- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീസണിലെ അവസാന മത്സരത്തിലും മഞ്ഞപ്പടയ്ക്ക് തോൽവി; കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫിൽ; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ മാത്രം ബാക്കി
മോർമുഗാവോ: ഐഎസ്എൽ ഈ സീസണിലെ അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചത്. മലയാളി താരം വി.പി. സുഹൈർ (34), അപൂയ (46) എന്നിവർ നോർത്ത് ഈസ്റ്റിനായി ഗോൾ നേടി. ജയത്തോടെ നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് യോഗ്യതയും നേടി.
മഞ്ഞപ്പടയുടെ സീസണിലെ ഒൻപതാം പരാജയമായിരുന്നു ഇത്. കഴിഞ്ഞ എട്ടുകളികളിൽ ഒന്നിൽപോലും ജയിക്കാനാവാതെയാണ് ബ്ലാസ്റ്റേഴ്‌സ് സീസൺ അവസാനിപ്പിക്കുന്നത്. കളിയുടെ ആദ്യ പകുതിയിലായിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും. തുടക്കം മുതൽ ജയിക്കാനായി നോർത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചു. പതിയെ താളം കണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ താളം തെറ്റിക്കുന്നതായിരുന്നു സുഹൈറിന്റെ ഗോൾ. ഖസാ കമാറയിൽനിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിലേക്ക് ഓടിക്കയറിയ സുഹൈറിനെ തടയാൻ സന്ദീപ് സിംഗിന്റെ വൃഥാശ്രമം. ബോക്‌സിലേക്ക് കയറിയ സുഹൈറിനെ ഗോൾ കീപ്പർ ആൽബിനോ മുന്നോട്ടുകയറിവന്നു പ്രതിരോധിച്ചു. ആൽബിനോയെയും മറികടന്ന സുഹൈർ ഗോളിയില്ലാ പോസ്റ്റിലേക്ക് പന്തിനെ പറഞ്ഞയച്ചു.
ആദ്യ ഗോൾ നേടി 10 മിനിറ്റിനുള്ളിൽ രണ്ടാം ഗോളും കണ്ടെത്തിയ നോർത്ത് ഈസ്റ്റ് മത്സരം വരുതിയിലാക്കി. സീസണിലെ തന്നെ മനോഹരമായ ഗോളാണ് ലാലെങ്മാവിയയുടെ ബൂട്ടിൽനിന്നും പിറന്നത്. ബോക്‌സിനു വെളിയിൽ ഇടത് മൂലയിൽനിന്നും മാവിയയുടെ കിടിലൻ ലോംഗ് ഷോട്ട്. റോക്ക്റ്റ് ഷോട്ട് കുത്തിയകറ്റാൻ ആൽബിനോ മുഴുനീള ഡൈവ് ചെയ്‌തെങ്കിലും പോസ്റ്റിന്റെ മേൽക്കൂരയിൽ ഇടിച്ച് പന്ത് ഗോളിലേക്കിറങ്ങി. നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്.
മറുനാടന് മലയാളി ബ്യൂറോ