തിരുവനന്തപുരം: കുടിയന്മാർക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ? സാൾട്ട് ആൻഡ് പെപ്പർ സിനിമയിലെ ബാബുരാജിന്റെ ഈ ഡയലോഗ് മദ്യപിക്കുന്നവരെ സംബന്ധിച്ചിട്ടതോളം അവരുടെ മാനിഫെസ്റ്റോയിലെ വാക്കാണ്. മറ്റൊന്നും കൊണ്ടല്ല, നാട്ടിൽ എന്തു പ്രശ്‌നമുണ്ടായാലും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക പാവപ്പെട്ട കുടിയന്മാരാണ് എന്നതു തന്നെയാണ്..! എന്തു ദുരന്തം ഉണ്ടായാലും സർക്കാറിന്റെ ഖജനാവിൽ ചിലവഴിക്കാൻ ആവശ്യമായ പണം ഉണ്ടാക്കില്ല, പിന്നെ എന്താണ് മാർഗ്ഗമെന്ന് അതത് ധനമന്ത്രിമാർ ആലോചിക്കുമ്പോൾ കുടിയന്മാർക്ക് പണി കിട്ടും.

എല്ലാ ബജറ്റിലും കൃത്യമായി പ്രഖ്യാപിക്കുന്ന ഒന്നാണ് മദ്യത്തിന്റെ വില വർദ്ധിപ്പിക്കും എന്നത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസത്തിന് നല്ല ചിലവുണ്ടെന്നിരിക്കെ ഇത്തവണയും ധനമന്ത്രി തോമസ് ഐസക് എളുപ്പത്തിൽ കണ്ട മാർഗ്ഗവും മറ്റൊന്നല്ല. മദ്യപരുടെ പോക്കറ്റിൽ കൈയിട്ടു വാരുക എന്നതു തന്നെയാണ്. ഇത്തവണയും മന്ത്രി പതിവു തെറ്റിച്ചില്ല. മദ്യത്തിന്റെ വില കൂട്ടി. നികുതി വർദ്ധിപ്പിച്ചു കൊണ്ടാണ് ഇത്തവണ നിരക്കു കൂട്ടിയത്.

മദ്യത്തിന്റെ വില വർദ്ധിപ്പിച്ചെന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ മദ്യപന്മാരുടെ നിലവിളികൾ ഉയർന്നു. പതിവു ഡയലോഗു തന്നെ..! കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ? ഓരോ ബജറ്റിലും മദ്യത്തിന്റെ വില കൂട്ടുന്നത് പിടിച്ചുപറിയാണെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. മറ്റുചിലരാകട്ടെ മദ്യം വർജ്ജിക്കണമെന്നും വില കുറയ്ക്കാൻ സമരം ചെയ്യണമെന്നുമാണ് അഭിപ്രായപ്പെട്ടത്. മറ്റു ചിലർ പറഞ്ഞതാകട്ടെ അഞ്ച് ലിറ്ററിന്റെ കുക്കർ വീട്ടിൽ തന്നെ വാങ്ങിവെച്ചോ എന്നാണ്. അതായത് മദ്യപിക്കാൻ വേണ്ടി വാറ്റേണ്ടി വരുമെന്ന് ചുരുക്കം.

മദ്യത്തിന്റെ വില കൂടിയാൽ എളുപ്പത്തിൽ ലഹരിക്ക് ഇടയാക്കുന്ന കഞ്ചാവ് അടക്കമുള്ള മാർഗ്ഗങ്ങളിലേക്ക് ആളുകൾ പോകുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. ബാറുകൾ പൂട്ടിയ വേളയിൽ പലരും ബീവറേജസ് കോർപ്പറേഷനിൽ ക്യൂനിന്ന് മദ്യം വാങ്ങി വീട്ടിൽ പോയാണ് മദ്യപിക്കാൻ തുടങ്ങിയത്. എന്നാൽ, വീട്ടിലിരുന്ന മദ്യപിച്ചാൽ പോലും എക്‌സൈസ് പൊക്കുന്ന അവസ്ഥ ഒരു വശത്ത്. നാണം കെട്ട് ക്യൂ നിന്ന് മദ്യം കൊണ്ടുവരുമ്പോഴും സമൂഹത്തിൽ മാന്യത ലഭിക്കുന്നില്ലെന്നതാണ് സോഷ്യൽ മീഡിയയിലെ മറ്റൊരു പരാതി.

സമൂഹത്തിൽ കടുത്ത അവഹേളനം നേരിടുമ്പോഴും സർക്കാറിന് ശമ്പളം നൽകാൻ കുടിയന്മാരുടെ പോക്കറ്റിൽ കൈയിട്ടു വാരണമല്ലേ എന്ന അഹങ്കാരം പറയാനും ചിലർ തയ്യാറാണ്. എന്തായാലും പതിവു പോലെ ബജറ്റിന്റെ ആഘാതം കുടിയന്മാരിലാണ് ഏൽപ്പിച്ചിരിക്കുന്നതെന്നതിനാൽ സോഷ്യൽ മീഡിയക്ക് പരാതികൾ ഏറെയാണ്.

400 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 200 ശതമാനം നികുതിയാണ് സർക്കാർ ബജറ്റിൽ വർദ്ധിപ്പിച്ചത്. നാനൂറിന് മുകളിൽ വിലയുള്ള മദ്യത്തിന് 210 ശതമാനവും നികുതി ഏർപ്പെടുത്തി. ബിയറിന്റെ വിലയും വർദ്ധിപ്പിക്കുകയുണ്ടായി. ബിയറിന്റെ വിൽപ്പന നികുതി നൂറ് ശതമാനമാണ് വർദ്ധിപ്പിച്ചത്. എന്തായാലും മദ്യപാനികളോട് ഇങ്ങനെയൊന്നും ചെയ്യരുതെന്നാണ് സോഷ്യൽ മീഡിയ പരാതിപ്പെടുന്നത്.