തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ ഒഴിയുമെന്ന് ആദ്യം വാർത്ത നൽകിയത് മറുനാടൻ മലയാളി. ദീർഘനാളത്തെ വിലപേശലിനും അനുനയ ചർച്ചകൾക്കുമൊടുവിൽ ബ്രാൻഡ് അംബാസിഡറായി തുടരാനാണ് സച്ചിന്റെ തീരുമാനം.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സച്ചിൻ ഇക്കാര്യം പ്രഖ്യാപിക്കും. തെലുങ്ക് സൂപ്പർ സ്റ്റാറുകളായ ചിരഞ്ജീവി, നാഗാർജുന എന്നിവരാണ് സച്ചിന്റെ പക്കൽനിന്നും ഓഹരികൾ ഏറെയും വാങ്ങുന്നത്. ജൂൺ ഒന്ന് ബുധനാഴ്ചയാണ് സച്ചിൻ - പിണറായി കൂടിക്കാഴ്ച.

ഐഎസ്എൽ രണ്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്കുശേഷം 2015 നവംബറിലാണ് സച്ചിൻ ഉടമസ്ഥാവകാശം വിടാൻ തീരുമാനിച്ചത്. എന്നാൽ എന്നാൽ സഹ ഉടമകളായ പ്രസാദ് വി പട്ട്‌ലൂറി (പി വി എസ് വെഞ്ച്വർ), മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എന്നിവർ സച്ചിന്റെ തീരുമാനത്തെ എതിർത്തു. ഐഎസ്എല്ലിന്റെ ആസൂത്രകരായ റിലയൻസ് ഗ്രൂപ്പും സച്ചിനെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്.

ടീമിന്റെ ബ്രാൻഡ് അംബാസിഡർ പദവിയുടെ ഫീസ് ഉൾപ്പെടെ ഓഹരിയുടെ 60 ശതമാനം സച്ചിന്റെ പേരിലായിരുന്നു. ബാക്കി 20 ശതമാനം പിവി എസ് വെഞ്ച്വറിന്റെ പേരിലും 20 ശതമാനം മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പേരിലുമായിരുന്നു. തന്റെ പേരിലുള്ള 40 ശതമാനം ഓഹരിയാണ് സച്ചിൻ തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവിക്കും നാഗാർജുനയ്ക്കും
കൈമാറിയത്.

യഥാർത്ഥത്തിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രസാദ് ഗ്രൂപ്പ് ആണ് ടീമിന്റെ 60 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത്. ഈ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർമാരാണ് ചിരഞ്ജീവിയും നാഗാർജുനയും. ഇതോടെ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് ടീമിലുള്ള ഓഹരി വിഹിതം 20 ശതമാനമായി കുറയും. പി വി എസ് വെഞ്ച്വർ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിന്റെ
ഉടമസ്ഥതയിൽനിന്ന് പൂർണ്ണമായും പിന്മാറിയെന്നും സൂചനയുണ്ട്. ഐഎസ്എൽ രണ്ടാം എഡിഷനു ശേഷം, സാമ്പത്തിക ഇടപാടുകളിൽ കൃത്രിമം നടത്തിയെന്നു കണ്ടെത്തിയതിനാൽ പി വി എസ് വെഞ്ച്വർ ഗ്രൂപ്പിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 30 കോടി രൂപ പിഴ ചുമത്തിയിരുന്നു. അന്നുമുതലാണ് സച്ചിൻ ടീമിന്റെ ഉടമസ്ഥാവകാശം
ഒഴിയുന്നതിനെക്കുറിച്ച് ആലോചിച്ചത്.

ഇക്കാര്യമാണ് ഒരു വർഷം മുമ്പ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തത്. അന്ന് സച്ചിന്റെ ആരാധകരെല്ലാം വാർത്തയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. എന്നാലിപ്പോൾ, മറുനാടൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കേരള മുഖ്യമന്ത്രിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷം ടീമിന്റെ ഉടമസ്ഥാവകാശത്തിൽ തുടരുന്നതിനെക്കുറിച്ച്കൂടുതൽ കാര്യങ്ങൾ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തുമെന്നാണ് സൂചന.