- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്സിസ്റ്റ് പരാമർശത്തിൽ കലിപ്പടങ്ങാതെ ബ്ലാസ്റ്റേഴ്സ് ആരാധകർ; പ്രതിഷേധം കടുത്തതോടെ മാപ്പപേക്ഷിച്ച് സന്ദേശ് ജിങ്കാൻ; തന്റെ തെറ്റിന് കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് വീഡിയോ സന്ദേശം; പിഴവിൽനിന്ന് പാഠം പഠിച്ചെന്നും താരം
കൊൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിന് ശേഷം നടത്തിയ സെക്സിസ്റ്റ് പരാമർശത്തിൽ തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞ് മുൻ ബ്ലാസ്റ്റേഴ്സ് നായകനും എ ടി കെ മോഹൻബഗാൻ താരവുമായ സന്ദേശ് ജിങ്കാൻ. ഞായറാഴ്ച ട്വിറ്ററിലൂടെ ഒന്നിലധികം ട്വീറ്റുകളിലൂടെ മാപ്പു പറഞ്ഞ ജിങ്കാൻ തിങ്കളാഴ്ച രാത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ സന്ദേശത്തിലാണ് തെറ്റു പറ്റിയെന്നും മാപ്പു പറയുന്നുവെന്നും വീണ്ടും വ്യക്തമാക്കിയത്.
കേരള ബ്ലാസ്റ്റേഴ്‌സ് - എടികെ മോഹൻ ബഗാൻ മത്സരത്തിനുശേഷം നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ തന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ബഗാൻ താരം സന്ദേശ് ജിങ്കാൻ രംഗത്തെത്തിയത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ തന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവ് ഒരിക്കൽക്കൂടി ഏറ്റുപറഞ്ഞ ജിങ്കാൻ, തന്റെ തെറ്റിന് കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ, 'ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം' എന്ന തരത്തിലായിരുന്നു ജിങ്കാന്റെ പരാമർശം.
ബ്ലാസ്റ്റേഴ്‌സ് ടീമിനെയും സ്ത്രീകളെയും ജിങ്കാൻ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സമൂഹമായ മഞ്ഞപ്പടയും ജിങ്കാനെതിരെ രംഗത്തിറങ്ങി. മുൻതാരമായ ജിങ്കാനോടുള്ള ബഹുമാനസൂചകമായി പിൻവലിച്ച 21ാം നമ്പർ ജഴ്‌സി ബ്ലാസ്റ്റേഴ്‌സ് തിരികെ കൊണ്ടുവരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് BringBack21 എന്ന ഹാഷ്ടാഗിൽ ക്യാംപയിനും സജീവമാണ്. ജിങ്കാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ 'അൺഫോളോ' ചെയ്തും ഒരു വിഭാഗം ആരാധകർ പ്രതിഷേധിച്ചു. ഇതിനിടെ ജിങ്കാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും അപ്രത്യക്ഷമായിരുന്നു.
ആരാധകർ ഇടഞ്ഞതോടെ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി ജിങ്കാൻ ആദ്യമേ രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ അവഹേളിച്ചില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മത്സരശേഷം സഹതാരവുമായി നടത്തിയ വഴക്കാണു കേട്ടതെന്നും ഒഴിവുകഴിവ് പറയരുത് എന്നാണ് ഉദ്ദേശിച്ചതെന്നും ജിങ്കാൻ വിശദീകരിച്ചിരുന്നു. എന്നാൽ, ഇതുകൊണ്ടും ആരാധകർ അടങ്ങുന്നില്ലെന്ന് വന്നതോടെയാണ് ജിങ്കാൻ വിഡിയോയുമായി നേരിട്ട് രംഗത്തെത്തിയത്.
'എല്ലാവരും സുരക്ഷിതരായും ആരോഗ്യത്തോടെയും കഴിയുന്നുവെന്ന് കരുതുന്നു. എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവിന്റെ പേരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. എന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണത്തെക്കുറിച്ച് ഞാൻ ശാന്തമായി ഇരുന്നു ചിന്തിച്ചു. മത്സരച്ചൂടിന്റെ ആവേശത്തിൽ ഞാൻ പറഞ്ഞുപോയ വാക്കുകളാണ് അത്. അത് തെറ്റായിപ്പോയി. അതിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ഖേദിക്കുകയും ചെയ്യുന്നു' വിഡിയോയിൽ ജിങ്കാൻ പറഞ്ഞു.
'എന്റെ വാക്കുകൾ ഒട്ടേറെപ്പേരെ വിഷമിപ്പിച്ചതായി മനസ്സിലാക്കുന്നു. അതിൽ ഞാനും എന്റെ കുടുംബാംഗങ്ങളുമുണ്ട്. സംഭവിച്ചുപോയ പിഴവ് മായിക്കാനാകില്ലല്ലോ. പക്ഷേ, എനിക്കു ചെയ്യാനാകുന്ന കാര്യം ഈ പിഴവിൽനിന്ന് പാഠം പഠിച്ച് ഇങ്ങനൊന്ന് ഇനി ആവർത്തിക്കാതിരിക്കാൻ നല്ലൊരു മനുഷ്യനും പ്രഫഷനലുമാകുക എന്നതാണ്' ജിങ്കാൻ പറഞ്ഞു.
'എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന്റെ പേരിൽ കുടുംബാംഗങ്ങളുടെ നേർക്കും കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. എല്ലാവർക്കും എന്നോട് ദേഷ്യമുണ്ടെന്ന് അറിയാം. പക്ഷേ, എന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതും വംശീയമായി അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാകില്ല. ദയവായി അങ്ങനെ ചെയ്യരുത്. ഒരിക്കൽക്കൂടി എന്റെ വാക്കുകൾക്ക് മാപ്പു ചോദിക്കുന്നു. ഇനി ഇത് ആവർത്തിക്കില്ല. നന്ദി' ജിങ്കാൻ പറഞ്ഞു.
സെക്‌സിറ്റ് പരാമർശത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൂട്ടമായി മറുപടി നൽകാൻ തുടങ്ങിയതോടെ സന്ദേശ് ജിങ്കാന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ അപ്രത്യക്ഷമായി. 3,22 ലക്ഷം ഫോളോവേഴ്‌സുള്ള പേജാണ് ഇന്നലെ മുതൽ ലഭ്യമല്ലാതായത്.
കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാൻ വിവാദ പരാമർശം നടത്തിയത്. ''ഔരതോം കി സാഥ് മാച്ച് ഖേൽ ആയാ ഹൂം'' (പെൺകുട്ടികൾക്കൊപ്പം കളിച്ചു വന്നിരിക്കുന്നു) എന്നാണ് ജിങ്കാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ജിങ്കാന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.
മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലായിരുന്നു എ ടി കെ മോഹൻബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് മിന്നുന്ന ഗോളുമായി ജോണി കോകോ മോഹൻ ബഗാന് സമനില നേടിയത്. ബ്ലാസ്റ്റേഴ്സിനായി അഡ്രിയാൻ ലൂണയാണ് രണ്ട് ഗോളുകളും നേടിയത്. സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സ് 27 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ്. ഫെബ്രുവരി 23ന് ഹൈദരാബാദ് എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
സ്പോർട്സ് ഡെസ്ക്