കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടർച്ചയായി രണ്ടാം തോൽവി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഒഴികിയെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. എഫ്‌സി ഗോവയോട് ഒ്ന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽവി സമ്മാനിച്ചത്. കൊറോമിനസ് ഗോവയ്ക്കായി രണ്ടും മൻവീർ സിങ് ഒന്നും വീതം ഗോളുകൾ നേടിയപ്പോൾ നിക്കോളാ,് ക്രമാരോവിച്ചാണ് കേരളത്തിന് വേണ്ടി ആശ്വാസ ഗോൾ ഇഞ്ചുറി ടൈമിൽ നേടിയത്.

കോറോമിനാസിന്റെ ഇരട്ടഗോളിൽ ഗോവയ്ക്കെതിരെ വെള്ളം കുടിച്ച ബ്ലാസ്റ്റേഴ്സ് ആദ്യ പകുചി അവസാനിക്കുമ്പോൾ തന്നെ രണ്ട് ഗോളിന് പിന്നിലായിരുന്നു. അഞ്ചു മാറ്റങ്ങളുമായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ഒരു ഘട്ടത്തിൽ പോലും ഗോവയ്ക്ക വെല്ലുവിളി സൃഷ്ടിക്കാനായില്ല. മത്സരം തുടങ്ങി 11-ാം മിനിറ്റിൽ തന്നെ കോറോമിനാസിലൂടെ ഗോവ ലീഡെടുത്തു. അഹമ്മദ് ജൗഹുഹുവിന്റെ ക്രോസിൽ ഉയർന്നു ചാടിയുള്ള കോറോമിനാസിന്റെ ഹെഡ്ഡർ വലയുടെ മൂലയിൽ വിശ്രമിച്ചു. ഗോവ 1-0 ബ്ലാസ്റ്റേഴ്സ്.

പിന്നീട് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോൾ വന്നത്. കോറോ പന്ത് പാസ് ചെയ്യുന്നതും പ്രതീക്ഷിച്ചു നിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്‌ച്ചക്കാരാക്കി കോറോമിനാസ് നേരിട്ട് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. പോസ്റ്റിന്റോ വലതുമൂല ലക്ഷ്യം വെച്ച കോറോയ്ക്ക് പിഴച്ചില്ല. ഗോവ 2-0 ബ്ലാസ്റ്റേഴ്സ്.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിനെ നിലം തൊടാൻ ഗോവ അനുവദിച്ചില്ല. 67ാം മിനിറ്റിൽ മൻവീർ സിങ് ആണ് വല കുലുക്കിയത്. ഏഴ് മത്സരം പൂർത്തിയാക്കി 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ അത്രയും മത്സരങ്ങളിൽ നിന്ന് വെറും 7 പോയിന്റുമായി ഏഴാം സ്ഥാനത്താണ് കേരളം. ഉദ്ഘാടന മത്സത്തിൽ കൊൽക്കത്തയെ 2 ഗോളിന് തോൽപ്പിച്ച ശേഷം തുടർച്ചയായി നാല് സമനില കേരളം നേടിയിരുന്നു.കഴിഞ്ഞ മത്സരത്തിൽ ബെഗലൂരുവിനോടും കേരളം തോൽവി വഴങ്ങിയിരുന്നു.