തിരുവനന്തപുരം: എന്തൊക്കെ വിവാദത്തിൽ കുടുങ്ങിയാലും കേരള നിയമസഭയിൽ ഒരു സാറേയുള്ളു..! അത് തലമുതിർന്ന നിയമസഭാ അംഗമായ 'കെ എം മാണി സാർ' ആണ്. പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ കെ എം മാണിയിലെ എല്ലാവരും സർ ചേർത്തേ വിളിക്കാറുള്ളൂ. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന വേളയിൽ മുൻ ധനമന്ത്രി എന്ന നിലയിൽ 'മാണി സാറിനെ' ഇടയ്ക്കിടെ ഒന്നു കൊട്ടി നോക്കിയെങ്കിലും അദ്ദേഹത്തോടുള്ള സ്‌നേഹം ഐസക്കിന്റെ ബജറ്റിലുണ്ടായിരുന്നു. കാരുണ്യ ലോട്ടറി വഴി പാവപ്പെട്ട രോഗികളെ സഹായിക്കുന്ന പദ്ധതിക്ക് ബജറ്റിൽ ഐസക്ക് വലിയ പരിഗണനയാണ് നൽകിയത്.

ബജറ്റിന് മുമ്പ് ഐസക്കിനെ കണ്ട് മാണി ബോധ്യപ്പെടുത്തിയ കാരുണ്യ പദ്ധതി തുടർന്നു കൊണ്ടുപോകാനുള്ള തീരുമാനാണ് ഐസക്ക് കൈക്കൊണ്ടത്. കാരുണ്യ, ആർഎസ്ബിവൈ തുടങ്ങി വിവിധ വകുപ്പുകൾക്കു കീഴിലുള്ള ആരോഗ്യ ധനസഹായ പദ്ധതികളെല്ലാം സമന്വയിപ്പിച്ച് ആയിരം കോടി രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. നിലവിൽ ലോട്ടറി വകുപ്പിന്റെ കരുണയിൽ നടപ്പാവുന്ന കാരുണ്യ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റും. പൊതു ആരോഗ്യ സംവിധാനത്തിൽ കേന്ദ്രീകരിച്ച് എല്ലാ രോഗങ്ങൾക്കും പൂർണമായും സൗജന്യ ചികിൽസ ഉറപ്പുവരുത്തും. കാരുണ്യ പദ്ധതിയെ ജനകീയമാക്കാൻ തന്നെയാണ് ധനമന്ത്രിയുടെ തീരുമാനം.

ആരോഗ്യമേഖലയിലും കാര്യമായ മാറ്റങ്ങൾക്ക് നിർദ്ദേശമുണ്ട്. മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ നവീകരണത്തിനു മാന്ദ്യവിരുദ്ധ പാക്കേജിൽനിന്ന് 1000 കോടി രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുന്ന ഏജൻസികൾതന്നെ അവ പരിപാലിക്കുകയും വേണം. കാത്ത് ലാബുകൾ, ഡയാലിസിസ് യൂണിറ്റുകൾ എന്നിവ ആരംഭിക്കും. മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ, തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രി എന്നിവിടങ്ങളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കും.

കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക വിപുലീകരണ പദ്ധതിയിലേക്കു 100 കോടി രൂപ. ന്മ തലശ്ശേരിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരംഭിക്കുന്നതിന് 50 കോടി രൂപ. തിരുവനന്തപുരം മെഡിക്കൽ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയർത്തും.താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ മാനദണ്ഡങ്ങൾ അനുസരിച്ചു തസ്തികകൾ അനുവദിക്കും.ആയുർവേദ ഗവേഷണ ലാബിനു വിശദ പദ്ധതിരേഖ തയാറാക്കും.റീജനൽ കാൻസർ സെന്ററിന് 59 കോടി രൂപയും മലബാർ കാൻസർ സെന്ററിന് 29 കോടി രൂപയും. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സ്ഥാപനങ്ങൾക്കു ധനസഹായം 15ൽ നിന്ന് 25 കോടിയാക്കി. ഈ പദ്ധതികളൊക്കെ ആരോഗ്യമേഖലയ്ക്ക് ഏറെ സഹായകമായവയാണ്.

പഞ്ചായത്ത് അംഗങ്ങൾക്ക് അലവൻസ്

തദ്ദേശസ്ഥാപനങ്ങൾക്ക് 5000 കോടി രൂപയുടെ ബജറ്റ് വിഹിതം ഐസക്ക് പ്രഖ്യാപിച്ച് ഏറെ ആശ്വാസത്തോടെയാണ് പലരും കാണുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലിലൂടെ വികസനം സാധ്യമാക്കാനായി ജനകീയാസൂത്രണപ്രസ്ഥാനം വീണ്ടും തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനകീയാസൂത്രണ സെല്ലിനും ആദ്യഘട്ട പ്രവർത്തനങ്ങൾക്കുമായി 10 കോടി രൂപ വകയിരുത്തി.

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും അലവൻസ് ഇരട്ടിയാക്കി. ഇതേക്കുറിച്ച് മുൻ സർക്കാർ പറഞ്ഞു പറ്റിക്കുന്ന നിലപാടായിരുന്നു. ഈ മാസം മുതൽ പ്രാബല്യമുണ്ടാകും. കെട്ടിടനികുതി നിശ്ചയിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകും. ഇതിനു പ്രത്യേകപരിധി സർക്കാർ നിശ്ചയിക്കും. പുതിയ നഗരസഭകൾ, ബ്ലോക്കുകൾ എന്നിവയ്ക്ക് കെട്ടിടനിർമ്മാണത്തിന് 100 കോടി രൂപ. കിലയ്ക്ക് 50 ലക്ഷം രൂപ. തിരുവനന്തപുരം, കൊച്ചി വികസനത്തിന് പ്രത്യേക പരിഗണന. ആറ്റുകാൽ മാസ്റ്റർ പ്ലാനിന് 100 കോടി രൂപ. ഇതേ മാതൃകയിൽ പത്മനാഭസ്വാമി ക്ഷേത്രവികസനത്തിനും മാസ്റ്റർപ്ലാൻ തയാറാക്കും.

നടക്കാവ് മാതൃകയിൽ ആയിരം അന്താരാഷ്ട്ര സ്‌കൂളുകൾ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരമുയർത്താനുള്ള പദ്ധതിയും തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും ഒരു സ്‌കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി. ആയിരം സ്‌കൂളുകളാണ് ഇത്തരത്തിൽ അഞ്ച് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഉദ്ദേശിക്കുന്നത്. ഇതിനായി നടക്കാവ് മാതൃക സംസ്ഥാനത്താകെ വ്യാപിപ്പിക്കും. 1000 കോടി രൂപയാണ് ബജറ്റിൽ ഇതിനായി വകയിരുത്തിയത്.

പൊതുവിദ്യാഭ്യാസവും പൊതുആരോഗ്യവും ഉറപ്പുവരുത്താനുള്ള ശ്രമം സർക്കാർ ഏറ്റെടുക്കും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലപാരം ഉയർത്താൻ സമ്പൂർണ വാണിജ്യ വത്കരണമാണ് യുഡിഎഫ് സർക്കാർ കണ്ട മാർഗം. ആ നയം എൽഡിഎഫ് സർക്കാർ പാടെ തള്ളിക്കളയുന്നു. അൺ എയ്ഡഡ് സ്‌കൂളുകളേക്ക് പഠന സൗകര്യം പൊതുവിദ്യാലയങ്ങളിൽ ഉയർത്തും. എല്ലാ മണ്ഡലത്തിലും ഒരു സർക്കാർ സ്‌കുൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തും. ഇതിനായി 1,000 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജിൽ പ്രഖ്യാപിക്കുന്നു. ഈ വർഷം 250 കോടി രൂപ ഇതിന് ചെലവ് പ്രതീക്ഷിക്കുന്നു. അനുബന്ധ സൗകര്യവികസനത്തിന് പിടിഎ, എംഎൽഎ, എംപി ഫണ്ട്, മറ്റ് മാർഗങ്ങൾ എന്നിവ സമാഹരിക്കുന്നതിനുള്ള മാർഗം തേടും.

അദ്ധ്യാപകരുടെ നിലപാരം ഉയർത്തുന്നതിന് പ്രത്യേക പദ്ധതിനടപ്പാക്കും. സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്തുന്നതിന് നടക്കാവ് സ്‌കൂളിൽ ചെയ്തതുപോലെ സർക്കാരുമായി സഹകരിക്കാൻ ചില ഫൗണ്ടേഷനുകൾ മുന്നോട്ടുവന്നിട്ടുണ്ട്. അവരുമായി ചേർന്നുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ വഴിയായിരിക്കും പദ്ധതി നടപ്പാക്കുക. കെട്ടിട നിർമ്മാണ ചെലവ് സർക്കാർ വഹിക്കും. പാഠ്യ-പാഠ്യാനുബന്ധ ചെലവുകൾ ദാനസംരഭകരും പ്രദേശത്തുള്ളവരും വഹിക്കും. പ്രകടനപത്രികയിൽ പറഞ്ഞതുപോലെ അന്തർദേശീയ നിലവാരമുള്ള 1000 സ്‌കൂളുകൾ അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് സ്ഥാപിക്കും. 12ാം ക്ലാസ് വരെ ഹെടെക് ആക്കും. എയ്ഡഡ് സ്‌കൂളുകളെയും ഇതിൽ പരിഗണിക്കും. സ്‌കൂളുകളെ ഹൈടെക് ആക്കുന്നതിന് 500 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

അനാദായകരമെന്ന് കണ്ട് മാനേജർമാർ പൂട്ടാൻ തീരുാനിച്ച സ്‌കൂളുകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണത്തിന് ഊന്നൽ നല്കുന്ന പ്രഖ്യാപനം ബജറ്റിലുണ്ടായത്. എ പ്രദീപ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടക്കാവ് സ്‌കുളിൽ നടപ്പാക്കി വിജയിപ്പ് പദ്ധതിയാണ് തോമസ് ഐസകും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ഇതിന് മാതൃകയായി സ്വീകരിച്ചത്.