങി അൽപ്പ സമയം കഴിഞ്ഞപ്പോൾ തന്നെ നിശബ്ദമായി. മികച്ച മുന്നേറ്റമൊന്നും നടത്താതെ താരങ്ങൾ തന്നെയാണു ഗാലറികളെ നിശബ്ദമാക്കിയത്.

മെസിയെ ഓർമിപ്പിക്കുംവിധം വെള്ളത്തലമുടിയുമായി കളത്തിൽ ഇറങ്ങിയ മൈക്കൽ ചോപ്ര നിരവധി അവസരങ്ങളാണു പാഴാക്കിയത്. പെനാൽറ്റി ബോക്‌സിൽ ഫൗളിന് ഇരയായി എന്ന അഭിനയിച്ചു വീണതിനു ചോപ്രയ്ക്കു മഞ്ഞക്കാർഡും ലഭിച്ചു. ഇടവേളയ്ക്കു തൊട്ടുമുൻപു ലഭിച്ച മികച്ചൊരു അവസരം മൈക്കൽ ചോപ്ര പാഴാക്കിയതു നെടുവീർപ്പോടെയാണു ഗാലറി നോക്കിക്കണ്ടത്.

ആദ്യ രണ്ടു മൽസരങ്ങളും തോറ്റ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മൽസരത്തിലൂടെ ഒരു പോയിന്റു നേടാനായെങ്കിലും ആരാധകർക്കു കടുത്ത നിരാശയാണു സമ്മാനിച്ചത്. കഴിഞ്ഞ രണ്ടു കളിയിലും വില്ലനായി മാറിയ സന്ദേശ് ജിങ്കനാണ് ഇക്കുറി കളിയിലെ താരം. ഡൽഹി താരങ്ങളെ ഗോളിൽ നിന്നു തടഞ്ഞുനിർത്താൻ ജിങ്കന്റെ രക്ഷാപ്രവർത്തനങ്ങൾക്കായി.

കൊൽക്കത്തയ്ക്കെതിരെ കളിച്ച ടീമിൽ നാലു മാറ്റങ്ങളുമായാണ് സ്റ്റീവ് കൊപ്പൽ ബ്ലാസ്റ്റേഴ്സ് ടീമിനെ കളത്തിലിറക്കിയത്. ഫാറൂഖ് ചൗധരി, എൽഹാദ്ജി എൻഡോയെ, ഗ്രഹാം സ്റ്റാക്ക് എന്നിവർ പുറത്തിരുന്നപ്പോൾ മൈക്കൽ ചോപ്ര, അസ്റാക്ക് മഹാമത്ത്, സന്ദീപ് നന്ദി എന്നിവർ ആദ്യ ഇലവനിലെത്തി.