ബംബോലിം: ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ ജംഷഡ്പൂർ എഫ് സിയോട് തോൽവി വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. രണ്ട് പെനാൽറ്റികൾ വിധി നിർണയിച്ച മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്.

ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട ആദ്യ പകുതിയിൽ ജംഷഡ്പൂർ ഒരു ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഗ്രെഗ് സ്റ്റുവർട്ട് നേടിയ രണ്ട് പെനൽറ്റി ഗോളുകളും രണ്ടാം പകുതിയിൽ ഡാനിയേൽ ചുക്വു നേടിയ ഗോളുമാണ് ജംഷഡ്പൂരിന് ജയമൊരുക്കിയത്.

സീസണിലെ രണ്ടാം തോൽവിയോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു നിന്ന് ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണപ്പോൾ ജയത്തോടെ ജംഷഡ്പൂർ അഞ്ചാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. 15 മത്സരങ്ങളിൽ 26 പോയന്റുള്ള ഹൈദരാബാദ് ഒന്നാമതും 14 മത്സരങ്ങളിൽ 25 പോയന്റുള്ള ജംഷഡ്പൂർ രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിനൊപ്പം 23 പോയന്റുള്ള ബെംഗലൂരു എഫ്സി ഗോൾ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തും എടികെ മോഹൻ ബഗാൻ നാലാം സ്ഥാനത്തുമെത്തി.

ആദ്യ പകുതിയുടെ അവസാന നിമിഷം ഗ്രെഗ് സ്റ്റുവർട്ടിനെ ബോക്‌സിൽ ദെനെചന്ദ്രെ മെറ്റേയി വീഴ്‌ത്തിയതിനാണ് ജംഷഡ്പൂരിനെ അനുകൂലമായി റഫറി ആദ്യ പെനൽറ്റി വിധിച്ചത്. കിക്കെടുത്ത സ്റ്റുവർട്ട് അനായാസം പന്ത് വലയിലാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിലെ വിവാദ പെനൽറ്റിയിലൂടെ റഫറി ജംഷഡ്പൂരിന് രണ്ടാം ഗോൾ സമ്മാനിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ നിമിഷത്തിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഓടിയെത്തിയ ബോറിസ് സിംഗിനെ മാർക്കോ ലെസ്‌കോവിച്ച് ഫൗൾ ചെയ്തതിനായിരുന്നു രണ്ടാം പെനൽറ്റി. ഫൗളിന് ശേഷം കുറച്ചു ദൂരം ഓടിയശേഷമാണ് ബോറിസ് സിങ് ബോക്‌സിൽ വീണത്. റീപ്ലേയിൽ ലെസ്‌കോവിച്ച് ഫൗൾ ചെയ്തില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ റഫറി പെനൽറ്റി വിധിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് തളർന്നു.

കിക്കെടുത്ത ഗ്രെഗ് സ്റ്റുവർട്ടിന് പിഴച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലെ രണ്ട് ഗോളിന് പിന്നിലായിപ്പോയതോടെ തളർന്ന ബ്ലാസ്റ്റേഴ്‌സിന് മേൽ 53-ാം മിനിറ്റിൽ ഡാനിയേൽ ചുക്വു മൂന്നടി മുന്നിലെത്തിച്ചു. ബോറിസ് സിംഗെടുത്ത ഫ്രീ കിക്കിൽ നിന്നായിരുന്നു ചുക്വുിന്റെ ഗോൾ. മൂന്ന് ഗോളിന് പിന്നിലായതോടെ പ്രത്യാക്രമണത്തിന് മുതിരാതെ കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാനായി പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

പിന്നീട് പലതവണ ജംഷഡ്പൂർ ഗോളിന് അടുത്തെത്തിയെങ്കിലും ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ തുണച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലെ വിൻസി ബരേറ്റോയെ പിൻവലിച്ച് കെ പ്രശാന്തിനെയും അവസാനം സഹൽ അബ്ദുൾ സമദിനെ പിൻവലിച്ച് റൂയിവാ ഹോർമിപാമിനെയും മാർക്കോ ലെസ്‌കോവിച്ചിന് പകരം ചെഞ്ചോയെയും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കിയെങ്കിലും ജംഷഡ്പൂരിന്റെ മലയാളി ഗോൾ കീപ്പർ ടി പി രഹ്നേഷും ജംഷഡ്പൂരിന്റെ പ്രതിരോധവും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസഗോൾ പോലും നിഷേധിച്ചു.

തോൽവിയോടെ സീസണിൽ ഏറ്റവും കൂടുതൽ ജയങ്ങളെന്ന റെക്കോർഡിനായി ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിനായി കാത്തിരിക്കണം. സീസണിൽ ഏറ്റവും കൂടുതൽ പോയന്റ് റെക്കോർഡ് മറികടക്കാനും ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കണം.