- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാസ്‌കെസ് മുന്നിലെത്തിച്ചു; പകരക്കാരനായി ഇറങ്ങി ലീഡ് ഉയർത്തി പ്രശാന്ത്; സീസണിലെ ആദ്യ വിജയം കുറിച്ച് ബ്ലാസ്റ്റേഴ്സ്; ഒഡിഷ എഫ്സിയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ഗോവ: സീസണിലെ ആദ്യ വിജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. വിജയത്തോടെ അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. ആറു പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്താണ്.
18 ഷോട്ടുകളാണ് ഒഡീഷ താരങ്ങളുതിർത്തത്. ഇതിൽ ആറെണ്ണം ഗോൾ കീപ്പറെ പരീക്ഷിച്ചു. ഒന്ന് ഗോൾവര കടന്നു. ബ്ലാസ്റ്റേഴ്സ് എട്ട് ഷോട്ടുകളാണുതിർത്തത്. ഇതിൽ അഞ്ചെണ്ണം പോസ്റ്റിലേക്ക് വന്നു. ഇതിൽ രണ്ടെണ്ണം ഗോൽ നേടുകയും ചെയ്തു.
ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചെത്തിയ ഒഡിഷയെ വിദേശ താരം ആൽവാരൊ വാസ്‌കെസിന്റേയും മലയാളി താരം പ്രശാന്തിന്റേയും ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. ഇഞ്ചുറി ടൈമിൽ നിഖിൽ രാജാണ് ഒഡിഷയുടെ ഗോൾ കണ്ടെത്തിയത്.
മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ഒഡീഷയുടെ ഗോൾകീപ്പറെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്‌സിന് പക്ഷേ ലക്ഷ്യം കാണാനായില്ല. രണ്ടാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്ന് സഹൽ അബ്ദുൽ സമദ് തൊടുത്ത ഷോട്ട് ഒഡിഷ ഗോളി കമൽജിത് സിങ്ങ് തട്ടിയകറ്റി. പിന്നാലെ ഒരു ഫ്രീ കിക്കിലൂടെ അഡ്രിയാൻ ലൂണയും കമൽജിതിനെ പരീക്ഷിച്ചു.
14-ാം മിനിറ്റിലാണ് ഒഡിഷയ്ക്ക് ആദ്യ അവസരം ലഭിച്ചത്. ഹാവി ഹെർണാണ്ടസിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 25-ാം മിനിറ്റിൽ വീണ്ടും ഹെർണാണ്ടസിന്റെ ഷോട്ട് പാഴായി.
ഒടുവിൽ 60-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോളെത്തി. ലൂണയുടെ പാസ് സ്വീകരിച്ച് ഓടിയ വാസ്‌കെസ് ഗോളിയെ അനായാസം മറികടന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിച്ചു. 76-ാം മിനിറ്റിൽ സഹൽ അബ്ദുൽ സമദിന് പകരം പ്രശാന്തിനെ ഗ്രൗണ്ടിലിറക്കി. ഒമ്പതു മിനിറ്റിനുള്ളിൽ പ്രശാന്ത് വല ചലിപ്പിച്ചു. ഈ ഗോളിനും അസിസ്റ്റ് നൽകിയത് ലൂണയാണ്. പിന്നീട് ഗോൾ തിരിച്ചടിക്കാനുള്ള ഒഡിഷയുടെ ശ്രമങ്ങളാണ് കണ്ടത്. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ നിഖിൽ രാജ് ലക്ഷ്യം കണ്ടു.
സ്പോർട്സ് ഡെസ്ക്