ന്യൂഡൽഹി: സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാൻ മറന്ന് സമനിലകളിൽ കുരുങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ വിജയ വഴിയിൽ എത്തി. ഡൽഹി ഡൈനാമോസിലെ അവരുടെ മടയിൽ എത്തി തോൽപ്പിച്ചാമ് കേരളാ ബ്ലാസ്റ്റേഴ്‌സ് കരുത്തുകാട്ടിയ്ത. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ വിജയം. 60-ാം മിനിറ്റിൽ പെൻ ഓജിയാണ് കേരളത്തിന്റെ വിജയ ഗോൾ നേടിയത്. കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച സൂപ്പർ താരം ഹ്യൂമിന്റെ ക്രോസ് ഓജി ഡൽഹിയുടെ പ്രതിരോധനിരയെയും ഗോളിയെയും കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ മൽസരം നിയന്ത്രിച്ചിരുന്നത് ഡൽഹിയായിരുന്നു. നിരവധി അവസരങ്ങൾ ഡൽഹിക്കും ലഭിച്ചിരുന്നു. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല. ഫിനിഷിങ്ങിലെ പോരായ്മകൾ കേരളത്തെ ഇത്തവണയും വലച്ചു. ഗോളെന്നു കരുതിയ പല അവസരങ്ങളും നഷ്ടമാവുകയായിരുന്നു. രണ്ടാം പകുതിയിൽ കേരള കൂടുതൽ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ഇതിന്റെ ഫലം 60-ാം മിനിറ്റിൽ ലഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഹ്യൂമിനും മികച്ചൊരു അവസരം ലഭിച്ചു. എന്നാൽ ഡൽഹിയുടെ ഗോളി തട്ടി അകറ്റുകയായിരുന്നു. പിന്നീടും കേരളത്തിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിൽ പിഴയ്ക്കുകയായിരുന്നു.