കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം സീസൺ ആരംഭിക്കുമ്പോൾ നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റെഴ്‌സ് തയ്യാറെടുക്കുകയാണ്. കൂടെ മഞ്ഞപ്പടയുമുണ്ട് .കേരള ബ്ലാസ്റ്റെഴ്‌സിന്റെ ആരാധകവ്ര്യന്ദമാണ് മഞ്ഞപ്പട എന്നറിയപ്പെടുന്നത്.

2014 മെയ് 28 നു തികച്ചും സാധാരണ രീതിയിലാണ് മഞ്ഞപ്പടയുടെ തേരോട്ടം തുടങ്ങുന്നത്. നിലക്കാത്ത ആരവങ്ങളുമായി ബ്ലാസ്റ്റെഴ്‌സിന്റെ ഹോം മാച്ചുകളിലും എവെ മാച്ചുകളിലും അവരുണ്ടായിരുന്നു.

ഒരു ലക്ഷത്തിലധികം ആരാധകരാണ് ഇന്ന് മഞ്ഞപ്പടയുടെ കീഴിൽ അണിനിരക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളൂ ,കളിക്കളത്തിൽ കൈ മെയ് മറന്നു കേരള ബ്ലാസ്റ്റെഴ്‌സിനു വേണ്ടി മൈതാനത്തിൽ പൊരുതുന്ന ആ പതിനൊന്നു കളിക്കാർക്ക് പിന്തുണയുമായി ഒരു പന്ത്രണ്ടാമൻ. വിജയത്തിലും പരാജയത്തിലും അചഞ്ചലരായി പുറകിൽ ഉറച്ചു നിൽക്കുന്നൊരു ആരാധക വ്യന്ദം ഏതൊരു ടീമിന്റെയും സ്വപ്നമാണ്. നിലക്കാത്ത ആരവങ്ങളുമായി ഗാലറിയിലും ,അക്ഷരങ്ങൾ അഗ്‌നിജ്വാലകളാക്കിയൊരു സംരക്ഷണ കവചം തീർത്തു ഓൺലൈനിലും ബ്ലാസ്റ്റെഴ്‌സിനു പുറകിൽ മഞ്ഞപ്പടയുണ്ടാകും.

മഞ്ഞ പ്രതിനിധീകരിക്കുന്നത് നിശ്ചയദാർഢ്യത്തെയും വിശ്വാസത്തെയുമാണെന്നു ബ്ലാസ്റ്റെഴ്‌സിന്റെ ഉടമകളിൽ ഒരാൾ കൂടെയായ സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസ പുരുഷൻ പറഞ്ഞത് അക്ഷരം പ്രതി ശരി വക്കുന്ന രീതിയിലാണ് മഞ്ഞപ്പടയുടെ മുന്നേറ്റം.

ഐ.എസ്.എല്ലിന്റെ പുതിയ സീസണെ വരവേൽക്കാൻ മഞ്ഞപ്പട എല്ലാ അർത്ഥത്തിലും ഒരുങ്ങികഴിഞ്ഞു. മഞ്ഞപ്പടയുടെ വെബ് സൈറ്റ് ലോഞ്ച് ഓഗസ്റ്റ് 14 നു നടന്നു.മുൻ ഇന്ത്യൻ താരം എൻ.പി.പ്രദീപാണ് ലോഞ്ചിങ് നിർവഹിച്ചത്. പുതിയ സീസണിൽ കരുത്തുറ്റ ഒരു ടീമിനെയാണ് കേരള ബ്ലാസ്റ്റെഴ്‌സ് അണിനിരത്തുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 300 ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റീവ് കോപ്പൽ ആണ് ബ്ലാസ്റ്റെഴ്‌സ് ഹെഡ് കോച്ച് എന്നത് മാത്രമല്ല സവിശേഷത ,ഗോൾ കീപ്പറുടെ സ്ഥാനത്തേക്ക് മുൻ ആർസനൽ താരം ഗ്രഹം സ്റ്റാക്ക് കൂടെ എത്തിയിട്ടുണ്ട്.

അന്റോണിയോ ജർമൻ ,ജോസു എന്നിവരെയൊക്കെ നിലനിർത്തി കൊണ്ട് തന്നെ ഹെയ്തിയുടെ ഫോർവേഡ് ബെൽഫോർട്ട് ,നോർത്തേൺ അയർലന്റ് ഡിഫൻഡർ ആരോൺ ഹ്യുസ് തുടങ്ങിയ മികച്ച സൈനിംഗുകൾ കൂടെയായപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റെഴ്‌സ് ഒരുങ്ങുകയാണ് ,ഇത്തവണ ചരിത്രം തിരുത്താൻ..ഗാലറികളെ ഇളക്കി മറിച്ചു കൊണ്ട് കൂടെയുണ്ടാകും നമ്മുടെ മഞ്ഞപ്പട.

മഞ്ഞപ്പട ഫാൻക്ലബ്ബിന്റെ ഫേസ്‌ബുക്ക് പേജിന് 60,000ത്തോളം ലൈക്കുകളാണ് ഉള്ളത്. മഞ്ഞപ്പട ഫാൻക്ലബ്ബിൽ 10,000ത്തോളം അംഗങ്ങളും ഉണ്ട്. രണ്ടാം സീസണിലെ ടീം തെരഞ്ഞെടുപ്പ് മുതൽ എല്ലാ കാര്യത്തിലും മാനേജുമെന്റിന് പിഴച്ചെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. ആ പിഴവുകൾ എല്ലാം മൂന്നാം സീസണിൽ അധികൃതർ തിരുത്തുമെന്നാണ് കായിക കേരളത്തിന്റെ പ്രതീക്ഷ.