വാസ്‌കോ: 'ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചില കളികൾ കാണാനും ചില കളികൾ പഠിപ്പിക്കാനുമാണ് പൂവള്ളി ഇന്ദുചൂഢൻ' തിരികെ വന്നിരിക്കുന്നത്.''- കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും എടുത്തു പറയുന്നത് ഈ മോഹൻലാൽ ഡയലോഗാണ്. കാരണം ആറ് വർഷത്തിന് ശേഷമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഫൈനലിൽ എത്തിയത്. ഇക്കുറി തങ്ങൾ വെറുതേ വന്നവരല്ലെന്ന് നേരത്തെ തന്നെ ഇവാൻ വുക്കൊമനോവിച്ചും സംഘവും തെളിയിച്ചിരുന്നു. സെമിയിൽ വീറം വാശിയും നിറഞ്ഞ പോരാട്ടത്തിൽ ജംഷഡ്പൂർ എഫ്‌സിയെയാണ് കൊമ്പന്മാർ തോൽപ്പിച്ചത്.

ഇത് ഐഎസ്എല്ലിലെ രണ്ടാം ഫൈനലാണ് ബ്ലാസ്റ്റേഴ്‌സിന്. ഇനി അവരുടെ പരസ്യവാചകം പോലെ കപ്പടിച്ചു കലിപ്പടക്കിയാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും സന്തോഷത്തിൽ ആറാടാം. ഓരോ ഇഞ്ചിലും ആവേശം നിറഞ്ഞുനിന്ന രണ്ടാം പാദ സെമിയിൽ ജംഷഡ്പുരിനെ 1-1ന് സമനിലയിൽ തളച്ചാണ് മഞ്ഞപ്പടയുടെ മുന്നേറ്റം. ഇതോടെ ഇരുപാദങ്ങളിലുമായി 21ന്റെ ലീഡ് നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലിൽ മൂന്നാം ഫൈനലിന് യോഗ്യത നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ അഡ്രിയൻ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. ജംഷഡ്പുരിന്റെ വിവാദത്തിന്റെ ചുവയുള്ള സമനില ഗോൾ 50ാം മിനിറ്റിൽ പ്രണോയ് ഹാൾദർ നേടി. ആദ്യപാദത്തിലെ ഗോൾകൂടി ചേർത്ത് 2-1ന്റെ ലീഡോടെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഇരുപകുതികളിലുമായി അൽവാരോ വാസ്‌ക്വസും ഹോർഹെ പെരേര ഡയസും ചില സുവർണാവസരങ്ങൾ പാഴാക്കിയത് സമ്മർദ്ദം വർധിപ്പിച്ചെങ്കിലും കാലിടറാതെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കാലുറപ്പിച്ചു. ഇനി ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാൻ രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

ലീഗ് ഷീൽഡ് വിന്നേഴ്‌സ് എന്ന പകിട്ടുമായെത്തിയ ജംഷഡ്പുർ എഫ്‌സിയെ നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് കലാപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി സഹൽ അബ്ദുൽ സമദ് ഇത്തവണ മത്സരത്തിനു തൊട്ടുമുൻപ് പരുക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്‌സിനെ ക്ഷീണിപ്പിച്ചില്ല. എന്നാൽ സഹൽ ടീമിൽ ഇല്ലെന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് വക നൽകുന്നതായിരുന്നു. ആദ്യപകുതിയിൽ പൊതുവെ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു. മൂന്നു ഗോളെങ്കിലും നേടേണ്ട സ്ഥാനത്താണ് ഒരു ഗോൾ ലീഡുമായി ബ്ലാസ്റ്റേഴ്‌സ് ഇടവേളയ്ക്കു കയറിയത്.

അതേസമയം, രണ്ടാം പകുതിയിൽ കടുത്ത പോരാട്ടം കാഴ്ചവച്ച ജംഷഡ്പുരിന്റെ സമ്മർദ്ദതന്ത്രങ്ങൾക്കും മറുമരുന്ന് കണ്ടെത്തിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനൽ പ്രവേശം. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും കൂടുതൽ ആക്രമിച്ചു കളിച്ചത് ജംഷഡ്പുരായിരുന്നു. ഗോളിനായി അവർ കയ്യും മെയ്യും മറന്നു പോരാടിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക്കു വലിഞ്ഞു. തിരമാലകൾപോലെ ജംഷഡ്പുർ താരങ്ങൾ തുടർച്ചയായി ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖം ആക്രമിച്ചെങ്കിലും ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിൽ അവർ പിടിച്ചുനിന്നു. ഇടയ്ക്ക് കൗണ്ടർ അറ്റാക്കുകളിലൂടെ ചില സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഹോർഹെ പെരേര ഡയസിന് അതു മുതലാക്കാനുമായില്ല.

പോരാട്ടം കനത്ത് വീറും വാശിയും കൂടിയതോടെ താരങ്ങളെയും പരിശീലകരെയും നിലയ്ക്കു നിർത്താൻ റഫറിക്ക് പലതവണ ഇടപെടേണ്ടി വന്നു. ഇടയ്ക്ക് ഗോൾവരയ്ക്കു പുറത്ത് സൈഡ് റഫറിയോട് കയർത്ത ജംഷഡ്പുർ പരിശീലകൻ ഓവൻ കോയലിന് ആദ്യപകുതിയിലും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് രണ്ടാം പകുതിയിലും റഫറി മഞ്ഞക്കാർഡ് നൽകി. അവസാന നിമിഷങ്ങളിൽ മത്സരം വൈകിപ്പിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ്ങിനും കിട്ടി മഞ്ഞക്കാർഡ്.

ബ്ലാസ്റ്റേഴ്‌സ് ഗോൾ വന്നത് കൂട്ടായ നീക്കത്തിലൂടെയായിരുന്നു. ഇടതുവിങ്ങിൽനിന്ന് അൽവാരോ വാസ്‌ക്വസ് ഫ്‌ളിക് ചെയ്ത് നൽകിയ പന്തിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച അഡ്രിയൻ ലൂണ സ്വതസിദ്ധമായ ശൈലിയിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ജംഷഡ്പുർ ബോക്‌സിലേക്ക് മുന്നേറി. ബോക്‌സിനു തൊട്ടുമുന്നിൽനിന്ന് ഗോൾകീപ്പറിന്റെ സ്ഥാനം കണക്കാക്കി വലതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്തു. ജംഷഡ്പുരിന്റെ കാവൽക്കാരൻ ടി.പി. രഹനേഷിന് എന്തെങ്കിലും ചെയ്യാനാകും മുൻപ് പന്ത് വലയിൽ. സ്‌കോർ 1-0.

ജംഷഡ്പുർ ഗോൾ എത്തിയത് 50ാം മിനിറ്റിൽ ആയിരുന്നു. ആദ്യ പകുതിയുടെ ആദ്യ മിനിറ്റു മുതൽ സമ്മർദ്ദം ചെലുത്തിയ ജംഷഡ്പുർ 50ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തിയെങ്കിലും അതിന് വിദവാദത്തിന്റെ അകമ്പടിയുണ്ടായിരുന്നു. ജംഷഡ്പുരിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ ആരംഭം. കോർണർ കിക്കിൽനിന്ന് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്കെത്തിയ പന്ത് ഡാനിയൽ ചീമയുടെ ദേഹത്തുതട്ടി ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനു തൊട്ടു മുൻപിലേക്ക്. പന്ത് പോസ്റ്റിനു മുന്നിൽ പുറം തിരിഞ്ഞുനിന്ന പ്രണോയ് ഹാൾദറിനു കാൽപ്പാകം. പന്ത് നിയന്ത്രിക്കുമ്പോൾ ഹാൾദറിന്റെ കൈകളിൽത്തട്ടിയെങ്കിലും റഫറി അതുകണ്ടില്ല. താരം വെട്ടിത്തിരിഞ്ഞു തൊടുത്ത ഷോട്ട് വലയിൽ. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ 'ഹാൻഡ്' വിളികൾക്കിടെ റഫറി ഗോൾ അനുവദിച്ചു. സ്‌കോർ 1-1.

അതേസമയം മത്സരത്തിൽ കിട്ടിയ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചേനെ. ആദ്യ മിനിറ്റിൽത്തന്നെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച സുവർണാവസരം സ്പാനിഷ് സ്‌ട്രൈക്കർ അൽവാസോ വാസ്‌ക്വസ് അവിശ്വസനീയമായ വിധത്തിൽ പുറത്തേക്കടിച്ചു കളഞ്ഞിരുന്നു. പിന്നാലെ മത്സരം 10ാം മിനിറ്റിലേക്ക് കടക്കുമ്പോൾ മറ്റൊരു ഗോളവസരം ക്രോസ് ബാറിൽത്തട്ടിയും ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായി.

ഇത്തവണ ജംഷഡ്പുർ പോസ്റ്റിനു മുന്നിൽനിന്ന് അപകടമൊഴിവാക്കാൻ ശ്രമിച്ച ക്യാപ്റ്റൻ പീറ്റർ ഹാർട്ലിയുടെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് ഗോളിന് തൊട്ടടുത്തെത്തിയത്. ഹാർഡ്ലിയുടെ നീക്കം മുൻകൂട്ടി കണ്ട് നിരങ്ങിയെത്തിയ ഹോർഹെ പേരേര ഡയസിന്റെ കാലിൽത്തട്ടി പന്ത് ജംഷഡ്പുൽ വലയിലേക്ക് പോയതാണ്. എന്നാൽ, ബ്ലാസ്റ്റേഴ്‌സിന്റെ നിർഭാഗ്യംകൊണ്ട് പന്ത് ക്രോസ്ബാറിലിടിച്ചു തെറിച്ചു. റീബൗണ്ടിൽനിന്ന് ഹോർഹെ പെരേര വീണ്ടും ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡിൽ കുടുങ്ങി. 36ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ജംഷഡ്പുരിനായി ഡാനിയൽ ചീമ ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡിൽ കുടുങ്ങി. 42ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ്ങിന്റെ പിഴവിൽനിന്ന് ജംഷഡ്പുർ ഗോൾ നേടാതെ പോയത് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യം. ബോക്‌സിലേക്ക് ഉയർന്നുവന്ന പന്ത് കുത്തിയകറ്റാനുള്ള ശ്രമം പാളിയതാണ് ആശങ്ക പരത്തിയത്.

നേരത്തെ, മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ പരുക്കേറ്റ് മലയാളി താരം സഹൽ അബ്ദുൽ സമദ് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. ഒന്നാം പാദത്തിൽ ടീമിന്റെ വിജയഗോൾ നേടിയ സഹലിനു പകരം നിഷുകുമാറാണ് കളിച്ചത്. എന്തായാളും ഫൈനലിൽ കൊമ്പന്മാർ കപ്പുമായി മടങ്ങുന്നത് സ്വപ്‌നം കണ്ടു തുടങ്ങിയിട്ടുണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.