കൊച്ചി: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റ ഉടമസ്ഥതയിലുള്ള ഇന്ത്യൻ സൂപ്പർലീഗ് ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയും തീം സോങ്ങും പുറത്തിറക്കി. കൊച്ചിയിൽ സച്ചിൻ ടെണ്ടുൽക്കർ പങ്കെടുത്ത ചടങ്ങിലാണ് ടീമിന്റെ ജഴ്‌സിയും തീം സോങും പുറത്തിറക്കിയത്. കലാഭവൻ മണിയാണ് തീം സോങ് പാടിയിരിക്കുന്നത്.

ആകർഷകമായ രണ്ടു വാക്കുകളാണ് ഗാനം പ്രചരിപ്പിക്കുന്നതിന് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവരും കളിക്കുന്നു (എവരിബഡി പ്ലേയ്‌സ്). ടീം ജഴ്‌സിയായ മഞ്ഞ നിറം കൂടി ഉൾപ്പെടുത്തിയ പദമുപയോഗിച്ച് 'യെല്ലോ മേം ഖേലോ എന്നാണ് ടീമിനെക്കുറിച്ച് സച്ചിൻ വിശേഷിപ്പിച്ചത്. കേരളത്തനിമ വിളിച്ചോതുന്ന സംഗീതവും പശ്ചാത്തലവും ഗാനത്തിന് മഹിമകൂട്ടുന്നു. കഥകളിയിലൂടെയാണ് ടീമിന്റെ ഗാനം ആരംഭിക്കുന്നത്.

ദൃഢനിശ്ചയവും വിശ്വാസ്യതയുമാണ് മഞ്ഞ നിറത്തിലുള്ള ടീം ജഴ്‌സി പ്രതിനിധീകരിക്കുന്നതെന്ന് സച്ചിൻ പറഞ്ഞു. മികച്ച കളിക്കാരെയാണ് ടീമിന് ലഭിച്ചിരിക്കുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിലും കടുത്ത വെല്ലുവിളികൾ ഒന്നിച്ചു നിന്ന് മറികടക്കാൻ ടീമിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നുള്ള താരങ്ങളെ തുടർന്നും പ്രോത്സാഹിപ്പിക്കുമെന്നും താരം പറഞ്ഞു. ആരാധകരുടെ പിന്തുണ അഭ്യർത്ഥിച്ചാണ് സച്ചിൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ആണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോൺസർ.