കൊച്ചി: ഇന്ന് സികെ വിനീതാണ് മലയാളികളുടെ താരം. കേരളാ ബ്ലാസ്റ്റേഴ്‌സിനായി വിങ്ങിലൂടെ ഇരച്ചു കയറി ഗോൾ നേടുന്ന മാന്ത്രക താരം. ഐ എസ് എല്ലിൽ മലയാളി ഫുട്‌ബോൾ പ്രേമികളുടെ ആവേശം പുതിയ തലത്തിലെത്തിച്ച പ്രതിഭ. കൊച്ചിന്മ ഗോവയ്‌ക്കെതിരായ കഴിഞ്ഞ മൽസരത്തിൽ വിജയഗോൾ നേടിയ മലയാളി താരം സി.കെ.വിനീത് ഇരട്ടഗോളുകളുമായി പുനരവതരിച്ച മൽസരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ചെന്നൈയിൽ മുൻപ് ഇരുടീമുകളും മുഖാമുഖമെത്തിയ മൽസരത്തിനുശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് അപമര്യാദയായി പെരുമാറിയ ചെന്നൈയിൻ പരിശീലകൻ മറ്റെരാസിക്കുള്ള മറുപടി കൂടിയായി ഈ വിജയം. ഒപ്പം, ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അപമാനിച്ച മറ്റെരാസിക്കെതിരെ വൈകാരികമായി പ്രതികരിച്ച ആരാധകർക്കുള്ള സമർപ്പണവും.

സെവൻസായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ ഫുട്‌ബോൾ ആരവങ്ങൾക്ക് കരുത്തായത്. ഐഎം വിജയനേയും ജോപോൾ അഞ്ചേരിയേയും പോലുള്ള സുപ്പർ താരങ്ങൾ പോലും സെവൻസിലൂടെ കാണികളെ കൈയിലെടുത്തു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫോർവേർഡുകളിൽ ഒരാളായ വിജയന് പോലും ഫുട്‌ബോൾ വലിയൊരു ക്യാൻവാസ് നൽകിയില്ല. ഐ ലീഗും സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പുമൊന്നും ഉണ്ടാക്കാത്ത ജന സാന്നിധ്യമാണ് ഐഎസ്എൽ ഗാലറികളിൽ ഉണ്ടാക്കുന്നത്. ഈ പിന്തുണയാണ് സികെ വിനീതിനെ പോലുള്ള താരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കുന്നതും. ചെന്നൈയ്ക്ക് എതിരായ ഇന്നലെത്തെ മത്സരിത്തിലും ഇത് വ്യക്തമായിരുന്നു.

കളി മറന്ന താരങ്ങളെ കാണികൾ ഉയർത്തെഴുന്നേൽപ്പിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളത്തിലുണ്ടോ എന്നുപോലും തോന്നിപ്പോകുന്നതായിരുന്നു മൽസരത്തിന്റെ ആദ്യപകുതി. സീസണിലാദ്യമായി ആദ്യ ഇലവനിൽ കളിക്കാനെത്തിയ വിനീതും ആദ്യപകുതിയിൽ തീർത്തും നിരാശപ്പെടുത്തി. രണ്ടാം പകുതിയിൽ ഗാലറിയിലെ ആരവങ്ങളിൽ നിന്ന് ആവേശം ഉൾക്കൊണ്ട് വനീത് മുന്നേറി. ഇതോടെ ഗോളുകൾ പിറന്നു. ഐ എസ് എല്ലിൽ സച്ചിൻ തെണ്ടുൽക്കറുടെ കൊച്ചി ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് എത്തി. വിദേശ താരങ്ങൾക്കല്ല, തദ്ദേശിയരെയാകും ഗാലറിയിലെ ആർപ്പുവിളി സ്വാധീനിക്കുകയെന്ന സാക്ഷ്യം കൂടിയായി വിനീതിന്റെ ഗോളുകൾ.

ചെന്നൈയിൻ ക്യാപ്റ്റൻ ബെർനാർഡ് മെൻഡ് നേടിയ ഗോളിന് ആദ്യപകുതിയിൽ പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിലയേറിയ മൂന്ന് പോയിന്റ് പോക്കറ്റിലാക്കിയത്. 85, 89 മിനിറ്റികളിലായിരുന്നു വിനീതിന്റെ ഗോളുകൾ. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോൾ ദിദിയർ കാഡിയോ (66) നേടി. സീസണിലെ നാലാം വിജയത്തോടെ 10 മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഒൻപത് മൽസരങ്ങളിൽനിന്ന് 10 പോയിന്റുള്ള ചെന്നൈയിൻ എഫ്‌സി ഏഴാം സ്ഥാനത്ത് തുടരുന്നു. സീസണിൽ രണ്ടാം മൽസരം മാത്രം കളിച്ച സി.കെ.വിനീത് മൂന്നു ഗോളോടെ ടോപ്‌സ്‌കോറർമാരുടെ പട്ടികയിലും സാന്നിധ്യമറിയിച്ചു.

വിനീത് ഫോം കണ്ടെത്തിയതോടെ രണ്ടാം പകുതിയിൽ കളി മാറി. ചോപ്രയ്ക്ക് പകരം ദിദിയർ കാഡിയോയേയും റഫീഖിന് പകരം റിനോ ആന്റോയേയും ഇറക്കാനുള്ള കോച്ച് സ്റ്റീവ് കോപ്പലിന്റെ തീരുമാനവും മൽസരഫലത്തിൽ നിർണായകമായി. കാഡിയോ എത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് മൽസരത്തിലാദ്യമായി മേധാവിത്വം ലഭിച്ചത്. അലകടലായെത്തിയ മുന്നേറ്റങ്ങൾക്കൊടുവിലായിരുന്നു കാഡിയോയിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോൾ. എഎഫ്‌സി കപ്പിനുശേഷം തങ്ങൾ തിരിച്ചെത്തുന്നതും കാത്തിരുന്ന ആരാധകർക്കായി വിനീത് ഇരട്ടഗോളും നേടിയതോടെ മൽസരം ബ്ലാസ്‌റ്റേഴ്‌സിന്. 76ാം മിനിറ്റിൽ റഫീഖിന് പകരം മലയാളി താരം റിനോ ആന്റോയുമെത്തിയതോടെ സ്‌റ്റേഡിയം പൂരപ്പറമ്പു പോലെയായി. പിന്നാലെ ചെന്നൈയിൻ നിരയിൽ ജെജെയ്ക്ക് പകരം ഹാൻസ് മുൾഡർ വന്നു. അതോടെ ചെന്നൈയിൻ നിരയിലും അനക്കം വച്ചു. എന്നാൽ, മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരട്ടഗോളുമായി വിനീത് അവതരിച്ചതോടെ ചെന്നൈയിന്റെ പോരാട്ടം തീർന്നു.

ചെന്നൈയിൽ വച്ചുനടന്ന മൽസരശേഷം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുമായി കോർത്ത ചെന്നൈയിൻ എഫ്‌സിയുടെ ഇറ്റാലിയൻ പരിശീലകൻ മാർക്കോ മറ്റരാസിക്കെതിരെ പ്രതിഷധ സൂചകമായി മുൻ ഫ്രഞ്ച് താരം സിനദീൻ സിദാന്റെ മുഖംമൂടിയണിഞ്ഞാണ് ഒരു വിഭാഗം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മൈതാനത്തെത്തിയത്. 2006ലെ ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനിടെ പ്രകോപനപരമായി സംസാരിച്ച മറ്റെരാസിയെ സിദാൻ തലകൊണ്ടിടിച്ച് താഴെയിട്ടിരുന്നു. ഈ സംഭവത്തിന്റെ ഓർമയ്ക്കായിട്ടായിരുന്നു സിദാന്റെ മുഖംമൂടിയണിഞ്ഞുള്ള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം.

ചെന്നൈയിൻ എഫ്‌സി താരങ്ങളുമായെത്തിയ വാഹനം സ്റ്റേഡിയത്തിന് സമീപത്തേക്ക് പ്രവേശിച്ചതുമുതൽ കൂകിവിളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അരിശം തീർത്തത്. ടീമംഗങ്ങൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് സമീപം നിലയുറപ്പിച്ച ആരാധകർ മറ്റരാസി വന്നയുടൻ മുഖംമൂടി എടുത്തണിഞ്ഞ് പ്രതിഷേധം അറിയിച്ചു. പിന്നീട്, സ്റ്റേഡിയത്തിലേക്ക് മറ്റെരാസി പ്രവേശിച്ചപ്പോഴും ആരാധകരൊന്നാകെ മുഖംമൂടികളും ബാനറുകളും ഉയർത്തിക്കാട്ടിയും കൂകിവിളിച്ചും സ്‌റ്റേഡിയത്തിൽ പ്രകമ്പനം തീർത്തു.