കൊച്ചി: സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചുമായുള്ള കരാർ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേ്സ്. വുകോമനോവിച്ചിന്റെ കീഴിൽ സീസണിൽ തകർപ്പൻ പ്രകടനമാണ് ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ക്ലബ്ബിലെത്തിയതുമുതൽ ബ്ലാസ്റ്റേഴ്സിന്റെ കളിശൈലിയിൽ വലിയ മാറ്റം വരുത്താൻ വുകോമനോവിച്ചിന് സാധിച്ചിരുന്നു. ഇതോടെയാണ് ക്ലബ്ബ് അദ്ദേഹവുമായുള്ള കരാർ മൂന്നുവർഷത്തേക്കു കൂടി നീട്ടിയത്.

ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്തുവിട്ടത്. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിനായിരുന്നു.
വുകോമാനോവിച്ചിനെ നിലനിർത്തണമെന്ന ആവശ്യം ആരാധകരിൽ നിന്നുമുണ്ടായിരുന്നു. ഈ സീസണിൽ അദ്ദേഹം ക്ലബിനൊപ്പം നേടിയ നേട്ടങ്ങൾ തന്നെ പ്രധാന കാരണം.

സീസണിൽ ഫൈനലിലെത്തിയതിനു പുറമെ ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് ചരിത്രത്തിലെ ഏതാനും റെക്കോഡുകളും കുറിച്ചിരുന്നു. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ പോയന്റുകൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, ഏറ്റവും കുറഞ്ഞ തോൽവികൾ തുടങ്ങിയവയും ഇത്തവണ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിനു കീഴിൽ സ്വന്തമാക്കി. 10 മത്സരങ്ങൾ തോൽവിയറിയാതെ ഇത്തവണ പൂർത്തിയാക്കാനും ക്ലബ്ബിനായിരുന്നു.

അടുത്ത സീസണിൽ കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ടീമിന്റെ പ്രതീക്ഷ വർധിപ്പിക്കും. കരാർ നീട്ടാനായതിൽ സന്തോം മാത്രമേയൂള്ളുവെന്നും വുകോമാനോവിച്ച് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ.... ''ക്ലബിനുള്ളിൽ പോസിറ്റീവായ എനർജിയുണ്ട്. വിജയകരമായി മുന്നോട്ടുപോകാനുള്ള ഇന്ധനം ക്ലബിനുള്ളിൽ വേണ്ടുവോളമുണ്ടെന്ന് എനിക്ക് തുടക്കത്തിൽ തന്നെ ബോധ്യമായിരുന്നു. ആരാധകരും കേരളം നന്നായി ആകർഷിച്ചു. കരാർ പുതുക്കാനായതിൽ പൂർണ തൃപ്തിയുണ്ട്. അടുത്ത സീസണിൽ ഇതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.'' വുകോമാനോവിച്ച് വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വുകോമാനോവിച്ചിന്റെ സേവനം അനിവാര്യമാണെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. ക്ലബിന്റെ പ്രധാന നീക്കമാണിതെന്നും ബ്ലാസ്റ്റേഴ്സിനിപ്പോൾ വളരാനാവശ്യമായ കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.