തിരുവനന്തപുരം: നോട്ടുപ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബജറ്റ് മാറ്റിവച്ചു. നോട്ടു പ്രതിസന്ധിയും കേന്ദ്രബജറ്റും വിലയിരുത്തിയ ശേഷം സംസ്ഥാനത്തിന് ലഭ്യമാകുന്ന വിഹിതത്തിന്റെ വ്യക്തമായ ചിത്രം ലഭിച്ച ശേഷമേ ബജറ്റ് അവതരണം നടത്തൂ എന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുകയെന്ന് തോമസ് ഐസക്ക് അറിയിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ട് അസാധുവാക്കൽ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായാണ് സംസ്ഥാനത്തെ ബാധിച്ചിരിക്കുന്നത്. ഇത് പരിഹരിക്കപ്പെടാൻ എത്രസമയം വേണ്ടിവരുമെന്നതിൽ കേന്ദ്രസർക്കാരിന് പോലും ഒരു തിട്ടവുമില്ലാത്ത സ്ഥിതിയാണ്.

അതിനാൽ ഇപ്പോഴത്തെ പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയശേഷമേ സംസ്ഥാന ബജറ്റ് ഉണ്ടാകുകയുള്ളൂ. ഇക്കൊല്ലം ബജറ്റ് നേരത്തേയാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ജനുവരിയിലായിരുന്നു ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്. ഇതാണ് മാറിയ സാഹചര്യങ്ങളെ തുടർന്ന് മാറ്റിവച്ചിരിക്കുന്നത്.

കറൻസി നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ശമ്പള വിതരണ ആവശ്യത്തിനായി റിസർവ് ബാങ്കിനോട് കൂടുതൽ കറൻസി ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമാകില്ലെന്ന അറിയിപ്പാണ് ലഭിച്ചിട്ടുള്ളത്. അതേസമയം, ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പണം അക്കൗണ്ടുകളിലേക്കു നൽകും. ബാങ്കിൽനിന്നു പണം നോട്ടുകളായി പിൻവലിക്കാൻ കഴിയുമോ എന്ന് അറിയില്ല.

നോട്ട് ലഭ്യമാക്കേണ്ടതു കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ കേരളത്തിന് ആവശ്യമുള്ളത് 1,391 കോടി രൂപയാണ്. ഇതിൽ, 600 കോടി രൂപയേ ഉറപ്പ് നൽകാനാകൂവെന്നാണ് ആർബിഐ സംസ്ഥാനത്തെ അറിയിച്ചത്. മൂന്നാം തീയതി മുതൽ 13-ാം തീയതി വരെയാണ് കേരളത്തിലെ ശമ്പള, പെൻഷൻ വിതരണം നടക്കുന്നത്.

നോട്ടുപ്രതിസന്ധി കേരളത്തെ ഏറ്റവും ദോഷകരമായി ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായി മാറുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അഡീഷണൽ ചീഫ്‌സെക്രട്ടറി കെഎം എബ്രഹാം ഇതുസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി. ഇക്കാര്യം പരിഹരിക്കാൻ എന്തെല്ലാം നടപടികൾ കൈക്കൊള്ളാനാകുമെന്ന കാര്യത്തിൽ റിസർവ് ബാങ്ക് അധികൃതരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. എന്നാൽ ആവശ്യത്തിന് കറൻസി എത്തിക്കുന്ന കാര്യത്തിൽ ഇപ്പോഴും പരിമിതിയുണ്ടെന്ന നിലപാടാണ് റിസർവ് ബാങ്ക് സ്വീകരിക്കുന്നത്.