ന്യൂഡൽഹി: മാർക്വീ താരം ആരോൺ ഹ്യൂസില്ലാതെ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിനു ഡൽഹിയിൽ തോൽവി. എതിരില്ലാത്ത രണ്ടു ഗോളിനാണു ഡൽഹി ഡൈനാമോസ് കേരളത്തെ തോൽപ്പിച്ചത്. അഞ്ചു മൽസരങ്ങൾ നീണ്ട കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പിനാണു ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അവസാനമായത്. വിജയികൾക്കായി കീൻ ലൂയിസ് (56), മാഴ്‌സലീഞ്ഞോ (60) എന്നിവർ ഗോൾ നേടി.

വിജയത്തോടെ എട്ടു മൽസരങ്ങളിൽനിന്ന് 13 പോയിന്റുമായി ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. അത്രതന്നെ മൽസരങ്ങളിൽനിന്ന് ഒൻപത് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആരാം സ്ഥാനത്ത് തുടരുന്നു. ഡൽഹിയുടെ മലയാളി പ്രതിരോധ താരം അനസ് എടത്തൊടികയാണ് ഹീറോ ഓഫ് ദ് മാച്ച്.