കൊച്ചി: പ്ലേ ഓഫ് ഒക്കെ ഇനി സ്വപനം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്. പാതി വഴിയിൽ കോച്ചും വിട്ട് പോയപ്പോൾ ടീമിന്റെ ആത്മവിശ്വാസം വളരെ അധികം ചോർന്നു. പുതിയ കോച്ചായ ഡേവിഡ് ജെയിംസ് ചേർന്നെങ്കിലും ഇന്നത്തെ മൽസരത്തിൽ അദ്ധേഹത്തിന് ഒന്നും ചെയ്യാനില്ല. മികച്ച ഫോമിലുള്ള എഫ്‌സി പൂന സിറ്റിയുമായി കൊമ്പ് കോർക്കുമ്പോൾ കേരളം വിജയവിഴയിൽ തിരിച്ചെത്താൻ വളരെ അധികം പ്രയത്‌നിക്കേണ്ടി വരും.

കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പരിശീലകൻ പാതിവഴിയിൽ പണി നിർത്തി പോകുമ്പോഴുണ്ടാകുന്ന അനിശ്ചിതത്വങ്ങളെല്ലാം ടീമിൽ നിലനിൽക്കുന്നുണ്ട്. അതിന് പകരമായി മുൻ ഇംഗ്ലണ്ട് ദേശീയതാരമായ ഡേവിഡ് ജെയിംസ് എത്തുമ്പോൾ അവസാന സ്ഥാനത്തേക്ക് വീഴില്ല ടീം എന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

പരിക്ക് മാറി കളിക്കാനിറങ്ങുന്ന ദിമിദേവ് ബെർബറ്റോവിലാണ് ടീമിന്റെ പ്രതീക്ഷ. ആദ്യമത്സരങ്ങളിലെ കളിമികവ് ബെർബറ്റോവ് വീണ്ടും പുറത്തെടുത്താൽ മുൻനിരയിലേക്ക് പന്തെത്തുമെന്നും ഗോൾ നേടാനാകുമെന്നുമാണ് ടീമിന്റെ പ്രതീക്ഷയും ആരാധകരുടെ വിശ്വാസവും.ബെർബയും വെസ് ബ്രൗണും ഇതുവരെയും ഒരുമിച്ചു കളത്തിൽ ഇറങ്ങിയിട്ടില്ല. ഇരുവരുടെയും പ്രതിഭ ഒരുമിച്ചു പ്രതിഫലിച്ചാൽ ജയവഴിയിലേക്ക് എളുപ്പം തിരിച്ചെത്താൻ ടീമിനു സാധിക്കും.

എട്ടിൽ അഞ്ചും ജയിച്ച് രണ്ടാം സ്ഥാനത്താണ് പൂണെ. എമിലിയാനോ അൽഫാരോ ഉൾപ്പെടെയുള്ള താരങ്ങൾ മികച്ച ഫോമിലാണ്. ശക്തമായ ആക്രമണത്തെ ചെറുക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചാൽ മാത്രം പോരാ പൂണെയുടെ വലകുലുക്കാനുമായാലേ മഞ്ഞപ്പടക്ക് ജയിക്കാനാകൂ.