കൊച്ചി: പുനെ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് സച്ചിന്റെയും കൊച്ചിയുടെയും സ്വന്തമായ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ക്രോസ് ബാറിനു കീഴിൽ സന്ദീപ് നന്ദി പുറത്തെടുത്ത മികച്ച പ്രകടനവും ഇയാൻ ഹ്യൂം നേടിയ ഗോളുമാണ് കേരളത്തിന് തുണയായത്.

കളിയിലുടനീളം ആക്രമിച്ചു കളിച്ചത് പുനെയാണെങ്കിലും ഭാഗ്യവും ജയവും സെമി ബർത്തും കേരളത്തിനൊപ്പം നിൽക്കുകയായിരുന്നു. ഇരമ്പിയാർത്ത കാണികളെ സാക്ഷിയാക്കിയാണ് കളിഗതിക്കെതിരായി ഇയാൻ ഹ്യൂം ഗോൾ നേടിയത്.

23-ാം മിനിറ്റിൽ മനോഹരമായൊരു ഫ്രീകിക്കിലൂടെയാണ് ഇയാൻ ഹ്യൂം ഗോൾ നേടിയത്. പുനെ ഗോളിയുടെ കൈയിൽ തട്ടി വലയിലേക്കു പന്തു പതിക്കുമ്പോൾ തന്നെ ആരവങ്ങളുടെ അലകടൽ കൊച്ചി തീർത്തു.

പിന്നീട് ഗോൾ വഴങ്ങാതെ കാക്കുക എന്ന ദൗത്യമായിരുന്നു കേരളത്തിനുണ്ടായിരുന്നത്. ആ ചുമതല ഭംഗിയായി സന്ദീപ് നന്ദി നിർവഹിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്കു മാർച്ചുചെയ്തു.