- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശിക താരങ്ങളെ കൈപിടിച്ചുയർത്തും; എ.എഫ്.സി തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുക ലക്ഷ്യം; വനിതാ ഫുട്ബോളിലും മുന്നോട്ട് കുതിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്; സീനിയർ വനിതാ ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇനി സ്വന്തമായി വനിതാ ടീമും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 'ഒരു പുതിയ തുടക്കം' എന്ന ക്യാപ്ഷനോടെ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് തങ്ങളുടെ വനിതാ ടീം രൂപീകരിച്ചതായ ക്ലബ്ബ് അറിയിച്ചത്. ടീമിലെ താരങ്ങളുടെ പ്രഖ്യാപനവും ഉടൻ തന്നെ നടത്തും. കേരളത്തിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ ഗോകുലം കേരള എഫ്സിക്ക് നിലവിൽ വനിതാടീമുണ്ട്.
കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള വുമൺസ് ലീഗിൽ പങ്കെടുക്കും. കിരീട നേട്ടത്തോടെ ഇന്ത്യൻ വനിതാ ലീഗിലേക്ക് യോഗ്യത നേടാൻ ലക്ഷ്യമിട്ടാണ് പോരാട്ടത്തിന് ഇറങ്ങുക. അടുത്ത രണ്ട് മൂന്ന് വർഷത്തിനകം എ. എഫ്. സി തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ക്ലബ്ബായി മാറുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഒരു പുതിയ തുടക്കം! ????
- Kerala Blasters Women (@KeralaBlastersW) July 25, 2022
Our game is for everyone.
We, at Kerala Blasters Football Club, are delighted to announce the formation of our women's team. #ഒരുപുതിയതുടക്കം #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/aWPJwXK8GD
വനിതാ ഫുട്ബോളിലേക്കുള്ള പ്രവേശനം കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി റിസ്വാനെ നേരത്തേ തന്നെ ക്ലബ്ബ് നിയമിച്ചിരുന്നു. മുൻ താരവും പരിശീലകനുമായ ഷെരീഫ് ഖാൻ എ.വി. ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ആദ്യ മുഖ്യ കോച്ച്. ദീർഘകാല കരാറിലാണ് അദ്ദേഹത്തിന്റെ നിയമനം.
നിലവിൽ ദേശീയ ടീമിൽ കേരളത്തിന് പ്രാതിനിധ്യമില്ലെന്നും മികവ് പ്രകടിപ്പിച്ച പ്രാദേശിക താരങ്ങളെ ദേശീയ നിലവാരത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള വീക്ഷണം തങ്ങൾക്കുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടേയും വനിതാ ടീമിന്റേയും ഡയറക്ടർ റിസ്വാൻ പറഞ്ഞു. വനിതാ ടീം കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും പരിശീലനം നടത്തുക. ഓഗസ്റ്റിലാണ് കേരള വിമൻസ് ലീഗ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ വനിതാ ഫുട്ബോളിന്റെ വളർച്ചയിലും പുരോഗതിയിലും ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇത്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനവും ക്ലബ് ഉടൻ തന്നെ നടത്തുമെന്നാണ് അറിയിപ്പ്.
അതേ സമയം പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സിന്റെ പുരുഷടീം. വിക്ടർ മോംഗിൽ, ജിയാനു അപ്പോസ്തലസ്, ഇവാൻ കലിയൂഷ്നി എന്നീ വിദേശ താരങ്ങളെ ടീം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച അറ്റാക്കിങ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് രണ്ടുവർഷത്തേക്ക് നീട്ടിയിരുന്നു. ഒക്ടോബർ ആറ്നാണ് 2022-23 ഐഎസ്എൽ സീസൺ ആരംഭിക്കുക.
സ്പോർട്സ് ഡെസ്ക്