ബംഗളുരു: വിജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾക്കുമേൽ ഇഞ്ചുറി ടൈമിൽ ബംഗളുരു എഫ്‌സി പെയ്തിറങ്ങി. അവസാന രണ്ടു മിനിറ്റിന്റെ ഇടവേളയിൽ വഴങ്ങിയ രണ്ടു ഗോളുകളുടെ വിജയത്തോടെ ബംഗളുരു എഫ്‌സി ഇനി പ്ലേഓഫിനു ബൂട്ടുകെട്ടും. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മിക്കുവും ഉദാന്തസിംഗുമാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബംഗളുരുവിന്റെ ഗോളുകൾ നേടിയത്.

ഒന്നും നഷ്ടപ്പെടാനില്ലാതെ കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കത്തിൽ ലഭിച്ച സുവർണാവസരം സി.കെ.വിനീത് പാഴാക്കി. മറുവശത്ത് മിക്കുവിന്റെയും സുനിൽ ഛേത്രിയുടെയും മുന്നേറ്റങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ സന്ദേശ് ജിംഗാനും കൂട്ടർക്കും കഴിഞ്ഞു.

രണ്ടാം പകുതിയിൽ ബംഗളുരു മേധാവിത്വം പുലർത്തിയെങ്കിലും നിശ്ചിത സമയത്ത് ഗോളുകൾ ഒഴിഞ്ഞുനിന്നു. എന്നാൽ അധികസമയത്തിന്റെ ഒന്നാം മിനിറ്റിൽ മിക്കു ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം തകർത്തു. കേരള പ്രതിരോധത്തിന്റെ പിഴവ് മുതലാക്കിയ മിക്കുവിന്റെ വലതുമൂലയിൽനിന്നുള്ള ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിന്റെ ഇടതുമൂലയിൽ പാഞ്ഞുകയറി. ഒരു ഗോൾ വീണതിന്റെ ആഘാതത്തിൽനിന്നു മുക്തരാകും മുന്പ് സ്വന്തം കാണികൾക്കു മുന്നിൽ ബംഗളുരു വീണ്ടും ലക്ഷ്യം കണ്ടു. ഉദാന്ത സിംഗിന്റെ ഉശിരൻ ഷോട്ട് ഗോളി റെഹൂക്കയെ മറികടന്ന് വലയിലേക്ക് പാഞ്ഞുപോകുന്നത് അവിശ്വസനീയതോടെയാണ് ആരാധകർ കണ്ടുനിന്നത്.

അവസാന മത്സരവും ജയിച്ച ബംഗളരുവിന് 18 മത്സരങ്ങളിൽനിന്ന് 40 പോയിന്റായി. കഴിഞ്ഞ ദിവസംതന്നെ പ്ലേഓഫ് സാധ്യതകൾ അവസാനിപ്പിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിനാകട്ടെ 18 മത്സരങ്ങളിൽനിന്ന് 25 പോയിന്റ് മാത്രമാണുള്ളത്. സീസണിൽ ആദ്യ മത്സരങ്ങളിൽ തുടർച്ചയായി വഴങ്ങിയ സമനിലകളാണ് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു തടയിട്ടത്.