മഡ്ഗാവ്: ഗോവയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആർത്തിരമ്പിയ മഞ്ഞപ്പട കണ്ണീരോടെയാണ് മടങ്ങുന്നത്. തങ്ങളുടെ പ്രിയ ടീം മൂന്നാം തവണയും ഐഎസ്എൽ ഫൈനലിൽ തോറ്റതിന്റെ നിരാശ അവർ മറച്ചുവെച്ചില്ല. എന്നാൽ, ഒരേ മനസ്സോടെ അവർ പറയുന്ന് കൈവിടില്ല, നെഞ്ചോട് ചേർത്തു പിടിക്കും ഈ ബ്ലാസ്റ്റേഴ്‌സിനെ എന്നാണ്. മത്സരത്തിൽ മുഴുവൻ സമയവും മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിന് മത്സരം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ശേഷിക്കെ വഴങ്ങിയ അപ്രതീക്ഷിത ഗോളാണ് തിരിച്ചടിയായത്.

എക്‌സ്ട്രാ ടൈമിലെ ചടുലമായ നീക്കങ്ങൾ ഗോളാക്കാൻ സാധിച്ചതുമില്ല. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനു മുന്നിൽ തലകുനിച്ചു. കട്ടിമാണി എന്ന ഗോൾകീപ്പറായിരുന്നു കേരളത്തിന് മുന്നിൽ മഹാമേരുവായത്. കന്നി കിരീടവുമായി ഹൈദരാബാദ് നാട്ടിലേക്ക് മടങ്ങുമ്പോൾ കപ്പിനായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇനിയും കാത്തിരിക്കണം.

ഷൂട്ടൗട്ടിലെ താരമായി ലക്ഷ്മികാന്ത് കട്ടിമണി

ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയായിരുന്നു ഷൂട്ടൗട്ടിലെ താരം. ആയുഷ് അധികാരിക്ക് മാത്രമാണ് കട്ടിമണിയെ കബളിപ്പിക്കാനായത്. മാർകോ ലെസ്‌കോവിചിന്റെയും നിഷു കുമാറിന്റെയും ജീക്‌സൺ സിങ്ങിൻെയും കിക്കുകൾ കട്ടിമണി തടുത്തിട്ടപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖൻ സിങ് ഗില്ലിന് ഒരു കിക്ക് പോലും തടുക്കാനായില്ല. അതിനുള്ള അവസരം ഹൈദരാബാദ് താരങ്ങൾ നലകിയില്ല എന്നതാവും ശരി. ജാവോ വിക്ടർ, കാസി കമാറ, ഹാരിചരൺ നർസാരി എന്നിവർ ഗോളിക്ക് അവസരമൊന്നും നൽകാതെയാണ് പെനാൽറ്റി വലയിലെത്തിച്ചത്. ഹാവിയർ സവേരിയോയുശട കിക്ക് പുറത്തേക്ക് പറന്നതും ബ്ലാസ്റ്റേഴ്‌സിന് തുണയായില്ല.

ഫറ്റോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മൈതാനത്ത് റഫറി ക്രിസ്റ്റൽ ജോണിന്റെ കിക്കോഫ് വിസിലുയർന്നപ്പോൾ ഇരുടീമുകളും സൂക്ഷ്മതയോടെയാണ് പന്തുതട്ടിയത്. കൂടുതൽ സമയം പന്ത് കാൽവശം വെച്ച് ബ്ലാസ്റ്റേഴ്‌സ് മുൻതൂക്കം പുലർത്തിയെങ്കിലും കാര്യമായ അവസരങ്ങൾ തുറക്കാനായില്ല. മധ്യനിരയിൽ ലൂനയുടെ നേതൃത്വത്തിൽ പന്ത് നിയന്ത്രിച്ച ബ്ലാസ്റ്റേഴ്‌സ് ധൃതി കാണിക്കാതെയാണ് കളിച്ചത്. മറുവശത്ത് ഹൈദരാബാദിന് പതിവുശൈലിയിൽ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് അവസരം നൽകിയില്ല.

ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ഇരുനിരകൾക്കും അവസരങ്ങളെത്തിയത്. അർധാവസരത്തിൽ വാസ്‌ക്വസിന്റെ തകർപ്പൻ ഷോട്ട് ഹൈദരാബാദ് ഗോളി കട്ടിമണി നോക്കിനിൽക്കെ ബാറിലിടിച്ച് മടങ്ങിയത് അവിശ്വസനീയതയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കണ്ടത്. തൊട്ടുപിറകെ ഹാവിയർ സിവേരിയോയുടെ ഹെഡർ ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖൻ സിങ് ഗില്ലിന് നേരെയായിരുന്നു.

ആരാധകരെ ത്രസിപ്പിച്ച് രാഹുലിന്റെ ഗോൾ

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടും കൽപിച്ചായിരുന്നു. ആദ്യ പകുതിയിലെ മുൻതൂക്കം ഗോളാക്കി മാറ്റണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് വുകോമാനോവിചിന്റെ ടീം ഇറങ്ങിയത്. അതിന് 68ാം മിനിറ്റിൽ ഫലവുമുണ്ടായി. ആദ്യപകുതിയിൽ നിറംമങ്ങിയ രാഹുലിന്റെ കാലിലൂടെയാണ് ഗോളെത്തിയത്. ജീക്‌സൺ സിങ്ങിൽനിന്ന് കിട്ടിയ പന്തുമായി വലതുപാർശ്വത്തിലൂടെ മുന്നേറിയ രാഹുലിന് ഇരുവശവും വാസ്‌ക്വസും ഡയസുമുണ്ടായിരുന്നു. ഇവരിലേക്ക് പാസ് പോകുമെന്ന പ്രതീക്ഷയിൽ ഹൈദരാബാദ് ഡിഫൻസും ഗോളിയും നിൽക്കെ രാഹുൽ ഉന്നംവെച്ചത് ഗോൾ പോസ്റ്റ്. അത്ര തൂക്കമുള്ള ഷോട്ടല്ലാതിരുന്നിട്ടും കട്ടിമണിക്ക് തട്ടിയകറ്റാനായില്ല. ഫലം ഫൈനലിലെ ആദ്യ ഗോൾ.

ഒരു ഗോൾ നേടിയ ശേഷം ഗോൾ വീണ്ടും അടിക്കാൻ തുനിയാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനി തിരിച്ചടിയായത്. പിന്നീടുള്ള സമയം ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കണമെന്ന ചിന്തയിൽ ആക്രമണം മാറ്റിവെക്കാനൊന്നും ബ്ലാസ്റ്റേഴ്‌സ് മുതിർന്നില്ല. എന്നാൽ, സമനില ഗോളിനായി ഇരമ്പിക്കയറിയ ഹൈദരാബാദ് ഏതുനിമിഷവും ഗോൾ നേടുമെന്ന് തോന്നിച്ചു. 76ാം മിനിറ്റിൽ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കിൽ ഒഗ്‌ബെചെയുടെ കനത്ത ഷോട്ട് വലത്തോട്ട് ചാടിയ ഗിൽ തട്ടിയകറ്റി. കളി തീരാൻ മൂന്നു മിനിറ്റ് മാത്രം ബാക്കിനിൽക്കെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ട് ഹൈദരാബാദിന്റെ ഗോളെത്തി. ലൂസ്ബാളിൽ പകരക്കാരൻ സാഹിൽ ടവോരയുടെ തകർപ്പൻ ഷോട്ട് ഗില്ലിന് അവസരമൊന്നും നൽകാതെ വലയിലേക്ക് തൂങ്ങിയിറങ്ങുകയായിരുന്നു.

നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ പെനൽറ്റി ഷൂട്ടൗട്ടിൽ 3-1നാണു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ 3 കിക്കുകൾ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി. മാർക്കോ ലെസ്‌കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2ാം കിക്ക്, ജീക്‌സൻ സിങ്ങിന്റെ 4ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കാണാനായത്.

പെനൽറ്റിയിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കു കൂട്ടത്തോടെ പിഴച്ചപ്പോൾ ലക്ഷ്മീകാന്ത് കട്ടിമണിയുടെ 'സുവർണ കരങ്ങളാൽ' ഹൈദരാബാദ് സിറ്റി എഫ്‌സി കന്നി ഐഎസ്എൽ കിരീടം ചേർത്തു പിടിച്ചു.

ബ്ലാസ്‌റ്റേഴ്‌സിനെ കൈവിടില്ലെന്ന് മഞ്ഞപ്പട

ഇന്നലെ ഗോവയിലെ സ്‌റ്റേഡിയം മഞ്ഞപ്പടയായിരുന്നു. ടീം കടുംനീല ജഴ്‌സിലിയാണ് കളത്തിൽ ഇറങ്ങിയതെങ്കിലും മഞ്ഞപ്പട ആരാധകർ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആർത്തുവിളിച്ചു. അവസാനം നരാശയെങ്കിലും അവർ തളരുന്നില്ല. മൂന്നാം വട്ടവും ഐഎസ്എൽ കിരീടം കയ്യകലത്തിൽ നഷ്ടപ്പെട്ടപ്പോൾ സങ്കടം ഉള്ളിലൊതുക്കിയും ആരാധകർ പറഞ്ഞു. ഈ ടീമിനെ ഇട്ടിട്ട് പോകില്ല. സങ്കടം ഉള്ളിലൊതുക്കുമ്പോഴും അവർ കയ്യടിച്ചു കൊണ്ടേയിരുന്നു. തോൽവിയിലും ടീമിനൊപ്പം ചേർന്നു നിൽക്കാൻ മത്സരിക്കുകയാണ് മഞ്ഞപ്പട. സ്വപ്ന തുല്യമായിരുന്നു ഫൈനൽ വരെയുള്ള യാത്ര. ഇനിയും ഈ ടീം അത്ഭുതങ്ങൾ സൃഷ്ടിക്കും. ആരാധകർ പറയുന്നു.

11500 ആയിരുന്നു ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലെ ഔദ്യോഗിക അറ്റൻഡൻസ്. എന്നാൽ കേരളത്തിന്റെ ഓരോ ജംക്ഷനുകളിലും ടർഫുകളിലും മൈതാനങ്ങളിലും ഒന്നിച്ചു കൂടിയവർ ഇതിന്റെ എത്രയിരടട്ടി വരുമെന്നു കണക്കുകൾ ഇല്ല. ഒന്നുറപ്പ് കേരളം സംസാരിച്ചു കൊണ്ടിരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ചായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക കാണിക്കൂട്ടമായ മഞ്ഞപ്പട 60 സ്‌ക്രീനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കാൻ തയ്യാറെടുത്തത്. എന്നാൽ കണക്കുകൾ ഇതിനപ്പുറത്തേക്ക് നീങ്ങി. കൂട്ടായ്മകൾ, സംഘടനകൾ, യുവജന ക്ലബുകൾ തുടങ്ങി വിവിധ ഗ്രൂപ്പുകൾ കൂടി സ്‌ക്രീനിങ് ഏറ്റെടുത്തതോടെ കേരളത്തിൽ എല്ലായിടത്തും ഫുട്‌ബോൾ നിറഞ്ഞു നിന്നു. മഞ്ഞ ജഴ്‌സികൾ വ്യാപകമായി വാങ്ങിച്ചു കൂട്ടിയതോടെ മഞ്ഞക്കടലായി ഓരോ സ്ഥലവും മാറി. ഒരു ഫുട്‌ബോൾ ഫൈനൽ മത്സരത്തിനു വേണ്ടി ഇത്രയധികം സന്നാഹം കേരളത്തിൽ ആദ്യമാണെന്ന് പറയാം. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് ആൾക്കൂട്ടം ഉണ്ടാകാറുണ്ടെങ്കിലും ഒരു ക്ലബിന് വേണ്ടി ഇതാദ്യം.

'രാവിലെ തന്നെ ഗോവയിലെ ഗ്രൗണ്ടിനു മുന്നിൽ എത്തി. ഇവിടെയെല്ലാം കേരളത്തിൽ നിന്നുള്ളവർ മാത്രം'. കൊച്ചിയിൽ നിന്ന് ഫൈനൽ കാണാൻ ഗോവയിൽ എത്തിയ മഞ്ഞപ്പട അംഗം സോമു പി.ജോസഫ് പറയുന്നു. ബാനറുകളും കൊടികളും എല്ലാം നാട്ടിൽ നിന്ന് കൊണ്ടു വന്നു. ഒപ്പമുണ്ട് ഞങ്ങൾ എന്ന മുദ്രാവാക്യമായിരുന്നു പ്രധാനം. മഞ്ഞപ്പട കോർ കമ്മിറ്റി പ്രധാന പോസ്റ്ററുകൾ തയാറാക്കി നൽകി സോമു പറയുന്നു.