മുംബൈ: ഐഎസ്എൽ സീസൺ അഞ്ചിലെ മത്സരത്തിൽ മുംബൈ സിറ്റിയോട് ആറ് ഗോൾ തോൽവിയുടെ നാണക്കേട് ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിനിടെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മാർച്ചിങ് ഓർഡർ ലഭിച്ച മലയാളിതാരം സക്കീർ മുണ്ടംപാറയ്ക്കെതിരേ കൂടുതൽ അച്ചടക്ക നടപടി വന്നേക്കും. ആദ്യപകുതിയുടെ അവസാനമാണ് മാർച്ചിങ് ഓർഡർ ലഭിച്ച ഫൗൾ നടന്നത്.

ചുവപ്പുകാർഡ് കാട്ടിയ റഫറിയുടെ മുഖത്തേക്ക് പന്തെറിഞ്ഞ സക്കീറിനെതിരേ മാച്ച് ഒഫീഷ്യൽസ് പരാതി നല്കിയിട്ടുണ്ടെന്നാണ് സൂചന. ഐഎസ്എൽ അച്ചടക്ക സമിതിയാകും സക്കീറിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. കളത്തിൽ ഗുരുതര അച്ചടക്കലംഘനമാണ് സക്കീർ നടത്തിയതെന്നാണ് മുൻകാല താരങ്ങളും പറയുന്നത്. ചുരുങ്ങിയത് മൂന്നു മത്സരങ്ങളിലെങ്കിലും മലയാളി താരത്തിന് സസ്പെൻഷൻ ലഭിച്ചേക്കും.

മുംബൈ സിറ്റിക്കെതിരായ 6-1ന്റെ തോൽവി ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിപ്പിച്ചു. അതേസമയം പത്തുപേരുമായി തങ്ങൾ പന്ത്രണ്ടുപേരെ പോലെയാണ് കളിച്ചതെന്ന് കോച്ച് ഡേവിഡ് ജെയിംസ് അവകാശപ്പെട്ടു. ടീമിന്റെ പ്രകടനത്തിൽ സംതൃപ്തിയുണ്ടെന്ന് പറഞ്ഞ കോച്ച് റഫറിയിംഗിലെ പോരായ്മകളെ വിമർശിക്കാനും മറന്നില്ല.