തിരുവനന്തപുരം: ഏതൊരു കാലത്തായും ധനമന്ത്രിമാർ ബജറ്റ് അവതരിപ്പിക്കുമ്പോൾ തനതു ശൈലിയിൽ കാവ്യ വാക്കുകളും മഹത് വചനങ്ങളും കൂട്ടുപിടിക്കാറുണ്ട്. മുൻകാലത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല ഇത്തവണത്തെയും ബജറ്റ് അവതരണം. ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ ഏറ്റവും കാലിക പ്രസ്‌കതി അർഹിക്കുന്ന കാലത്തുകൂടിയാണ് കടുന്നു പോകുന്നതെന്നതിനാൽ ആ വിധത്തിൽ ഗുരുചിന്ത ഓർമ്മിച്ച് തുടങ്ങിയ ഐസക്കിന്റെ ബജറ്റ് പ്രസംഗം അവസാനിച്ചത് ഒഎൻവിയുടെ കവിതയോടെയാണ്.

തെരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങൾക്ക് നന്ദിപറഞ്ഞു തുടങ്ങിയ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിൽ പലയിടുത്തും കൃത്യമായി തന്നെ രാഷ്ട്രീയം കടന്നുവന്നു. കഴിഞ്ഞ സർക്കാർ ഭരിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം കുട്ടിച്ചോറാക്കി എന്ന് ഇടയ്ക്കിടെ ഓർമ്മിക്കുന്ന പല പ്രഖ്യാപനങ്ങളും തോമസ് ഐസക്കിൽ നിന്നും ഉണ്ടായി. നിയമസഭയിൽ എത്തി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കൈപിടിച്ച ശേഷമാണ് അദ്ദേഹം തന്റെ സീറ്റിലെത്തി ബജറ്റ് പ്രസംഗം നടത്തിയത്.

സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം കൂടിയായിരുന്നു ഐസക്ക് അവതരിപ്പിച്ചത്. 2 മണിക്കൂർ 56 മിനുട്ട് നീണ്ടു നിന്ന ബജറ്റ് അവതരണത്തിൽ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് അദ്ദേഹം മറികടന്നു. 2 മണിക്കൂർ 54 മിനുട്ട് നീണ്ടു നിന്ന ബജറ്റാണ് കഴിഞ്ഞതവണ ഉമ്മൻ ചാണ്ടി അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി രൂക്ഷമാണെന്ന് വ്യക്തമാക്കി തുടങ്ങിയ അദ്ദേഹം ക്ഷേമപദ്ധതികളുടെ കാര്യത്തിൽ വീഴ്‌ച്ച വരുത്തില്ലെന്നും പറഞ്ഞു.

നാം പ്രത്യേക ജാതിയിലും മതത്തിലും പെടുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ വിളബംരത്തെ ജനങ്ങൾ നെഞ്ചിലേറ്റുന്നുവെന്ന് ജനങ്ങൾ ആവർത്തിച്ച് പ്രഖ്യാപിച്ചതാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ബജറ്റ് തുടങ്ങിയത്. ഗുരുവിന്റെ കാര്യം ഓർമ്മിപ്പിച്ച് തുടങ്ങിയ അദ്ദേഹം എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും എന്ന വാഗ്ദാനം യാഥാർഥ്യമാക്കുമെന്നും പ്രഖ്യാപിച്ചു. കുടുബശ്രീയെ കഴിഞ്ഞ സർക്കാർ തീർത്തും അവഗണിച്ചു എന്നാണ് ഐസക്ക് ബജറ്റിൽ ചൂണ്ടിക്കാട്ടിയത്.

നികുതി വരുമാത്തിലെ കുറവും പദ്ധതി ചെലവ് ക്രിയാത്മകമായി ചെയ്യുന്നതിലും മുൻസർക്കാർ വരുത്തിയ വീഴ്ചയുടെ ഫലമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി. കഴിഞ്ഞ മൂന്ന് വർഷത്തെ പദ്ധതി അടങ്കൽ 70,000 കോടിയിലേറെയാണ്. സംസ്ഥാന പദ്ധതിയുടെ 74 ശതമാനാണ് പദ്ധതി ചെലവ്. ഇതിന്റെ 31 ശതമാനാണ് ചെലവായിട്ടുള്ളത്. പ്രഖ്യാപിച്ചതൊന്നും ചെലവാക്കിയില്ല. ബജറ്റിൽ ഉൾപ്പെടുത്താതെ മറ്റ് ചെലവുണ്ടാക്കി. ബജറ്റിൽ പറയാതെയും മറികടന്നും കാര്യങ്ങൾ നിർവഹിച്ചതിന്റെ ദുരിതം സംസ്ഥാനം നേരിടുന്നു. സഭയിൽ നേരത്തെ അവതരിപ്പിച്ച ധവള പത്രത്തിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്.

ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിസ്സഹായവസ്ഥ പറയുന്നില്ല. കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കിയാൽ വരുമാനം കൂട്ടാം. ആരോഗ്യ മേഖലയിലൊഴികെ മറ്റെല്ലാം മേഖലയിലും രണ്ട് വർഷത്തേക്ക് പുതിയ തസ്തിക സൃഷ്ടിക്കുന്നത് ഒഴിവാക്കാനാകണം. അങ്ങനെയായാൽ വായ്പയെടുക്കുന്നതിന്റെ വിഹിതം മൂലധന ചെലവിന് ഉപയോഗിക്കാനാകും. അഞ്ചുവർഷം കൊണ്ട് ഒരുലക്ഷത്തോളം കോടി രൂപ മൂലധനമുണ്ടാക്കുയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതായിരിക്കും സർക്കാരിന്റെ വികസന അടിത്തറയെന്നും ഐസക് പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ പദ്ധതികളെ കുറിച്ച് പരാമർശിച്ചപ്പോൾ ശ്രീനാരായണ ഗുരുവിന്റെ വാക്യം ഉദ്ധരിച്ചാണ് അദ്ദേഹം തുടങ്ങിയത്. ''വിദ്യാഭ്യാസം ചെയ്ത് അഭിവയോധികിപ്പെടുക'' എന്ന ഗുവാക്യം ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. മാലിന്യ സംസ്‌ക്കരണത്തിന് നികുതി ഏർപ്പെടുത്തിയ മുൻ സർക്കാറിന്റെ നടപടിയെ പരിഹസിച്ചു കൊണ്ടായിരുന്നു ഐസക് ഈ നികുതി എടുത്തുകളഞ്ഞത്.

ഏറ്റവും ഒടുവിൽ ബജറ്റ് അദ്ദേഹം ഉപസംഹരിച്ചത് ഒഎൻവിയെ ഓർത്തുകൊണ്ടാണ്. ഒഎൻവിയുടെ ദിനാനമ്തം കാവ്യത്തിലെ വരികളാണ് അദ്ദേഹം ഉദ്ദരിച്ചത്.

''ഏതീരടി ചൊല്ലി നിർത്തണം എന്നറിയാതെ ഞാൻ
എന്തിനോ കാതോർത്തു നിൽക്കവേ
നിദ്ദശബ്ദരാക്കപ്പെട്ട മനുഷ്യർ തൻ
ശ്ബങ്ങളെങ്ങുനിന്നോ കേൾക്കുന്നു
നമ്മൾ ജയിക്കും ജയിക്കുമൊരുദിനം
നമ്മളൊറ്റയ്ക്കല്ല, നമ്മളാണീ ഭൂമി''

ഈ കവിത ചൊല്ലിയ ശേഷം ബജറ്റ് തയ്യാറാക്കാൻ സഹായിച്ച ഉദ്യോഗസ്ഥരെയും ഓർത്തുകൊണ്ടാണ് ബജറ്റ് അദ്ദേഹം മേശപ്പുറത്ത് വച്ചത്.