ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലമായതിനാൽ കേരളത്തിന് കോളടിച്ചു. കേന്ദ്ര ബജറ്റിന്റെ തുടക്കത്തിൽ തന്നെ കേരളത്തിന് വാരിക്കോരി നൽകി ധനമന്ത്രി നിർമ്മലാ സീതാരാമൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിനും തമിഴ്‌നാടിലും ബംഗാളിനുമാണ് റോഡ് വികസനത്തിൽ മുന്തിയ പരിഗണന. കൊച്ചി മെട്രോയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി രൂപ അനുവദിച്ചു. കൊല്ലം മധുരാ പാതയും പ്രഖ്യാപനത്തിലുണ്ട്. മുംബൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് പാതയും വരും. ഇത് കേരളത്തിലൂടെയാണോ എന്ന് വ്യക്തമല്ല. കേരളം വഴി അല്ലെങ്കിലും ഇതിന്റെ ഫലവും കേരളത്തിന് കിട്ടും. തിരുവനന്തപുരത്തേക്ക് കന്യാകുമാരിയിൽ നിന്ന് നൂറ് കിലോമീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂ. ഇതിനൊപ്പമാണ് കൊച്ചി മെട്രോയ്ക്കായുള്ള പ്രഖ്യാപനം. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63246 കോടിയും അനുവദിച്ചു. ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി. നാഗ്പൂർ മെട്രോയ്ക്ക് 5900 കോടിയും വകയിരുത്തി. പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ വകയിരുത്തി. മുംബൈ-കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് 600 കോടിയാണ് മാറ്റി വച്ചിട്ടുള്ളത്. മധുര-കൊല്ലം പാതയ്ക്ക് ഉൾപ്പടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടിയാണ് ബജറ്റിലുള്ളത്.

ദക്ഷിണേന്ത്യയ്ക്ക് കേന്ദ്രം നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആരോഗ്യ മേഖലയിൽ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. അതും കേരളത്തിന് കിട്ടിയേക്കും. പിഎൽഐ സ്‌കീമിന് 1.97 ലക്ഷം കോടിയും ജൽജീവൻ മിഷന് 2.87 ലക്ഷം കോടിയും മാറ്റി വച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് ഊന്നൽ. 64180 കോടിയുടെ പ്രത്യേക പാക്കെജാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.

ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണിത്' പൂർണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്. ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് വിശേഷിപ്പിച്ച ധനമന്ത്രി നിർമ്മല സീതാരാമൻലോക്ക് ഡൗൺ കാലത്തെ കേന്ദ്ര സർക്കാർ നടപടികൾ രാജ്യത്തെ പിടിച്ചു നിർത്തിയതായി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായമായതായും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആത്മ നിർഭർ ഭാരത് സഹായിച്ചെന്നും ധനമന്ത്രി പറഞ്ഞു.

മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത് ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചു. 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജാണ് പ്രഖ്യാപിച്ചത്. ഈ പാക്കേജുകൾ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചു .സർക്കാർ നടപടികൾ കർഷകർക്കും സഹായമായി. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ആത്മ നിർഭർ ഭാരത് പാക്കേജ് സഹായിച്ചു.