പുനെ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. പുനെ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്.

പതിനഞ്ചാം മിനിട്ടിൽ ഡേവിഡ് ട്രെസിഗെയിലൂടെ പുനെയാണ് ആദ്യം സ്‌കോർ ചെയ്തത്. എന്നാൽ മലയാളി താരം സി എസ് സബീത്തിലൂടെ 41-ാം മിനിട്ടിൽ കേരളം സമനില തേടി. ക്യാപ്റ്റൻ പെൻ ഓർജിയാണ് 65-ാം മിനിറ്റിൽ വിജയഗോൾ നേടിയത്.

മികച്ച നീക്കങ്ങൾ നടത്തുകയും ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ഇയാൻ ഹ്യൂമാണ് കളിയിലെ കേമൻ. പുനെ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം വിജയിക്കാനായത് ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസമേകും. ജയത്തോടെ നാലു കളിയിൽ നാലു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കു കയറി. നാലു പോയിന്റുള്ള പുനെ ഗോൾവ്യത്യാസത്തിൽ ആറാം സ്ഥാനത്തേക്കിറങ്ങി.

മൂന്നു കളി കഴിഞ്ഞിട്ടും ഒരുജയംപോലും നേടാത്തതിന്റെ നിരാശയുമായാണ് ബ്ലാസ്റ്റേഴ്‌സ് പുണെയിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ അത്‌ലറ്റികോ ഡി കൊൽക്കത്തക്കെതിരെ രണ്ടാം പകുതിയിൽ പുറത്തെടുത്ത തന്ത്രം ബ്ലാസ്റ്റേഴ്‌സ് വീണ്ടും പരീക്ഷിച്ചു. മുന്നേറ്റത്തിൽ ഒരു സ്‌ട്രൈക്കറെ മാത്രം നിർത്തി, ഇരുവശത്തും സഹായിക്കാൻ രണ്ടുപേരെ നിയോഗിച്ചു. ഏക സ്‌ട്രൈക്കർ മലയാളിതാരം സി എസ് സബീത്ത്. വലതുവശത്ത്, ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരം ഇയാൻ ഹ്യൂമും മറുവശത്ത് പെഡ്രോ ഗുസ്മാവോയും. ക്യാപ്റ്റൻ പെൻ ഓർജി പകരക്കാരുടെ നിരയിൽ ഇരുന്നു.

സ്വന്തം കാണികളുടെ അകമഴിഞ്ഞപിന്തുണയോടെ കളിച്ച പുനെയാണ് ആദ്യ നിമിഷങ്ങളിൽ ആഞ്ഞടിച്ചത്. ഒത്തിണക്കമില്ലാതെ കളിച്ച ബ്ലാസ്റ്റേഴ്‌സ് ചിന്നിച്ചിതറിയതോടെ പുനെ മുന്നേറ്റം അനായാസമായി ബ്ലാസ്റ്റേഴ്‌സ് ഗോൾമേഖലയിൽ കയറി. കാൽമണിക്കൂറിനുള്ളിൽ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചുതകർത്ത് പുനെ ലീഡ് കുറിച്ചു. ബോക്‌സിന്റെ ഇടതുവശത്തുനിന്ന് ജോൺ ഗൂസെൻസ് തൊടുത്ത ഫ്രീകിക്ക് തക്കംപാർത്തിരുന്ന ട്രെസഗെ കനത്ത അടിയിലൂടെ ഗോളാക്കി. ഗോളി ഡേവിഡ് ജെയിംസിന് നിസഹായനായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.

എന്നാൽ, ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് ഉണർന്നു. വലതുവശത്ത് നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. വേഗവും കൃത്യതയുംകൊണ്ട് ഈ കനേഡിയക്കാരൻ ബ്ലാസ്റ്റേഴ്‌സിന് ജീവൻ നൽകി. ആദ്യപകുതി തീരാൻ നാലുമിനിറ്റ് മാത്രം ശേഷിക്കെ, പുണെ ഗോൾമുഖത്തേക്ക് സുന്ദരമായി കുതിച്ച ഹ്യൂം പ്രതിരോധതാരങ്ങളെ വെട്ടിച്ച് ബോക്‌സിലേക്കു കടന്ന സബീത്തിന് പന്ത് കൈമാറി. പക്ഷേ, ഗോളി മാത്രം മുന്നിൽനിൽക്കെ ഷൂട്ട് ചെയ്യാൻ വൈകിപ്പോയ സബീത്തിനെ പുണെ പ്രതിരോധതാരം തടുത്തു. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി കോർണർ കിക്ക്. സെഡ്രിക് ഹെങ്ബാർട്ടിന്റെ കോർണറിൽ സബീത്ത് ഒടുവിൽ ലക്ഷ്യംകണ്ടു.

രണ്ടാം പകുതിയിൽ പരിക്കേറ്റ പുനെ ഗോളി ബെലാർദി പിന്മാറി. പകരം അരിന്ദം കയറി. ഈ അവസരം മുതലാക്കി ബ്ലാസ്റ്റേഴ്‌സ് ആഞ്ഞടിച്ചു. ഗുസ്മാവോയ്ക്ക് പകരമെത്തിയ ഓർജിയും ആക്രമണത്തിലേക്കു ചേർന്നു. മിനിറ്റുകൾക്കുള്ളിൽ അതിനു ഫലവും കിട്ടി. വലതുവശത്തുനിന്ന് ഹ്യൂം നൽകിയ മനോഹര പാസിൽ ഓർജി ഗോൾ നേടി.

ഐഎസ്എലിൽ വെള്ളിയാഴ്ച മത്സരമില്ല. ശനിയാഴ്ച എഫ്‌സി ഗോവയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും. ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും.