കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ പുനെ സിറ്റി എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണു കേരളം പുനെയെ തകർത്തത്.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ക്രിസ് ഡഗ്‌നാലാണ് കേരളത്തിനായി മികച്ചൊരു വോളിയിലൂടെ ആദ്യം സ്‌കോർ ചെയ്തത്. 60ാം മിനിറ്റിൽ സാഞ്ചസ് വാട്ടും ഇടങ്കാലൻ അടിയിലൂടെ സ്‌കോർ ചെയ്തു.

തുടർച്ചയായ തോൽവികൾക്കും സമനിലയ്ക്കും പിന്നാലെ ഐഎസ്എലിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പുനെ സിറ്റിക്കെതിരായ ജയം കേരളത്തിന് ആശ്വാസമേകും. തുടർന്നുള്ള മത്സരങ്ങളിൽ ആത്മവിശ്വാസം പകരുന്നതാണ് ഇന്നത്തെ ജയം.

കേരളം പാഴാക്കിക്കളഞ്ഞ നിരവധി അവസരങ്ങൾ ഗോളായിരുന്നെങ്കിൽ അരഡസനിലേറെ ഗോളുകൾക്ക് കേരളം വിജയിക്കുമായിരുന്നു.

പുതിയ കോച്ച് ടെറി ഫെലാന്റെ കീഴിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയം നേടിയതിന്റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോൾ നേടിയ ശേഷവും ആക്രമണത്തിൽ നിന്നു പിന്തിരിയാത്തതാണു കേരളത്തെ വിജയത്തിലെത്തിച്ചത്. നിരവധി ഗോളവസരങ്ങൾ തീർത്താണ് കേരളം ആരാധകരെ ത്രസിപ്പിച്ചത്. ഗോളെന്നുറച്ച നിരവധി അവസരങ്ങൾ അവസാന നിമിഷത്തിൽ പാഴാക്കാനും കേരള താരങ്ങൾ മത്സരിച്ചത് വിജയത്തിലും പരിശീലകനു ചിന്തിക്കാനുള്ള വകയേകിയിട്ടുണ്ട്.

തോറ്റെങ്കിലും ഐഎസ്എൽ രണ്ടാം സീസണിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് പുനെ. അവസാന പടിയിൽ നിന്ന് ഒരു സ്ഥാനം മുന്നിലെത്താൻ ഇന്നത്തെ ജയം കേരളത്തെ സഹായിച്ചു. തുടർച്ചയായ നാലു മത്സരങ്ങൾക്കൊടുവിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ നേടിയ സമനിലയുടെയും ഹോംഗ്രൗണ്ടെന്ന ആത്മവിശ്വാസത്തിലും കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ പാദ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കേരളത്തെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിൽ കളിക്കാനിറങ്ങിയ പുനെയ്ക്കു തൊട്ടതെല്ലാം പിഴയ്ക്കുകയും ചെയ്തു.

തുടർച്ചയായ നാലു തോൽവികൾക്കുശേഷം ചെന്നൈയ്‌ക്കെതിരായ സമനിലയും ഇന്നത്തെ മത്സരത്തിലെ ജയവും കേരളത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.