ചെന്നൈ: ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ആദ്യജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ ചെന്നൈയിൻ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. വൈകിട്ട് 6.50നാണ് മത്സരം.

ആദ്യമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒരു ഗോളിനു തോറ്റ ബ്ലാസ്റ്റേഴ്‌സ് പോയിന്റ്പട്ടികയിൽ അവസാന സ്ഥാനത്താണ്. ഗോവയെ അവരുടെ മൈതാനത്ത് കീഴടക്കിയ ചെന്നൈ മൂന്നു പോയിന്റുമായി നാലാംസ്ഥാനത്താണ്.

ദക്ഷിണേന്ത്യൻ ടീമുകളുടെ മുഖാമുഖത്തിൽ നേരിയ മുൻതൂക്കം ചെന്നൈയ്ക്കുണ്ട്. സ്വന്തം മൈതാനത്ത് മികച്ച പിന്തുണ ലഭിക്കുമെന്ന ആനുകൂല്യം അവർക്കുണ്ട്. വിദേശതാരങ്ങളുടെ മികവും ചെന്നൈയ്ക്ക് കരുത്തേകും.

മികച്ച ഫോമിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സും എന്നത് കേരളത്തിന്റെ ആരാധകർക്ക് പ്രതീക്ഷയേകുന്നുണ്ട്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചതെങ്കിലും ലഭിച്ച അവസരങ്ങൾ ഗോളാക്കിമാറ്റാൻ കഴിയാത്തതാണ് വിനയായത്. കഴിഞ്ഞ മത്സരത്തിലെ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് കളത്തലിറങ്ങുന്നതെന്ന് പരിശീലകനും മാർക്വീ താരവുമായ ഡേവിഡ് ജെയിംസ് പറഞ്ഞു.

കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ ഇരു ടീമുകളുടെയും പരിശീലനത്തെ ബാധിച്ചിരുന്നു. മുൻ ഇംഗ്ലീഷ് താരം മൈക്കേൽ ചോപ്രയുടെ നിറംമങ്ങിയ പ്രകടനം കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. ചോപ്ര ഫോം കണ്ടെത്തിയാൽ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് ഇരട്ടിയാകും. ചോപ്രയ്ക്കു കൂട്ടായി മലയാളിതാരം സി എസ് സബീത്തുമുണ്ട്. മധ്യനിരയിൽ ക്യാപ്റ്റൻ പെൻ ഒർജിയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഗോളിയായി ആദ്യ ഇലവനിൽ തന്നെ കളത്തിൽ ഇറങ്ങുന്ന ഡേവിഡ് ജെയിംസ് ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റിനെതിരെ മിന്നുന്ന നീക്കങ്ങൾ നടത്തിയിരുന്നു. മൈക്കേൽ സിൽവസ്റ്റർ, എലാനോ ബ്ലുമർ, ബൽവന്ത്‌സിങ്, ബെർണാഡ് മെൻഡി എന്നിവരാണ് ചെന്നൈയുടെ പ്രധാന താരങ്ങൾ. ഇറ്റാലിയൻ താരം മാർകോ മറ്റെരാസി ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം സംശയമാണ്.