പുനെ: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തുടർച്ചയായ നാലാം തോൽവി. രണ്ടിനെതിരെ മൂന്നു ഗോളിനാണ് കേരളം തോറ്റത്. ജയത്തോടെ പുനെ ആദ്യ സ്ഥാനത്തേക്ക് ഉയർന്നപ്പോൾ കേരളം അവസാന പടിയിൽ തുടർന്നു.

അതിവേഗ ഗോളിന്റെ റെക്കോർഡ് മലയാളി താരം മുഹമ്മദ് റാഫി സ്വന്തമാക്കിയ മത്സരത്തിലും തോറ്റു എന്നത് കേരളത്തിന്റെ ആരാധകരെ നിരാശയിലാക്കി.

പുനെയ്‌ക്കെതിരെ ആദ്യ മിനിറ്റിൽ തന്നെ റാഫി ഗോൾ നേടി. 49ാം സെക്കൻഡിലാണ് റാഫി കേരളത്തിനായി ഗോൾ നേടിയത്. തൊട്ടുപിന്നാലെ രണ്ടു ഗോളുകൾ തിരിച്ചടിച്ച് പുനെ മുന്നിലെത്തി. കാലു ഉച്ചെയാണ് 16, 23 മിനിറ്റുകളിൽ പുനെയ്ക്കായി ഗോൾ നേടിയത്.

എന്നാൽ, 30-ാം മിനിറ്റിൽ റാഫി വീണ്ടും ഗോൾ നേടിയതോടെ കേരളം മത്സരത്തിലേക്കു തിരിച്ചുവന്നു. ആദ്യ മുപ്പതു മിനിറ്റിൽ നാലു ഗോൾ പിറന്നത് ആരാധകരെയും ആവേശഭരിതരാക്കി. എന്നാൽ, രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ ടുങ്കെ സാൻലി നേടിയ ഗോൾ കേരളത്തിന്റെ വിധിയെഴുതി.

വേഗമേറിയ ഗോൾ എന്ന റെക്കോർഡിനൊപ്പം ഐഎസ്എലിൽ തുടർച്ചയായി നാലു കളി തോൽക്കുന്ന ടീമെന്ന ദുഷ്‌പേരും കേരളത്തിനു ലഭിച്ചു.